* കെ.ആര്‍ നാരായണന്‍ സൊസൈറ്റിയില്‍ നിര്‍മ്മിച്ച 25 വീടുകളുടെ താക്കോല്‍ദാനം നടത്തി

ജില്ലയില്‍ ചെങ്ങറ പുനരധിവാസ കോളനിയില്‍ വീടുവച്ചുകഴിയുന്ന കുടുംബങ്ങള്‍ക്ക് എട്ട് സെന്റ് ഭൂമിയുടെ പട്ടയം അടുത്ത പട്ടയമേളയില്‍ വിതരണം ചെയ്യുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ചെങ്ങറ പുനരധിവാസ പദ്ധതിയില്‍ പെരിയ കെ.ആര്‍ നാരായണന്‍ സൊസൈറ്റയില്‍ നിര്‍മ്മിച്ച രണ്ടാംഘട്ട വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പുനരധിവാസ ഭൂമിയില്‍ ജീവിക്കുന്ന കുടുംബങ്ങളുടെ വൈദ്യുതി-കുടിവെളള പ്രശ്‌നങ്ങള്‍ക്കും താമസിയാതെ പരിഹാരം കാണും. നിലവില്‍ സംസ്ഥാനത്ത് രണ്ട് ലക്ഷം പേര്‍ ഭൂമിയില്ലാത്തവരായുണ്ട്. ഭൂമിയുണ്ടായിട്ടും വീടില്ലാത്ത മൂന്നു ലക്ഷം പേരുണ്ട്.എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.  തോട്ടമുടമകളുടെ കൈവശമുളള ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ പെട്ടെന്ന് തിരിച്ചു പിടിച്ചു ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതില്‍ പരിമിതിയുണ്ട്. ആ നിലയ്ക്ക് ഓരോരുത്തരും 25 സെന്റും, 50 സെന്റും ഭൂമി വേണമെന്ന് ആവശ്യപ്പെടുന്നത് ആശാസ്യമല്ല. എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുക എന്നലക്ഷ്യവുമായി നിലവിലെ  സാഹചര്യത്തില്‍ മൂന്നും അഞ്ചും പത്തു സെന്റും  ഭൂമി നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുന്‍കാലങ്ങളില്‍  പതിച്ചുകിട്ടിയ ഭൂമി കൈമാറ്റം ചെയ്ത് വീണ്ടും അപേക്ഷിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. ഇത്  ഭൂരഹിതകേരളം പദ്ധതിയെ തകിടം മറിക്കും. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഭൂമിയില്‍ ഉറച്ചുനിന്നുകൊണ്ട് അത് സംരക്ഷിച്ച ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയണം. പുനരധിവാസ കോളനിയിലെ ജനങ്ങളുടെ ന്യായമായ പരാതികള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണും- മന്ത്രി പറഞ്ഞു.

കെ.ആര്‍ നാരായണന്‍ സൊസൈറ്റയില്‍ രണ്ടാംഘട്ടമായി നിര്‍മ്മിച്ചു നല്‍കുന്ന 35 വീടുകളില്‍ ആദ്യത്തെ 25 വീടുകളുടെ താക്കോല്‍ദാനമാണ് നടന്നത്. മാര്‍ച്ച് 31 നകം ബാക്കി 10 വീടുകളുടെ നല്‍കും. ആദ്യഘട്ടത്തില്‍ 50 വീടുകള്‍ നല്‍കിയിരുന്നു. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ്  വീടുകളുടെ  നിര്‍മ്മാണ ചുമതല ഏറ്റെടുത്തത്.

സൊസൈറ്റിയിലെ തൊഴില്‍ശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ നിര്‍വഹിച്ചു. കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.  ജില്ലാ നിര്‍മ്മിതി കേന്ദ്ര അസി. എഞ്ചിനീയര്‍ എം പി കുഞ്ഞികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഡിഎം:എന്‍.ദേവിദാസ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത് പ്രസിഡന്റ്  ശാരദ എസ് നായര്‍,  ജില്ലാപഞ്ചായത് അംഗം വി പി പി മുസ്തഫ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം  ഉഷ ചന്ദ്രന്‍, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത് അംഗം സി ശശിധരന്‍, പട്ടികജാതി വികസന ഓഫീസര്‍ എം ജെ അരവിന്ദാക്ഷന്‍ ചെട്ടിയാര്‍, പെരിയ കെ.ആര്‍.നാരായണന്‍ സൊസൈറ്റി സെക്രട്ടറി തോമസ് ആന്റണി എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ സ്വാഗതവും ആര്‍ഡിഒ സി.ബിജു നന്ദിയും പറഞ്ഞു.