ഭൂമി കൈയ്യേറ്റം തടയാന്‍ സാധിച്ചു, കൈയ്യേറ്റ ഭൂമി തിരിച്ചു പിടിക്കുന്നു

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം വ്യാപകമായി നടന്നിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തന്നെ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം തടയുന്നതിനും, മുന്‍ സര്‍ക്കാരിന്റെ കാലത്ത് കൈയ്യേറിയവ തിരികെ പിടിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചു.

സര്‍ക്കാര്‍ ഭൂമി പാട്ട വ്യവസ്ഥയില്‍ കൈവശം വെച്ചിട്ടുള്ളവര്‍ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ഭൂമി ദുരപയോഗം ചെയ്യുന്നതും അന്യാധീനപ്പെടുത്തുന്നതും പരിശോധിച്ച്, ആവശ്യമെങ്കില്‍ സര്‍ക്കാരിലേയ്ക്ക് തിരിച്ചെടുക്കുന്നതിലേക്കായി റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റെവന്യൂ കമ്മീഷ്ണര്‍, ജോയിന്‍റ് കമ്മീഷ്ണര്‍ എന്നിവരുള്‍പ്പെടുന്ന ഉന്നതതല സംസ്ഥാന സമിതി ജി.ഒ (എം.എസ്) നമ്പര്‍ 55/2017/ആര്‍.ഡി തീയതി 16.02.2017 പ്രകാരം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

അനധികൃത കൈയ്യേറ്റങ്ങള്‍ തടയുന്നതിന് ജില്ലകളില്‍ ഡെപ്യൂട്ടി കളക്റ്റര്‍ (ലാന്‍ഡ് റെവന്യൂ) ന്റെ നേതൃത്വത്തില്‍ തഹസില്‍ദാര്‍മാര്‍ ഉള്‍പ്പെടുന്ന ജില്ലാ-താലൂക്ക് സ്ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം തടയുന്നതിനും സാധാരണക്കാരുടെ ഭൂമി മാഫിയകള്‍ സംഘടിതമായി ഒഴിപ്പിക്കുന്നതും കൈയ്യേറുന്നതും തടയാനുള്ള ലാന്‍ഡ് ഗ്രാബിങ് (പ്രൊഹിബിഷന്‍) ആക്റ്റിന്റെ കരട് നിയമവകുപ്പില്‍ തയ്യാറായി വരുന്നു.

നെല്‍പ്പാടം നികത്തല്‍ നിയന്ത്രണം

വ്യാപകമായി നടന്നുവന്നിരുന്ന നിലംനികത്തല്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അനധികൃതമായി നികത്തിയ നിരവധി വയലുകള്‍ (ഇതുവരെ 37 ഏക്കര്‍) പൂര്‍വ്വസ്ഥിതിയിലാക്കി. അനധികൃത നിലം നികത്തല്‍ തടയാന്‍ ജില്ലാ താലൂക്ക് തലങ്ങളില്‍ സ്ക്വാഡുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. വയല്‍ നികത്തിയ മുന്നൂറിലധികം കേസ്സുകളില്‍ കര്‍ശനമായ നിയമ നടപടി സ്വീകരിച്ചു. പാര്‍ട്ടിയുടെയും മുന്നണിയുടെയും ജനങ്ങളുടെയും പിന്തുണയോടെ വയല്‍ നികത്തല്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആറന്മുള എയര്‍പോര്‍ടിന്റെ പേരില്‍ നികത്തപ്പെട്ട പുഴയിലെ മണ്ണ് നീക്കി പൂര്‍വ്വസ്ഥിതിയിലേയ്ക്ക് കൊണ്ടുവന്നു. വിമാനത്താവള പദ്ധതി പ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിച്ചു.

