ജില്ലയില്‍ പ്രളയക്കെടുതി മൂലം വലഞ്ഞ ജനങ്ങളുടെ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഓഗസ്റ്റ് 16 മുതല്‍ ഒരാഴ്ചക്കാലം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ റവന്യൂ വകുപ്പ് നടത്തിയത് മാതൃകാപരമായ ഇടപെടലുകള്‍. ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. പൊലീസ്, ആര്‍ടിഒ, സപ്ലൈ ഓഫീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി എകോപന സെല്‍ രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍, പുനരധിവാസം, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം, അവിടേക്കുള്ള സാധന സാമഗ്രികള്‍ എത്തിക്കല്‍, മരുന്നു വിതരണം, പ്രളയത്തെ തുടര്‍ന്നുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കെല്ലാം മികച്ച രീതിയില്‍ ഏകോപിപ്പിക്കാന്‍ റവന്യൂ വകുപ്പിനായി. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക താമസ സൗകര്യവും ഒരുക്കാനും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മറ്റ് വിലപ്പെട്ട രേഖകള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ അതു നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനും റവന്യു വകുപ്പിനായി. പ്രളയബാധിത പ്രദേശങ്ങളിലെ സ്കൂളുകള്‍, വീടുകള്‍ എന്നിവയുടെ ഫിറ്റ്നെസ് പരിശോധിക്കാനും വിദഗ്ധരെ ഏര്‍പ്പാടാക്കി. ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ ആവശ്യമായ വീടുകളില്‍ എന്‍ജിനീയറിങ്ങ്-പോളി വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ച് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

ഓഗസ്റ്റ് 15 മുതല്‍ ജില്ലയില്‍ വ്യാപകമായ തോതില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരുന്നു. ബണ്ടുകള്‍, ഡാമുകള്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ക്കും കളക്ടര്‍ ശുപാര്‍ശ ചെയ്തു. 16 മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന്  ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായി. അതിനെ നേരിടാനും രക്ഷാപ്രവര്‍ത്തനത്തിനുള്ള സജ്ജീകരണങ്ങളും റവന്യൂ വിഭാഗം ത്വരിതഗതിയില്‍ തയ്യാറാക്കി. എന്‍ഡിആര്‍എഫ്, ആര്‍മി തുടങ്ങിയവയുടെ സേവനം കൃത്യമായി ലഭ്യമാക്കാന്‍ ആവശ്യമുന്നയിക്കുകയും പ്രളയം ഏറെ ബാധിച്ച ചാലക്കുടി, മാള, കുണ്ടൂര്‍, കുഴൂര്‍, അന്നമനട, പൊയ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ഹെലികോപ്ടര്‍, മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍, ആര്‍മി, ഫയര്‍ഫോഴ്സ്, പോലീസ്, എന്‍.ഡി.ആര്‍.എഫ്, ഹാം റേഡിയോ സംവിധാനങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തി ദിവസങ്ങള്‍ക്കകം മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്താനും സാധിച്ചു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് നടത്തിയതിനാല്‍ ചാലക്കുടി, മാള, കുഴൂര്‍, കുണ്ടൂര്‍ ഭാഗങ്ങളില്‍ നിന്നും നിരവധി പേരെ രക്ഷപ്പെടുത്താനായി. വീടുകളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഹെലികോപ്ടറില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കാനും രക്ഷപ്പെടുത്തിയവരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കാനും പെട്ടെന്നു സാധിച്ചു. ഇവിടങ്ങളില്‍ പ്രത്യേക മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കി. ഓഗസറ്റ് 15 മുതല്‍ കളക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കിയ ദുരന്തനിവരാണ സെല്ലിന്‍റെ നേതൃത്വം തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഏ.