സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഭവന നിര്‍മ്മാണത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും ഇതിനായിട്ടാണ് കലവറ ആരംഭിച്ചിട്ടുള്ളതെന്നും റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഭവന നിര്‍മ്മാണ വകുപ്പിന്റെ നേതൃത്വത്തില്‍ നീണ്ടൂരില്‍ ആരംഭിച്ച കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ ന്യായവില വിപണന കേന്ദ്രമായ കലവറ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെലവ് കുറഞ്ഞ ഭവനം എന്ന സാധാരണക്കാരന്റെ സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഭദ്രതയുള്ള ഭവനം നിര്‍മ്മിച്ചു നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അവതരിപ്പിച്ച കലവറ എന്ന ആശയം ഗ്രാമീണ മേഖലയിലെ വീടുകളുടെ നിര്‍മ്മാണത്തിന് ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മഹാപ്രളയത്തില്‍ സംസ്ഥാനത്ത് ലക്ഷക്കണക്കിന് സാധാരണക്കാരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഈ വീടുകളുടെ അറ്റകുറ്റപണികള്‍ ഉടന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു സ്ഥാപനത്തിന്റെ പ്രാധാന്യം വലുതാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് ഇതിന്റെ മുന്‍ഗണന ലഭിക്കുന്നതെങ്കിലും ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതല്‍ ആളുകളിലേക്ക് ഈ സേവനം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്‍ക്ക് കുറഞ്ഞ വിലക്ക് വീട്ടുനിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കും. 750 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടുകള്‍ക്ക് പൊതു വിപണി വിലയേക്കാള്‍ 15 ശതമാനം വില കുറച്ചാണ് സാമഗ്രികള്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നത്. 50 പായ്ക്കറ്റ് സിമന്റ്, 500 കിലോഗ്രാം കമ്പി എന്നിവയും അപേക്ഷകരുടെ മുന്‍ഗണനാക്രമം അനുസരിച്ച് രണ്ട് ലോഡ് മണലും ലഭ്യമാക്കും. പാസില്ലാതെ പോലീസ് പിടികൂടി സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന മണലാണ് കലവറ വഴി വില്‍ക്കുക. നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുന്ന ടെസ്റ്റിങ് ലാബും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ സാമഗ്രികളായ ഹോളോ ബ്രിക്‌സ്, കോണ്‍ക്രീറ്റ്  നിര്‍മ്മിത ജനല്‍, വാതില്‍ എന്നിവ ഇവിടെയുള്ള  പ്രൊഡക്ഷന്‍ സെന്ററില്‍ നിര്‍മ്മിക്കുന്നുണ്ട്. ജില്ലയില്‍ നിലവില്‍ ഉദയനാപുരം, പാല എന്നിവിടങ്ങളിലാണ് കലവറ പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാന നിര്‍മിതി കേന്ദ്രം പാലാ റീജിയണല്‍ സെന്ററിന്റെ നേതൃത്വത്തില്‍ നീണ്ടൂര്‍ രാജീവ് ഗാന്ധി കോളനിയില്‍ നടന്ന ചടങ്ങില്‍ അഡ്വ.കെ. സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍മ്മിതി കേന്ദ്രം ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ആര്‍. ജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു, നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ജി വിമലക്കുട്ടിയമ്മ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മഹേഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.കെ ശിവശങ്കരന്‍,പഞ്ചായത്ത് മെമ്പര്‍ പ്രദീപ് കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ ഡോ. ബി എസ് തിരുമേനി ആദ്യ വില്‍പന നടത്തി. റീജിയണല്‍ ഓഫീസര്‍ സജി ജോസഫ്, സംസ്ഥാന നിര്‍മ്മിതി കേന്ദ്രം പാല റീജിയണല്‍ എഞ്ചിനീയര്‍ ഹലീമ പി.പി സംസാരിച്ചു.