നവകേരളത്തിന് പുതിയ ഭവന സാക്ഷരത എന്ന വിഷയം ആസ്പദമാക്കി ഇന്ന് നടന്ന സെമിനാറിൽ പങ്കുവെച്ച ചില ചിന്തകൾ

“തകര്‍ന്നതെല്ലാം അതേപടി പുനര്‍ നിര്‍മ്മിക്കലല്ല നവകേരളസൃഷ്ടി എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ ഇടത്തു നിന്നാണ് ഈ ചര്‍ച്ച ആരംഭിക്കേണ്ടത്. വിഖ്യാതമായ ഓരോ ലോക സംസ്കാരവും അതിന്‍റെ നിര്‍മ്മാണ വൈഭവങ്ങളും പ്രതിഫലിപ്പിക്കുന്ന ഒരു വ്യതിരിക്ത ദര്‍ശനമുണ്ട്. അതാത് ജനതയുടെ കരുത്തും സ്വപ്നങ്ങളും അവിടത്തെ പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സവിശേഷതകളും സമ്മേളിക്കുന്നതാണ് ആ ദര്‍ശനം. അറുപതാണ്ട് കഴിഞ്ഞ ഐക്യകേരളത്തിന്‍റെ തനതായ വികസന മാതൃകയുടെ നേട്ടങ്ങളും കോട്ടങ്ങളും നമ്മുടെ ഭവന നിര്‍മ്മാണ സംസ്കാരത്തെയും നിര്‍ണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്. 1957-ലെ ഭൂപരിഷ്കരണത്തിലൂടെയും 1970-ലെ ജന്മിത്തം അവസാനിപ്പിക്കലിലൂടെയും മലയാളി കൈവരിച്ച ആത്മവിശ്വാസവും അഭിമാനബോധവും, വൈജ്ഞാനികവും സാമൂഹികവും സാമ്പത്തികവുമായ കരുത്തും പ്രതിഫലിപ്പിക്കുന്നവയാണ് കേരളത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള മിക്ക ഭവനങ്ങളും. എന്നാല്‍ , പലപ്പോഴായി ആര്‍ഭാടവും പൊങ്ങച്ചവും ഔദ്ധത്യവും നമ്മുടെ മനസ്സുകളിലേയ്ക്കും അതുവഴി നമ്മുടെ വീടുകളിലേക്കും കടന്നു വന്നു. കമ്പോളവത്ക്കരണത്തിന്‍റെ രാഷ്ട്രീയം രാജ്യത്തെയാകെ സ്വാധീനിച്ചപ്പോള്‍ നമ്മുടെ വികസന സങ്കല്‍പ്പങ്ങള്‍ക്കും വിനാശകരമായ മാറ്റങ്ങള്‍ സംഭവിച്ചു. കൃഷി ഭൂമിയും തണ്ണീര്‍ത്തടവും നെല്‍വയലും കാടും കുന്നും മലയും പുഴയും കുളവും കായലും ഒക്കെ കൈയ്യേറി നാം കെട്ടിടങ്ങളും റോഡുകളും പാലങ്ങളും എയര്‍പോര്‍ട്ടുകളും ബസ് സ്റ്റാന്‍റുകളും നിര്‍മ്മിച്ചു. വികലമായ വികസന സങ്കല്‍പ്പങ്ങള്‍ക്ക് പിന്നാലെ നടന്ന ഭരണകൂടങ്ങളും ഉന്നത ഉദ്യോഗസ്ഥരും പരിസ്ഥിതി വിരുദ്ധമായ നിര്‍മ്മാണങ്ങള്‍ക്ക് മാന്യത ചാര്‍ത്തിക്കൊടുത്തു. (വരും തലമുറകള്‍ ഇവരെ വിലയിരുത്തി ഇവര്‍ക്ക് ചരിത്രത്തില്‍ ഒട്ടും സുഖകരമല്ലാത്ത സ്ഥാനവും മതിപ്പും നിശ്ചയിക്കുമെന്ന് ആര്‍ക്കും സംശയം വേണ്ട). പക്ഷെ, പ്രകൃതിയുടെ തടുക്കാനാകാത്ത ശക്തിക്ക് മുന്നില്‍ ഇതെല്ലാം തകര്‍ന്നു. ഉരുള്‍പൊട്ടലും മലയിടിച്ചിലും വെള്ളപ്പൊക്കവും കാരണം വീടുകളും ഭൂമിയും നാശത്തിന് വിധേയമായ ഇടങ്ങളില്‍ പുനര്‍നിര്‍മ്മാണം നടത്തുമ്പോള്‍ പാലിക്കേണ്ട നയപരമായ ചില തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുകയും ഉത്തരവ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഭവനങ്ങള്‍ക്കും ആവാസത്തിനും അനുയോജ്യമല്ലാത്ത മേഖലകളില്‍ താമസിച്ചിരുന്നവര്‍ക്ക് താല്ക്കാലിക ഭവനങ്ങള്‍ ഒരുക്കാനും പിന്നീട് സുരക്ഷിതമായ സ്ഥലത്ത് പകരം ഭൂമി കണ്ടെത്തി പുനരധിവസിപ്പിക്കുവാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രളയം മൂലം വീട് നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. ഇതിനു പുറമെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉദാരമായ സഹായം ആവശ്യമാണ്. ഇതര സംസ്ഥാനങ്ങള്‍ സഹായം നല്‍കിയിട്ടുണ്ട്. വിദേശരാജ്യങ്ങളുടെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും മറ്റും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ ആവശ്യമാണ്. കേരളത്തിന് അകത്തും പുറത്തുമുള്ള മലയാളികള്‍ വലിയ തോതിലുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിഭവ സമാഹരണത്തില്‍ മെച്ചപ്പെട്ട സ്ഥിതി കൈവരിക്കാനാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍, നവകേരള സൃഷ്ടി കേവലം മൂലധനത്തിന്‍റെ അടിസ്ഥാനത്തില്‍ ആകരുത്.