സി. മൊയ്തീന്‍, കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് എന്നിവര്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി രക്ഷാപ്രവര്‍ത്തനം മികവുറ്റതാക്കാനും കഴിഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണ അതോറിറ്റി കണ്‍ട്രോള്‍ റൂം വിവരങ്ങള്‍ ശേഖരിക്കുകയും തത്സമയം രക്ഷാപ്രവര്‍ത്തന ചുമതല വഹിക്കുന്നവരെ അറിയിക്കുകയും ചെയ്തു. ഇതിനായി ഒന്‍പത് ഉദ്യോഗസ്ഥരെയാണ് ജില്ലാ ഭരണകൂടം കണ്‍ട്രോള്‍ റൂമില്‍ നിയോഗിച്ചത്. ദുരന്തനിവാരണ അതോറിറ്റി കോള്‍ സെന്‍്റര്‍ വഴി ക്യാമ്പുകളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുകയും പുതിയ ക്യാമ്പുകള്‍ തുടങ്ങുന്നതിനെ സംബന്ധിച്ച് ആവശ്യമായ നടപടികള്‍ എടുക്കുകയും ചെയ്തു.  ഓരോ മേഖലയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ക്കനുസരിച്ച് രക്ഷാസേനയെ അവിടേക്കയക്കാനും പ്രത്യേകം സജ്ജീകരണങ്ങളുണ്ടാക്കി. ജില്ലാകളക്ടര്‍ ടി.വി. അനുപമ, എഡിഎം സി. ലതിക, സബ് കളക്ടര്‍ ഡോ. രേണുരാജ്, അസിസ്റ്റന്‍റ് കളക്ടര്‍ പ്രേംകൃഷ്ണന്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി മുഴുവന്‍ സമയവും പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. പ്രത്യേകം നിയമിച്ച വളന്‍്റിയേഴ്സ് വഴി ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും  മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും വിവരങ്ങള്‍ തത്സമയം ജനങ്ങളുമായി പങ്കുവയ്ക്കാനായി.  ചാലക്കുടിയില്‍ പ്രത്യേകം തയ്യാറാക്കിയ ദുരന്തനിവാരണ സെല്ലിന്‍റെയും മെഡിക്കല്‍ സംവിധാനങ്ങളുടെയും പ്രവര്‍ത്തനവും  ഇതോടൊപ്പം ഏകോപിപ്പിക്കാനായി. ദുരിതബാധിതരെ താലൂക്കുകളില്‍ ക്യാമ്പുകള്‍ സജ്ജീകരിച്ച് ത്വരിതഗതിയില്‍ പാര്‍പ്പിക്കാനും അവര്‍ക്കുള്ള ഭക്ഷണം, വസ്ത്രം, മരുന്ന്, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ സമയബന്ധിതമായി എത്തിക്കാനും ജില്ലാകളറുടെ നേതൃത്വത്തില്‍ സാധിച്ചു. ഓരോ ദുരിതാശ്വാസ ക്യാമ്പിലേയും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ റവന്യൂവകുപ്പിലെ ഒരു ഉദ്യോഗസ്ഥനെങ്കിലും നിര്‍ബന്ധ ചുമതല നല്‍കി.

ചാലക്കുടി, ചാവക്കാട്, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ ഓഗസ്റ്റ് 20 വരെയും വിജയകരമായി നടത്താന്‍ സാധിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി കളക്ടറേറ്റില്‍ എല്ലാ ദിവസും മന്ത്രിതല അവലോകന യോഗം ചേര്‍ന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍, ജില്ലയുടെ സ്പെഷല്‍ ഓഫീസറും സാമൂഹ്യനീതി വകുപ്പ് സ്പെഷല്‍ സെക്രട്ടറിയുമായ ബിജു പ്രഭാകര്‍, കളക്ടര്‍ ടി.വി. അനുപമ എന്നിവര്‍  ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

വിവിധ ക്യാംപുകളിലേക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിക്കുന്ന ഭക്ഷണം, വസ്ത്രം, കുടിവെള്ളം, പ്രാഥമിക ശുശ്രൂഷ മരുന്നുകള്‍, ശുചീകരണ ഉപകരണങ്ങള്‍ തുടങ്ങിയവ കളക്ടറേറ്റില്‍ നിന്നും ക്യാംപുകളിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനവും  കാര്യക്ഷമമായി നടപ്പാക്കി. കളക്ടറേറ്റ്, വനിത ഇന്‍ഡോര്‍ സ്റ്റേഡിയം, എഞ്ചിനീയറിങ്ങ് കോളേജ് ഓഡിറ്റോറിയം, പ്ലാനിങ്ങ് ഓഫീസ് അങ്കണം എന്നിവിടങ്ങളിലാണ് ആദ്യദിനങ്ങളില്‍ അവശ്യവസ്തുക്കള്‍ ശേഖരിച്ച് വിവിധ മേഖലകളിലേക്ക് കയറ്റി അയച്ചത്. വിവിധ താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇവിടെ നിന്നും ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും സമയബന്ധിതമായി വിതരണം ചെയ്തത്. മൂന്ന് ഹെലികോപ്ടറുകളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രക്ഷാദൗത്യം നടത്തുന്നതോടൊപ്പം ആര്‍മി, ഫയര്‍ഫോഴ്സ്, മുങ്ങള്‍ വിദഗ്ധര്‍ എന്നിവരെയും നല്ലരീതിയില്‍ ഉപയോഗപ്പെടുത്താനായി. കുട്ടനാട്ടില്‍ നിന്നും 50 ഓളം മത്സ്യത്തൊഴിലാളികളെ സ്വന്തം ബോട്ടുമായി ഇവിടേക്കെത്തിച്ച് രക്ഷാപ്രവര്‍ത്തനം സുഗമമാക്കാനും സാധിച്ചു. ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കളക്ടറേറ്റില്‍ പ്രത്യേക ക്യാമ്പ് സജ്ജീകരിക്കുകയും പരിചരണം ആവശ്യമുള്ള ഭാഗങ്ങളിലേക്ക് ഡോക്ടര്‍മാരെയും നേഴ്സുമാരെയും കൗണ്‍സിലിങ്ങിനുളളവരെയും അയക്കുകയും ചെയ്തു. പ്രളയാനന്തര ശുചീകരണത്തിനും പുനര്‍നിര്‍മാണങ്ങള്‍ക്കുമായി അതിജീവനം യജ്ഞം ആരംഭിച്ചു.  എകദേശം 1000 സന്നദ്ധസേവകരാണ് ഓണ്‍ലൈന്‍ വഴി അതിജീവനത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഒന്നാംഘട്ടത്തില്‍ വീടുകളുടെ ശുചീകരണം  രണ്ടാംഘട്ടം വീടുകളിലേക്ക് മടങ്ങിപോകുന്നവരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തല്‍ അതിജീവനം ലക്ഷ്യമിട്ടു. കോസ്റ്റ്ഫോര്‍ഡിന്‍്റെ സഹായത്തോടെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിച്ച് വീടുകളില്‍ അറ്റകുറ്റപണികള്‍ നടത്തലാണ് അതിജീവനം മൂന്നാംഘട്ടം.

ജില്ലയിലെ ആറാട്ടുപുഴ, ഏനാമാവ് ഭാഗങ്ങളില്‍ ബണ്ടുകള്‍ തകര്‍ന്ന് ഏറെ നാശനഷ്ടങ്ങളുണ്ടായി. ഇവിടെയുള്ളവരെയും വിദഗ്ധമായി രക്ഷപ്പെടുത്തി. ആറാട്ടുപുഴയില്‍ കരിവന്നൂര്‍ പുഴ ഗതിമാറിയൊഴുകിയതിനെ തുടര്‍ന്ന് ബണ്ട്, റോഡുകള്‍ എന്നിവ പാടേ തകര്‍ന്നത് മന്ത്രിമാരുടെ നേതൃത്വത്തില്‍ നേരിട്ട് വിലയിരുത്തി ത്വരിത നടപടികള്‍ സ്വീകരിച്ചു. തകര്‍ന്ന ബണ്ടുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍വ്വസ്ഥിതിയിലാക്കി. മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും മൂലം വടക്കാഞ്ചേരി കുറാഞ്ചേരിയില്‍ 19 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ മന്ത്രിമാര്‍, കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തി തീരുമാനങ്ങളെടുത്തു. പ്രദേശങ്ങളിലുള്ളവരെ പെട്ടെന്നുതന്നെ മാറ്റിപ്പാര്‍പ്പിച്ചു. ഏഴ് താലൂക്കുകളിലെ ദുരിതാശ്വസക്യാമ്പുകളില്‍ തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷണം, വസ്ത്രം, മരുന്ന് മുതലായവ വിതരണം ചെയ്തു. വീടുകള്‍ വാസയോഗ്യമാക്കലും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അവശ്യ സാധനങ്ങളടങ്ങിയ കിറ്റുകള്‍ തയ്യാറാക്കലിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് വകുപ്പ്. എകദേശം 1,1000 കിറ്റുകളാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 90000 കിറ്റുകള്‍ ഇരുപത്തിഅയ്യായിരത്തിലേറെ സന്നദ്ധപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുടെയും സഹായം തേടി തയ്യാറായി. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള അടിയന്തിര സഹായമായ 10000 രൂപ വിതരണം  പുരോഗമിക്കുന്നു. തഹസില്‍ദാര്‍മാര്‍ വഴി താലൂക്ക് തലത്തിലാണ് വിതരണം. കിണര്‍ ശുചീകരണത്തിന് യുണീസെഫ് സഹായത്തോടെ നടപ്പിലാക്കുന്ന കുടിവെളള പദ്ധതിയുടെ ശുദ്ധീകരണം കര്‍മ്മപദ്ധതിയുടെ നടത്തിപ്പും അതിവേഗത്തിലാണ്.