നിയമാനുസൃതമായി നല്‍കാവുന്ന മുഴുവന്‍ പട്ടയങ്ങളും അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാറിന്‍റെ  ലക്ഷ്യമെന്നും അതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്നതെന്നും റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.  ഇക്കാര്യത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഒരു മനസ്സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും പട്ടയവിതരണം നടത്താനാണ് ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാനത്ത് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റ് 20 മാസത്തിനുളളില്‍ അറുപത്തിരണ്ടായിരത്തോളം പേര്‍ക്ക് പട്ടയം നല്‍കാനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായും നാല്‍പത്തി അയ്യായിരം പട്ടയങ്ങള്‍ വിതരണം ചെയ്തായും മന്ത്രി അറിയിച്ചു.  വില്ലേജ്, താലൂക്ക് ഓഫീസുകളുടെ ശോച്യവസ്ഥയും പ്രശ്‌നങ്ങളും പരിഹരിക്കും. ജില്ലയില്‍ മാത്രം വില്ലേജ് ഓഫീസുകളുടെ നവീകരണത്തിന് ഒരു കോടി 72 ലക്ഷം രൂപ അനുവദിച്ചു. സൗകര്യങ്ങളില്ലാത്ത വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റും. പട്ടയവിതരണം സംബന്ധിച്ച് ചില മാധ്യമങ്ങള്‍ വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ നല്‍കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ 11109 പട്ടയങ്ങളാണ് നല്‍കിയത് എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഇരുപത് മാസത്തിനുളളില്‍ ജില്ലയില്‍ 16868 പട്ടയങ്ങള്‍ നല്‍കി കഴിഞ്ഞു. 6182 ഓളം പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്ത്. വസ്തുകള്‍ക്ക് നിരക്കാത്ത വാര്‍ത്തകള്‍ക്കെതിരെ രേഖകള്‍ സംസാരിക്കുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മേയര്‍ അജിത ജയരാജന്‍, കെ യു അരുണന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, എ ഡി എം സി.വി.സജന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.  ജില്ലാ കളക്ടര്‍ ഡോ. ഏ കൗശിഗന്‍ സ്വാഗതവും സബ് കളക്ടര്‍ ഡോ. രേണു രാജ് നന്ദിയും പറഞ്ഞു.