* സേനയുടെ രണ്ട് സംഘത്തെക്കൂടി വിളിച്ചു

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 113.19 കോടി രൂപ അനുവദിച്ചതായി റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു.  സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നുള്ള ഈ തുക അടിയന്തരമായി വിതരണം ചെയ്യാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കിയതായും മന്ത്രി വ്യക്തമാക്കി.  അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് സംഘത്തെകൂടി കേരളത്തിലേക്ക് അയക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ നശിച്ചവര്‍ക്ക് നല്കുന്ന ധനസഹായം നാലു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു.  പ്രളയത്തില്‍പ്പെട്ട് വീടു നിന്ന ഭൂമി ഒഴുകി പോകുകയും സംസ്ഥാനത്ത് സ്വന്തമായി വേറെ ഭൂമി ഇല്ലാതിരിക്കുകയോ ഉള്ളസ്ഥലം വീടുവയ്ക്കാന്‍ യോഗ്യമല്ലെങ്കിലോ വേറെ സ്ഥലം വാങ്ങുന്നതിനായി പ്രമാണത്തില്‍ ഉള്ള തുക (പരമാവധി ആറ് ലക്ഷം രൂപ) അനുവദിക്കും.  ദുരന്ത ബാധിതരുടെ വീട് തകര്‍ന്നാല്‍ അതേ സ്ഥലത്ത് വീട് പുനര്‍ നിര്‍മ്മിക്കാന്‍ തദ്ദേശ സ്ഥാപനം ഒരു ദിവസത്തിനുള്ളില്‍ അനുമതി നല്കാനും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമെടുത്തതായും മന്ത്രി വിശദീകരിച്ചു.

ഈ മഴക്കെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും 1000 രൂപ വീതം ഒറ്റത്തവണയായി നല്കും.  ജൂലൈ 17 ന് വൈകിട്ട് ആറ് മണി വരെ ക്യാമ്പില്‍ ഉണ്ടായിരുന്നവര്‍ക്കും ക്യാമ്പിലെത്തി തിരികെപ്പോയ കുടുംബങ്ങള്‍ക്കും ഈ സഹായധനം ലഭിക്കും. ദുരിതാശ്വാസത്തിന് ജില്ലകള്‍ക്ക് അനുവദിച്ച തുക (കോടി രൂപയില്‍) തിരുവനന്തപുരം – 9.91, കൊല്ലം – 5.06, പത്തനംതിട്ട – 4.06, ആലപ്പുഴ – 10.31, കോട്ടയം – 13.77, ഇടുക്കി – 3.25, എറണാകുളം – 5.59, തൃശ്ശൂര്‍ – 2.96, പാലക്കാട് – 9.57, മലപ്പുറം – 26.37, കോഴിക്കോട് – 5.88, വയനാട് – 3.18, കണ്ണൂര്‍ – 7.75, കാസര്‍ഗോഡ് – 5.86

ഈ വര്‍ഷം മേയ് മുതല്‍ ജൂലൈ വരെ മഴക്കെടുതിയില്‍പ്പെട്ട് സംസ്ഥാനത്ത് 90 പേര്‍ മരണപ്പെട്ടു.  339 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു.  8769 വീടുകള്‍ക്ക് കേടുപാടുണ്ടായി.  8802 ഹെക്ടര്‍ സ്ഥലത്ത് കൃഷി നശിച്ചു.  ഇതുവരെ 87,590 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ പരിചരിച്ചു.  കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് 229 ക്യാമ്പുകള്‍ തുറന്നു. 27721 പേരാണ് ഇപ്പോള്‍ വിവിധ ക്യാമ്പുകളിലുള്ളത്.

ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് ടീമുകള്‍ കോട്ടയത്തും ആലപ്പുഴയിലുമായി ഇപ്പോഴും സേവന നിരതരാണ്.  സേനയുടെ ദക്ഷിണകേന്ദ്രം മേധാവി ഇന്ന് കേരളത്തില്‍ എത്തുന്നുണ്ട്.  സേനയുടെ നാല് സംഘം ഏത് സമയത്തും സേവനത്തിന് സജ്ജമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ജൂലൈ 19 മുതല്‍ 22 വരെ ശക്തമോ അതിശക്തമോ ആയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിച്ച് ദുരന്തങ്ങള്‍ കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടികളോട് സഹകരിക്കണമെന്നും റവന്യു മന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി നേരിടുന്നതിന് വളരെ നേരത്തേ  പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.  കെടുതി കുറയ്ക്കാനും ദുരിതമകറ്റാനുമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച 45 ഇന നിര്‍ദ്ദേശങ്ങളുമായി സദാ  സേവന രംഗത്തുള്ള ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അഭിനന്ദിച്ചു.  മനുഷ്യസാധ്യമായ എല്ലാ കരുതലുകളും സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും സമയോചിതമായ ഇടപെടല്‍ കാരണം ദുരന്തത്തിന്റെ തോത് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.