നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കേരള സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്‌കീം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ മേല്‍നോട്ടത്തില്‍ വാമനപുരം, കല്ലട നദികളുടെ പുനരുദ്ധാരണ സംരക്ഷണ പദ്ധതിയുടെ തുടക്കം കുറിക്കുന്നതിന്റെ പ്രാരംഭമായി പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും വോളന്റിയര്‍മാര്‍ക്കുമുള്ള ത്രിദിന റസിഡന്‍ഷ്യല്‍ പരിപാടി സര്‍വകലാശാലാ സെനറ്റ് ചേംബറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രളയമുണ്ടായ സമയത്ത് എന്‍.എസ്.എസ് വോളന്റിയര്‍മാരുടെ പ്രവര്‍ത്തനം വലിയ ആശ്വാസമാണ് നല്‍കിയത്. പുതിയ തലമുറയ്ക്ക് ഒന്നും അറിയില്ലെന്ന വിമര്‍ശനത്തിന് മറുപടി അവര്‍ തന്നെ നല്‍കി. സോഷ്യല്‍മീഡിയയിലൂടെയും എല്ലാവരും സേവന സന്നദ്ധരായി. കമ്പോളവത്കരണത്തിന്റെയും ഉപഭോഗ സംസ്‌കാരത്തിന്റെയും ഭാഗമായി പരിസ്ഥിതിക്ക് വലിയ നാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയവും അതിന്റെ ഭാഗമായുണ്ടായ ദുരന്തവും അതിന്റെ ഭാഗമായി ഉണ്ടായതാണെന്ന കാര്യം ഇപ്പോള്‍ നമുക്കെല്ലാം ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ നിലനില്‍പിനു ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജ് പ്രൊഫ.സി.ഗണേശ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഹരികൃഷ്ണന്‍ എം, ഷിജുഖാന്‍ ജെ.എസ്, ഐ.എല്‍.ഡി.എം ഡയറക്ടര്‍ പി.ജി. തോമസ്, എന്‍.എസ്.എസ് കേരളം ലക്ഷദ്വീപ് റീജിയണല്‍ ഡയറക്ടര്‍ ജി.പി.സജിത് ബാബു എന്നിവര്‍ ആശംസ നേര്‍ന്നു. എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ഡോ.ഷാജി എ സ്വാഗതവും ഐ.എല്‍.ഡി.എം ജി. ഐ.എസ് സ്‌പെഷ്യലിസ്റ്റ് ഡോ.ഷാജി ജെ. നന്ദിയും പറഞ്ഞു.