അനധികൃതമായ നിലം നികത്തല്‍ സാധൂകരിക്കാനുതകുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ നിയമ നിര്‍മ്മാണം (നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിലെ 3 എ വകുപ്പ്) ഭേദഗതിയിലൂടെ 2016 ഡിസംബറില്‍ എടുത്തുകളഞ്ഞുകൊണ്ട് നെല്‍വയല്‍ സംരക്ഷണം ഉറപ്പാക്കി. ഒപ്പം, സാധാരണക്കാര്‍ക്ക് വീട് വയ്ക്കാന്‍ തടസ്സമില്ലാതാക്കുന്നതിന് കളക്റ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 2008 ന് മുമ്പ് നികന്നു കിടന്നതും ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതുമായ ഭൂമിയില്‍ വീട് വയ്ക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നതിനായി മുന്‍കാല ഉത്തരവുകളിലെ അവ്യക്തത നീക്കികൊണ്ടും നടപടിക്രമങ്ങള്‍ ലഘൂകരിച്ചുകൊണ്ടും സര്‍ക്കുലര്‍ (13105/പി 1/2017/റെവന്യൂ. തീയതി 01.03.2017) പുറപ്പെടുവിച്ചിട്ടുണ്ട്.

നെല്‍വയല്‍ വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമ പ്രകാരം ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടന്നു വരുന്നു. നിലവില്‍ 565 പഞ്ചായത്തുകളില്‍ ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 226 പഞ്ചായത്തുകളില്‍ ഇവ പ്രസിദ്ധീകരിക്കുന്നതിനായി പ്രസ്സിന് കൈമാറിയിട്ടുണ്ട്. കൂടാതെ, 128 പഞ്ചായത്തുകളില്‍ ഡാറ്റാബാങ്ക് തയ്യാറാക്കല്‍ പൂര്‍ത്തിയായി വരുന്നു.

ഭൂമി വിതരണം

പാവപ്പെട്ടവര്‍ക്ക് ഭൂമി വിതരണം ചെയ്യാനുള്ള നടപടികളുടെ പ്രാരംഭമായി സംസ്ഥാനത്തെ മുഴുവന്‍ താലൂക്കുകളിലും ലാന്‍ഡ് ബോര്‍ഡുകള്‍ രൂപീകരിച്ചു. മിച്ചഭൂമി വിതരണം ചെയ്യുന്നതിനുള്ള പ്രത്യേക സര്‍വെ നടപടികള്‍ ഏര്‍പ്പെടുത്തി.
11 ജില്ലകളില്‍ ലാന്‍ഡ് അസൈന്‍മെന്‍റ് കമ്മറ്റികള്‍ക്ക് രൂപം നല്‍കി. മുഴുവന്‍ ജില്ലകളിലും റിവര്‍ മാനേജ്മെന്‍റ് കമ്മിറ്റികളും സംസ്ഥാന തലത്തില്‍ ഉന്നതതല സമിതിയും രൂപീകരിച്ച് ഉത്തരവ് നല്‍കി.

ദീര്‍ഘകാലമായി ലാന്‍ഡ് ട്രിബ്യൂണലുകളില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാനായി 29 സ്പെഷ്യല്‍ ട്രിബ്യൂണലുകള്‍ രൂപീകരിച്ചു. സമയബന്ധിതമായി എല്‍.ടി കേസ്സുകള്‍ പരിഹരിക്കാന്‍ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തി. ലാന്‍ഡ് ട്രിബ്യൂണലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ട്രിബ്യൂണല്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം.

അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം സമയബന്ധിതമായി പട്ടയവിതരണത്തിനുള്ള നടപടികള്‍ അരംഭിച്ചു. 01.01.1977 ന് മുമ്പ് വനഭൂമി കൈവശം ഉണ്ടായിരുന്നതും റെവന്യൂ വനം വകുപ്പുകളുടെ സംയുക്ത പരിശോധന കഴിഞ്ഞ് കേന്ദ്ര സര്‍ക്കാരിന്റെയും സുപ്രീം കോടതിയുടെയും അനുമതി ലഭിച്ചതുമായവര്‍ക്ക് ഭൂമി നല്‍കുന്നതിനും വനഭൂമിയ്ക്ക് പകരമായി ഭൂമി കണ്ടെത്തി നല്‍കുന്നതിനുമുള്ള നടപടികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയായി വരുന്നു. ഇടുക്കി ജില്ലയില്‍ ഇത്തരത്തില്‍ പതിനായിരത്തോളം കര്‍ഷകര്‍ക്ക് ഏപ്രില്‍ 30 ന് മുമ്പായി പട്ടയം നല്‍കും.

ഈ സര്‍ക്കാര്‍ നാളിതുവരെ സംസ്ഥാനത്ത് 9371 പട്ടയങ്ങള്‍ നല്‍കി. മെയ് മാസം 13, 21 തീയതികളിലായി കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ പതിനായിരത്തോളം പട്ടയങ്ങള്‍ കൂടി നല്‍കും.

റെവന്യൂ ഓഫീസുകള്‍, സേവനങ്ങള്‍

ജനകീയ പങ്കാളിത്തത്തോടെ വില്ലേജ് ഓഫീസുകള്‍ ജനസൗഹൃദ കാര്യാലയങ്ങളാക്കാന്‍ നടപടി.
ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം സമ്പൂര്‍ണ്ണമാക്കാന്‍ നടപടി.

റെവന്യൂ റിക്കവറി നടപടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍. 2 ലക്ഷം രൂപ വരെയുള്ള റെവന്യൂ റിക്കവറി നടപടികളിന്‍മേല്‍ സാവകാശം നല്‍കാനും തവണകളാക്കാനും ജില്ലാ കളക്റ്റര്‍മാര്‍ക്ക് അനുമതി.
ഭൂ രേഖകളുടെ ഡിജിറ്റൈസേഷന്‍ 1116 വില്ലേജുകളില്‍ പൂര്‍ത്തീകരിച്ചു. പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്ത സംയോജിത ഭൂ വിവര ശേഖരണ – നിര്‍വ്വഹണ സംവിധാനം പൈലറ്റ് പ്രോജക്റ്റായ മണക്കാട് വില്ലേജില്‍ ഒരു മാസത്തിനകം പൂര്‍ത്തീകരിക്കും.

റെവന്യൂ വകുപ്പില്‍ നിന്ന് എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനായി ലഭ്യമാകും. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉള്ള ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 3 വര്‍ഷമായും വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷമായും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആജീവനാന്തമായും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പിലാകും.

ഫെയര്‍ വാല്യു പരാതികളിന്‍മേല്‍ ന്യായവില പുനര്‍നിര്‍ണ്ണയത്തിനായി സ്പെഷ്യല്‍ ടീം.

റീ സര്‍വെ പുനരാരംഭിച്ചു
ദശാബ്ദങ്ങളായി എങ്ങുമെത്താതെയും കഴിഞ്ഞ നാല് വര്‍ഷങ്ങളായി മുടങ്ങിക്കിടന്നതുമായ റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ ആറ് മാസങ്ങള്‍ക്കകം പൂര്‍ത്തീകരിക്കാന്‍ നടപടി. മറ്റു ജില്ലകളിലെ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി. സ്പെഷ്യല്‍ ടീമുകളുടെ നേതൃത്വത്തില്‍ അത്യാധുനിക ഇ.ടി.എസ് – ജി.പിഎസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സമഗ്ര സര്‍വെയും ഭൂരേഖകളുടെ ഡിജിറ്റൈസേഷനും.

ഭൂമി സംബന്ധമായ നിയമങ്ങളെയും നടപടികളെയും കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ഭൂസാക്ഷരത ക്യാമ്പയിന്‍.

