കൊച്ചി: പ്രവാസികള്‍ക്കായി സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് റവന്യൂ – ഭവനനിര്‍മ്മാണ വകുപ്പു മന്ത്രി  ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ ഇടപ്പള്ളി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  ഭവനനിര്‍മ്മാണ ബോര്‍ഡ് ഏറ്റെടുത്ത് നടത്തുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് ഇപ്പോഴും വീടില്ല. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തിലെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് ഗണ്യമായ സംഭാവനകള്‍ നല്‍കുന്ന പല പ്രവാസികള്‍ക്കും സ്വന്തമായി വീട് ഇല്ലാത്ത അവസ്ഥയുണ്ട്. പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുമെന്ന് മന്ത്രി പറഞ്ഞു. ഹഡ്‌കോയുടെ വായ്പയെടുത്താണ് ഭവനനിര്‍മ്മാണ ബോര്‍ഡ് പൊതുജനങ്ങള്‍ക്ക് വീടു വയ്ക്കാന്‍ വായ്പ നല്‍കിയത്. പലരും വായ്പ തിരിച്ചടയ്ക്കാത്തതു മൂലം സ്ഥാപനം പ്രതിസന്ധി നേരിടുന്നുണ്ട്. കുടിശ്ശിക വരുത്തിയവര്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീ സുരക്ഷയും സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.  ഈ കാഴ്ചപ്പാടുമായി ബന്ധപ്പെട്ടാണ് ഭവനനിര്‍മ്മാണ ബോര്‍ഡ് സ്ത്രീകള്‍ക്കായി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ സജ്ജീകരിക്കുന്നത്. സ്ത്രീ തൊഴിലാളികള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവുന്നതില്‍ 10 ശതമാനം കുറവുണ്ടെന്നു അസോചം (ASSOCHAM)  നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. സുരക്ഷിതമായ ഇടങ്ങളില്‍ താമസസൗകര്യം ലഭിക്കാത്തതു മൂലം സ്ത്രീകള്‍ ജോലിക്കു പോകാതിരിക്കുന്നതാണ് ഇതിന് ഒരുകാരണം. ഇത്തരം സ്ഥിതിവിശേഷം ഒഴിവാക്കുന്നതിനാണ് ഭവന നിര്‍മ്മാണ ബോര്‍ഡ് സ്ത്രീകള്‍ക്കായി ഹോസ്റ്റല്‍ തുടങ്ങിയിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
 ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് അദ്ധ്യക്ഷനായിരുന്നു. വരുമാനം ലഭിക്കുന്ന, സാമൂഹ്യപ്രതിബദ്ധതയില്‍ ഊന്നിയുള്ള പുതിയ പദ്ധതികള്‍ ബോര്‍ഡിന്റെ കൈവശമുള്ള  ഭൂമിയില്‍ രൂപീകരിച്ച നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഒമ്പതാമത്തെയും ജില്ലയിലെ രണ്ടാമത്തെയും വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ആണ്  ഇടപ്പള്ളിയിലേത്.
28 സെന്റ് സ്ഥലത്ത് മൂന്നു നിലകളിലായി 1481 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണം വരുന്ന കെട്ടിടത്തില്‍ 98 വനിതകള്‍ക്ക് താമസിക്കാന്‍ സൗകര്യം ഉണ്ട്. ഭിന്നശേഷിക്കാര്‍ക്കായി താഴത്തെ നിലയില്‍ മൂന്നു കിടക്കകളുള്ള ഒരു മുറി സജ്ജീകരിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുള്ള അമ്മമാരായ ജീവനക്കാരുടെ സൗകര്യത്തിനായി ഡേ കെയര്‍ സൗകര്യവും ലഭ്യമാണ്. ദൂരെ നിന്നു വരുന്ന സ്ത്രീകള്‍ക്ക് താമസിക്കാനായി ഒരു ഗസ്റ്റ് റൂമും ഒരുക്കിയിട്ടുണ്ട്. പദ്ധതിക്ക് ഇതുവരെ ആകെ 305 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. മുന്‍ എംഎല്‍എ പി രാജു,  ഭവന നിര്‍മ്മാണബോര്‍ഡ് ഉദേ്യാഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.