പ്രളയാനന്തരം പുതിയകേരളത്തെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി എന്തൊക്കെ ചെയ്യാന്‍ പറ്റും എന്തൊക്കെ പറ്റില്ല എന്ന കാര്യത്തില്‍ സര്‍ക്കാറിന് വ്യക്തമായ ധാരണയുണ്ടെന്ന്  റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ദുരന്തങ്ങള്‍ അതിജീവിക്കാനുള്ള തരത്തില്‍ പുനര്‍നിര്‍മാണത്തിനാണ് പ്രാധാന്യം നല്‍കുകയെന്നും മന്ത്രി പറഞ്ഞു. മലയോര മേഖലകളില്‍ ഭവന നിര്‍മാണത്തിന് അനുയോജ്യമായ സാങ്കേതിക വിദ്യകള്‍ ആവിഷ്‌കരിക്കുന്നത്് സംബന്ധിച്ച്  ഹോട്ടല്‍ ഗേറ്റ് വേയില്‍ നടന്ന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രധാനമായും  ഇടുക്കി, വയനാട് മേഖലകളില്‍ ആവാസ വ്യവസ്ഥ പ്രശ്‌നം നേരിടുകയാണ്. ഈ മേഖലകളില്‍ കെട്ടിടനിര്‍മാണവും സാധ്യമാകാത്ത അവസ്ഥയുണ്ട്. ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളുടെ സമീപങ്ങളില്‍ പോലും പുതിയ നിര്‍മാണ പ്രവൃത്തി സാധ്യമല്ലെന്ന തരത്തിലാണ് വിവിധ ഏജന്‍സികള്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായ മേഖലയില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതിന് സ്വീകരിക്കേണ്ട നിലപാടുകള്‍  സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപീകരിക്കുക എന്നതാണ് ലക്ഷ്യം. പ്രളയബാധിത പ്രദേശങ്ങളില്‍ വീട് നഷ്ടപ്പെട്ടിടത്ത് പകരം വീട് എന്നതിന് പകരം പുതിയ കേരളത്തെ സൃഷ്ടിക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യം വാഗ്ദാനത്തിലൊതുങ്ങാതെ വിദഗ്ധരുടെ അഭിപ്രായത്തിലൂടെ ഇനിയൊരു ദുരന്തമുണ്ടായാല്‍ കൂടുതല്‍ നാശനഷ്ടമുണ്ടാകാത്ത വിധത്തില്‍ എങ്ങനെ പുനര്‍നിര്‍മിക്കാം എന്നതിനുള്ള അഭിപ്രായ രൂപീകരണമാണ് നടത്തുന്നത്. ഇതിനായി സാങ്കേതിക വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും അഭിപ്രായങ്ങള്‍ തേടുകയാണ് ശില്‍പ്പശാല ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

യുനൈറ്റഡ് നാഷന്‍സ് ഡവലപ്‌മെന്റ്് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, വയനാട് സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജി.പത്മനാഭന്‍, മനീഷ് മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. കോഴിക്കോട്, വയനാട്, ഇടുക്കി എന്നീ ജില്ലകളില്‍ മലയോര മേഖലകളിലെ സാധ്യതകളാണ് യോഗം ചര്‍ച്ച ചെയ്തത്.  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്ത ശില്‍പ്പശാലയില്‍ പുനര്‍നിര്‍മിതിക്ക് അനുയോജ്യമായ ഭൂമി കണ്ടെത്തല്‍, നിര്‍മാണം നടത്തുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്നിവയില്‍ ഉന്നയിക്കപ്പെടുന്ന ആശയങ്ങള്‍ ക്രോഡീകരിച്ചാണ് മലയോര മേഖലയില്‍ പ്രവൃത്തി നടപ്പാക്കുക.