റീസര്‍വെ പൂര്‍ത്തിയായ സംസ്ഥാനത്തെ 884 വില്ലേജുകളില്‍ 551 വില്ലേജുകളിലെ ജനങ്ങള്‍ക്ക് തങ്ങളുടെ വസ്തുവിന്റെ സ്കെച്ച് സൗജന്യമായി സര്‍വെ വകുപ്പിന്റെ വെബ് പോര്‍ട്ടലില്‍ വീക്ഷിക്കുകയും ആവശ്യമെങ്കില്‍ ഓണ്‍ ലൈനായി ഫീസടച്ച് പ്രിന്‍റ് ഔട്ട് എടുക്കുകയും ചെയ്യാം.
വരള്‍ച്ച – ദുരന്ത നിവാരണം
കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലയളവിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് സംസ്ഥാനം ഇപ്പോള്‍ നേരിടുന്നത്. മഴയുടെ ലഭ്യതയിലുണ്ടായ കുറവും കാലാവസ്ഥയുടെ വ്യതിയാനവും മൂലമുണ്ടായ വരള്‍ച്ചാ ഭീഷണി നേരിടുന്നതിന് ഒക്ടോബര്‍ മാസത്തില്‍ തന്നെ നടപടികള്‍ ആരംഭിച്ചു. കിയോസ്കുകള്‍ വഴിയും ടാങ്കറുകള്‍ വഴിയും ശുദ്ധജല വിതരണ സംവിധാനം ഏര്‍പ്പെടുത്തി. ജലത്തിന്റെ ഉപയോഗം ക്രമപ്പെടുത്തുന്നതിനും ജലസ്രോതസുകളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനും എല്ലാ ജില്ലകളിലും ഓരോ മന്ത്രിമാരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ 4 എണ്ണം ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പാറമടകള്‍ ഉള്‍പ്പെടെയുളള ജലസ്രോതസുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ജലസംഭരണവും വിതരണവും ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചു. ടാങ്കറുകള്‍ മുഖേനയുള്ള ജലവിതരണം ജി.പിഎസ് മോണിറ്ററിംഗിലൂടെ സുതാര്യവും കാര്യക്ഷമവും അഴിമതിരഹിതവുമായി നടക്കുന്നു എന്ന് ഉറപ്പു വരുത്തി.

പ്രകൃതിക്ഷോഭവും മറ്റ് ദുരന്തങ്ങളും നേരിടുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം ആധുനികവല്‍ക്കരിക്കുകയും സുസജ്ജമാക്കുകയും ചെയ്തു.

അഴിമതിക്കെതിരെ കര്‍ശന നടപടി
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് റെവന്യൂ വകുപ്പില്‍ സ്വീകരിച്ചു വരുന്നത്. അഴിമതി സംബന്ധിച്ച പരാതികളിന്‍മേല്‍ ഇതുവരെ 54 ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും 130 പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയതിട്ടുണ്ട്. ജില്ലാ കളക്ട്രേറ്റുകളിലെ ഇന്‍സ്പെക്ഷന്‍ വിംഗിന് വിജിലന്‍സിന്റെ അധികാരം നല്‍കി സീനിയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ഷന്‍ ആന്‍റ് വിജിലന്‍സ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.

പുതിയ റെവന്യൂ ഡിവിഷനുകള്‍, താലൂക്കുകള്‍
റെവന്യൂ വകുപ്പ് 6 പുതിയ റെവന്യൂ ഡിവിഷനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന ബഡ്ജറ്റ് പ്രസംഗത്തില്‍ 3 ഡിവിഷനുകള്‍ മാത്രമാണ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് നടത്തിയ അഭ്യര്‍ത്ഥനയുടെ ഫലമായി 3 ഡിവിഷനുകള്‍ കൂടി പ്രഖ്യാപിക്കുകയുണ്ടായി. 6 റെവന്യൂ ഡിവിഷനുകള്‍ക്ക് പുറമെ 2 താലൂക്കുകള്‍ കൂടി പുതിയതായി രൂപീകരിക്കാന്‍ തീരുമാനിച്ചു.