സര്‍ക്കാര്‍ ഇതേവരെ നല്‍കിയത് 102681 പട്ടയങ്ങള്‍: മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം 102681പട്ടയങ്ങളാണ് നല്‍കിയതെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ പട്ടയം നല്‍കിയത് തൃശൂരിലാണ്. 20,354 പട്ടയങ്ങള്‍ നല്‍കിയ ഇടുക്കിക്ക് രണ്ടാം സ്ഥാനമാണ് . കഴിഞ്ഞ ഗവണ്‍മെന്റ് അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് നല്‍കിയത് 1,29,672 പട്ടയങ്ങളും ഇടുക്കിയില്‍ 23142 പട്ടയങ്ങളും മാത്രമാണ്. പക്ഷേ ഇതില്‍ മൂന്നുസെന്റ് പട്ടയങ്ങളും മറ്റും ഉള്‍പ്പെട്ടതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പട്ടയമേളയ്ക്കുശേഷം കുട്ടിക്കാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം ദിനം കൊണ്ട് ഒരു ലക്ഷത്തിലേറെ പട്ടയം നല്‍കിയ ഈ ഗവണ്‍മെന്റ് പ്രതിദിനം 100 പട്ടയങ്ങള്‍വീതം നല്‍കുന്ന വിധം ദ്രുതഗതിയിലാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. കാര്യക്ഷമമായ ഈ പ്രവര്‍ത്തനത്തിന് റവന്യു വകുപ്പിലെ എല്ലാതലത്തിലുമുള്ള ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇത്രയും പട്ടയങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് നല്‍കിയത് കേരളത്തില്‍ റെക്കോര്‍ഡാണ്. പ്രതികൂലമായ നിന്ന ചില നിയമങ്ങളിലും ചട്ടങ്ങളിലും തിരുത്തല്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായതുകൊണ്ടാണ് ഇത്രയും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിഞ്ഞത്. സംസ്ഥാനത്ത് ഒരു ലക്ഷത്തോളം പേര്‍ ഭൂരഹിതരായി ഇപ്പോഴുമുണ്ടെന്നും അവര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ദേവികുളത്തെ കുറ്റിയാര്‍ വാലിയില്‍ പട്ടയത്തിനൊപ്പം ഭുമി പ്ലോട്ട് തിരിച്ച് നല്‍കും. പ്രകൃതിക്ഷോഭത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഭൂമിയും വീടും നല്‍കുമെന്നും പുറമ്പോക്കിലോ സര്‍ക്കാര്‍ ഭൂമിയിലോ താമസിച്ചിരുന്നവരെ അക്കാരണത്താല്‍ ഒഴിവാക്കില്ലെന്നും മന്ത്രി പറഞ്ഞു.