* എടയ്ക്കാട്ടുവയലില്‍ കെട്ടിടനിര്‍മാണ സാമഗ്രികളുടെ ന്യായവില വിപണനകേന്ദ്രം തുറന്നു

സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്റെ കീഴിലുള്ള കെട്ടിടനിര്‍മാണ സാമഗ്രികളുടെ ന്യായവില വിപണനകേന്ദ്രമായ കലവറയുടെ ഉദ്ഘാടനം എടക്കാട്ടുവയല്‍ വട്ടപ്പാറയില്‍ റവന്യു – ഭവനനിര്‍മ്മാണ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ഗുണനിലവാരമുള്ള കമ്പി, സിമന്റ് തുടങ്ങിയ കെട്ടിടനിര്‍മാണ സാമഗ്രികള്‍ ന്യായവിലയ്ക്ക് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പാര്‍പ്പിടം നിര്‍മിക്കുന്നതിനായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ന്യായവില വിപണനകേന്ദ്രത്തില്‍ നിന്ന് സാമഗ്രികള്‍ വിതരണം ചെയ്യുക. എടയ്്ക്കാട്ടുവയലില്‍ ലൈഫ് പദ്ധതി പ്രകാരം തെരഞ്ഞെടുത്ത 54 വീടുകളുടെ നിര്‍മാണത്തിനും കലവറയില്‍നിന്ന് കെട്ടിടനിര്‍മാണ സാമഗ്രികള്‍ ലഭിക്കും.

വിവിധ സന്ദര്‍ഭങ്ങളില്‍ തുക അനുവദിച്ചിട്ടും എടക്കാട്ടുവയല്‍ പഞ്ചായത്തില്‍ ഭവന നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ആറു വീടുകളുടെ സാഹചര്യവും മന്ത്രി പരിഗണിച്ചു. ഇതില്‍ രണ്ടു വീട്ടുടമസ്ഥര്‍ വിധവകള്‍ ആയതിനാലും പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം ഉള്ളതിനാലും രണ്ടു വീടുകളുടെ നിര്‍മ്മാണം നിര്‍മിതികേന്ദ്രം ഏറ്റെടുത്ത് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. മറ്റു വീടുകള്‍ നിര്‍മിക്കുന്നതിന് നിര്‍മിതി കേന്ദ്രത്തില്‍നിന്ന് കഴിയുന്ന സഹായവും നല്‍കും.

ഒരു ഭവനനിര്‍മാണത്തിന് അനുവദിച്ചിരിക്കുന്നത്് 4 ലക്ഷം രൂപയാണ്്. ഇതിനു പുറമെ, ന്യായവില വിപണന കേന്ദ്രത്തില്‍നിന്ന് കെട്ടിടനിര്‍മാണ സാധനസാമഗ്രികള്‍ നല്‍കുന്നത് മൂലവും തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് 90 ദിനങ്ങള്‍ വീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നത് മൂലവും ഏകദേശം ഒന്നേകാല്‍ ലക്ഷത്തോളം രൂപയുടെ മൂല്യമാണ് ഉടമസ്ഥര്‍ക്ക് ലഭിക്കുന്നത്. നിശ്ചിത പരിധിക്കുളളില്‍ നിന്ന്്് ഭവന നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഈ നീക്കങ്ങള്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഭവനനിര്‍മാണപദ്ധതികളുടെ ആദ്യഘട്ടമായി 75,000 വീടുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന്് മന്ത്രി പറഞ്ഞു. കേരളത്തില്‍ ആകെ അഞ്ച് ലക്ഷം പേരാണ് ഭവനരഹിതര്‍. ഇവര്‍ക്ക് എല്ലാവര്‍ക്കും വീട് നല്കാന്‍ സര്‍ക്കാര്‍ നടപടി സ്വികരിക്കുന്നുണ്ട്.

അനൂപ് ജേക്കബ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.് ന്യായവില വിപണനകേന്ദ്രമായ കലവറയില്‍ നിന്ന് 15 ശതമാനത്തോളം വിലക്കുറവില്‍ നിര്‍മ്മാണസാമഗ്രികള്‍ ലഭിക്കുന്നത് പൊതുജനങ്ങള്‍ക്ക് ആശ്വാസമാകുന്ന പദ്ധതിയാണെന്ന് അനൂപ് ജേക്കബ് എംഎല്‍എ പറഞ്ഞു. ലൈഫ് പദ്ധതിയുടെ മാനദണ്ഡങ്ങള്‍ ലഘൂകരിച്ച് കൂടുതല്‍ പേരിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന നിര്‍മിതി കേന്ദ്രം ഡയറക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ള സന്നിഹിതയായിരുന്നു.  സംസ്്ഥാനത്തുള്ള 14  നിര്‍മിതി കലവറകള്‍ വഴി ഗുണനിലവാരമുള്ള കമ്പി, സിമന്റ് തുടങ്ങിയവ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ന്യായവിലയ്ക്ക് പാര്‍പ്പിട നിര്‍മാണത്തിന് നല്‍കുന്നുവെന്ന് ഡോ. അദീല അബ്ദുളള പറഞ്ഞു. നിര്‍മിതി കേന്ദ്രം ആര്‍ക്കിടെക്ട്  ടി ആര്‍ ശാലിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൈപ്പട്ടൂര്‍ സ്വദേശി കെ റ്റി രാജേഷിന് 50 ബാഗ് സിമന്റ് കൈമാറിക്കൊണ്ട്  നിര്‍മാണസാമഗ്രികളുടെ ആദ്യവില്പന മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമന്‍ നിര്‍വഹിച്ചു.
എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി പീറ്റര്‍, , ജില്ലാപഞ്ചായത്ത് മെമ്പര്‍ എ പി സുഭാഷ്, തദ്ദേശസ്വയംഭരണവകുപ്പിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റേഷന്‍ കാര്‍ഡും പഞ്ചായത്ത് അംഗീകരിച്ച ഭവനനിര്‍മാണ പ്ലാനും  ഉള്‍പ്പെടെ അപേക്ഷിക്കുന്ന ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 500 കിലോ കമ്പി, 50 കിലോഗ്രാം സിമന്റ് തുടങ്ങിയ നിര്‍മ്മാണ സാമഗ്രികള്‍ ന്യായവിലയ്ക്ക് കലവറയില്‍ നിന്നും ലഭിക്കും. നിര്‍മിക്കുന്ന വീട്്് 750 സ്‌ക്വയര്‍ ഫീറ്റില്‍ താഴെയായിരിക്കണം. എറണാകുളം ജില്ലയിലെ രണ്ടാമത്തെ ന്യായവില വിപണന കേന്ദ്രമാണ് എടയ്ക്കാട്ടുവയലിലേത്