ദുരന്തമുഖത്തും രക്ഷാദൗത്യത്തിലും ദുരിതാശ്വാസ ക്യാമ്പുകളിലും ഒക്കെ സ്വാര്‍ത്ഥതയുടെ നിഴല്‍ പോലുമില്ലാതെ മനുഷ്യന്‍ പരസ്പരം കരുതലും കരുത്തുമാകുന്നത് നാം കണ്ടതാണ്. പുതിയ കേരളത്തില്‍ വെറും ഭവന നിര്‍മ്മാണമല്ല പകരം സമൂഹ നിര്‍മ്മാണമാണ് നടക്കേണ്ടത്. 2011 സെന്‍സസിന്‍റെ അടിസ്ഥാനത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനം വ്യക്തമാക്കുന്നത് കേരളത്തില്‍ 11,89,144 ഭവനങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നു എന്നാണ്. ഇതില്‍ 57272 വീടുകള്‍ ആറിലധികം മുറികള്‍ ഉള്ളവയാണ്. 73975 ഒഴിഞ്ഞ വീടുകള്‍ അഞ്ച് മുറികള്‍ ഉള്ളവയാണ്. 196058 എണ്ണത്തില്‍ നാല് മുറികള്‍ ഉണ്ട്. നവകേരള സൃഷ്ടി ഒരു കണ്‍സ്ട്രക്ഷന്‍ ചാകരയായി മാറരുത്. നഷ്ടപ്പെട്ട കാടിനും പുഴയ്ക്കും കോണ്‍ക്രീറ്റ് കാടുകള്‍ പകരമാവില്ല. ലോകത്ത് പലയിടത്തും പുനര്‍നിര്‍മ്മാണ പദ്ധതികള്‍ പലതരം മാഫിയകള്‍ റാഞ്ചിക്കൊണ്ട് പോകുന്നത് നാം കാണുന്നുണ്ട്. അതുകൊണ്ട് നയരൂപീകരണത്തിലും നടത്തിപ്പിലും സാങ്കേതിക വിദ്യയിലും വലിയ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കഠിനാദ്ധ്വാനത്തിന്‍റെ വിയര്‍പ്പ്ഗന്ധം പേറുന്ന പണമാണ് വിനിയോഗിക്കുന്നത് എന്ന കരുതല്‍ ഉണ്ടാകണം. അതുകൊണ്ടു തന്നെ ദുരന്താനന്തരം ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‍റെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം രൂപപ്പെടുത്തേണ്ടത്, മൂലധനത്തിന്‍റെ ലഭ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം ആകരുത്. ഓരോ രൂപയും ഒരു സാമൂഹിക ആവശ്യം നിറവേറ്റുന്നതിന് ചെലവഴിക്കപ്പെടുന്നു എന്നുറപ്പ് വരുത്തണം. ഒപ്പം, ഓരോ നിര്‍മ്മാണ പ്രവര്‍ത്തനവും പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്നവയും ഭാവിയില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുളള ദുരന്തങ്ങളെ വലിയൊരളവു വരെ അതിജീവിക്കുന്നവയും ആകണം. ധനലഭ്യത വിഭവ ചൂഷണത്തിനുള്ള ലൈസന്‍സ് അല്ല. വിഭവങ്ങള്‍, പ്രത്യേകിച്ച് പ്രകൃതി വിഭവങ്ങള്‍, ഊര്‍ജ്ജസ്രോതസ്സുകള്‍ എന്നിവ സമൂഹത്തിന്‍റെ സമ്പത്താണ്. സാമ്പത്തിക അസമത്വം തലയ്ക്കുമീതെ ഒരു കൂരയുണ്ടാക്കാനുള്ള സാധാരണക്കാരന്‍റെ ആഗ്രഹത്തിന് തടസ്സം നില്‍ക്കുന്ന തരത്തില്‍ വിഭവദാരിദ്ര്യം സൃഷ്ടിക്കരുത്. എഞ്ചിനിയറിംഗ്, ആര്‍ക്കിടെക്ച്ചര്‍, മാനേജ്മെന്‍റ്, പ്ലാനിംഗ്, ഫിനാന്‍സ് വിദഗ്ദ്ധരോട് അഭ്യര്‍ത്ഥിക്കാനുള്ളത് നവകേരള സൃഷ്ടിക്കായുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമ്പോള്‍ വിഭവങ്ങളുടെ നീതിപൂര്‍വ്വകമായ വിതരണം മുന്‍ഗണനയില്‍ ഉണ്ടാകണം. കാരണം, നാം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നത് കേവലം പുതിയ ഭവനങ്ങളല്ല, പുതിയൊരു സമൂഹമാണ്. നമ്മുടെ പുതിയ ഭവന നിര്‍മ്മാണ സംസ്കാരം പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതാകണം”.