ജനസൗഹൃദ സര്‍ക്കാര്‍ ഓഫീസുകളാണ്  ഗവണ്‍മെന്‍്റ് ലക്ഷ്യമിടുന്നതെന്ന് റവന്യൂ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന്‍. എറിയാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജനങ്ങളുടേതാണ്. എല്ലാവരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്‌. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനവും ഒരുമിച്ചു മുന്നോട്ടുപോകലാണ് ലക്ഷ്യം. ജീവനക്കാര്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വം മാതൃകാപരമായി നിര്‍വഹിക്കണം. മുന്നിലെത്തുന്ന പ്രശ്നങ്ങള്‍ അതിവേഗത്തില്‍ പരിഹരിച്ചുനല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. എറ്റവും പ്രധാനപ്പെട്ട റവന്യൂ ഓഫീസാണ് വില്ലേജ് ഓഫീസുകള്‍. എല്ലാ വില്ലേജ് ഓഫീസുകളെയും എറ്റവും മാതൃകാപരമായ ജനസേവന കേന്ദ്രങ്ങളായി സര്‍ക്കാര്‍ മാറ്റും. കുടിവെള്ളം, ടോയ്ലറ്റ്, ചുറ്റുമതില്‍, ഫ്രണ്ട് ഓഫീസ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ എര്‍പ്പെടുത്തി എല്ലാ വില്ലേജ് ഓഫീസുകളും ആധുനീകരിക്കും. ഇതിന് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട് സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം സര്‍ക്കാര്‍ അതിവേഗം പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ വകുപ്പുകളില്‍ കാര്യനിര്‍വഹണം അതിവേഗത്തില്‍ നടക്കണം. ജനങ്ങളും ജീവനക്കാരും ഒരുമിച്ചുപ്രവര്‍ത്തിക്കണം. റവന്യൂ വകുപ്പ് മറ്റു വകുപ്പുകളുമായി ചേര്‍ന്ന് പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കാനുളള ശ്രമത്തിലാണെന്നും ജനാഭിലാഷം നിറവേറ്റാനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ  അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍്റ് കെ.കെ. അബീദലിയും എറിയാട് ഗാമപഞ്ചായത്ത് പ്രസിഡന്‍്റ് പ്രസാദിനി മോഹനനും മുഖ്യാതിഥികളായി. ജനപ്രതിനിധികളായ കുമാരി ഇ.കെ. മല്ലിക, നൗഷാദ് കൈതവളപ്പില്‍, സഈദ സുലൈമാന്‍, സുഗത ശശിധരന്‍, അംബിക ശിവപ്രിയന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ എം.ബി. ഗിരീഷ്, കെ.വി. മുരളീധരന്‍, തങ്കച്ചന്‍ ആന്‍്റണി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ ബോസ്കോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വില്ലേജ് ഓഫീസിനു സ്ഥലം വിട്ടുനല്‍കിയ ഡോ. പി.എ. മുഹമ്മദ് സെയ്ദിനെ ആദരിച്ചു. ജില്ലാ കളക്ടര്‍ ടി.വി. അനുപമ സ്വാഗതവും ആര്‍ഡിഒ ഡോ. എം.സി. റെജില്‍ നന്ദിയും പറഞ്ഞു.