സംസ്ഥാന ജൂനിയര്‍ പുരുഷ-വനിതാ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ്  ഉദ്ഘാടനം ചെയ്തു

മലയോര മേഖലയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ  എല്ലാവിധ സൗകര്യങ്ങളോടും ഉയര്‍ത്തികൊണ്ടുവരാനുള്ള ശ്രമമുണ്ടാകുമെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ജില്ലാ ആര്‍ച്ചറി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 31-ാമത് സംസ്ഥാന ജൂനിയര്‍ പുരുഷ-വനിതാ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ സംസ്ഥാനതല  മത്സരങ്ങള്‍ക്കുപോലും വേദിയാകാന്‍  ജില്ല ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പും സംസ്ഥാന സ്‌കൂള്‍ കലോത്സവുമെല്ലാം ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. നിരവധി ദേശീയ-അന്തര്‍ദേശീയ കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.കെ.കെ നാരായണന്‍ അധ്യക്ഷനായി. സംസ്ഥാന ആര്‍ച്ചറി അസോസിയേഷന്‍ സെക്രട്ടറി ഡോ.ജോറിസ് പൗലോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 14 ജില്ലകളില്‍ നിന്നായി 250ലധികം കായിക താരങ്ങളാണു മത്സരത്തില്‍ പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് പതാലില്‍ ,പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാധാ വിജയന്‍, കിനാനൂര്‍-കരിന്തളം പഞ്ചായത്ത് മെമ്പര്‍ സിന്ധു,സംസ്ഥാന ആര്‍ച്ചറി അസോസിയേഷന്‍ ട്രഷറര്‍ പന്മന മഞ്ജേഷ്,കരിമ്പില്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബെന്നി ജോസഫ്,സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍ പള്ളം നാരായണന്‍, എം.വി പ്രതീഷ്, എന്‍.സുധാകര്‍ പൈ, കെ.വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ആര്‍ച്ചറി അസോസിയേഷന്‍ സെക്രട്ടറി കെ.സതീഷ് നമ്പ്യാര്‍ സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം അച്യൂതന്‍ നന്ദിയും പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോണോ ആക്ടില്‍ എ ഗ്രേഡ് നേടിയ കരിമ്പില്‍ ഹൈസ്‌കൂളിലെ ആവണി പവിത്രനെയും, സംസ്ഥാനതല പ്രവൃത്തി പരിചയമേളയില്‍ എ ഗ്രേഡ് നേടിയ ലാവണ്യയെയും അനുമോദിച്ചു.