ഉപാധി രഹിത പട്ടയമെന്ന ഇടുക്കിക്കാരുടെ ചിരകാല അഭിലാഷം സഫലമാക്കിയ ഈ ഗവണ്‍മെന്റ് അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കുട്ടിക്കാനം മരിയന്‍ കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയമേള ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ചെയിന്‍ പ്രദേശത്തെയും ദേവികുളം കുറ്റിയാര്‍ വാലിയിലെയും പട്ടയങ്ങള്‍ ഈ വര്‍ഷം തന്നെ നല്‍കുമെന്നും 29 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ ജില്ലയിലെ ഭൂമിപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു, പെരിഞ്ചാംകുട്ടിയിലെ അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ക്കും താമസിയാതെ പരിഹാരമുണ്ടാക്കും. വനാതിര്‍ത്തി പങ്കുവെയ്ക്കുന്ന കേരളത്തിലെ 28500 ഹെക്ടര്‍ സ്ഥലം ജനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 25,000 ഹെക്ടര്‍ സ്ഥലവും ഇടുക്കിയിലാണ്. സമയബന്ധിതമായി ഭൂമി അര്‍ഹരായവര്‍ക്ക് നല്‍കും.പട്ടയം നല്‍കുന്നതില്‍ വനംനിയമങ്ങള്‍ പ്രതിബന്ധമാകുന്ന കേസുകളില്‍ വനംവകുപ്പുമായി കൂടിയാലോചിച്ച് ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇടുക്കി അണക്കെട്ട് പ്രദേശത്തെ 7 ചെയിന്‍ നിവാസികള്‍ക്ക പട്ടയം നല്‍കിയ ഈ ഗവണ്‍മെന്റ് മൂന്നുചെയ്ന്‍ നിവാസികള്‍ക്കും പട്ടയം താമസിയാതെ നല്‍കുമെന്ന് വൈദ്യതി വകുപ്പ് മ്ന്ത്രി എം.എം മണി പറഞ്ഞു. ഇതിനുള്ള അനുമതി വൈദ്യതി വകുപ്പ് നല്‍കിക്കഴിഞ്ഞുവെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അത് ആളുകള്‍ക്ക നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ശ്വല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഗോത്രവിഭാഗക്കാര്‍ക്കും അവരര്‍ഹിക്കുന്ന ഭൂമി നല്‍കാന്‍ ഈ ഗവണ്‍മെന്റ് കാണിക്കുന്ന നിശ്ചയദാര്‍ഢ്യത്തിനുതെളിവാണ് ഈ പട്ടയമേളയെന്ന് അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി പറഞ്ഞു. ജനങ്ങള്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കിയതിലൂടെ ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിച്ച ഗവണ്‍മെന്റാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള നിയമങ്ങളില്‍വരെ ഭേദഗതിവരുത്തിയാണ് അര്‍ഹരായവര്‍ക്ക് യഥാസമയം പട്ടയം ലഭ്യമാക്കാന്‍ ഈ ഗവണ്‍മെന്റ് നടപടി സ്വീകരിച്ചതെന്ന് ഇ.എസ് ബിജിമോള്‍ എം.എല്‍.എ പറഞ്ഞു. മൂന്നുചെയ്ന്‍ പ്രദേശത്തുള്ളവര്‍ക്കും പട്ടയം നല്‍കാനുള്ള നടപടികള്‍ സ്വാഗതാര്‍ഹമാണെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. പ്രളയം വലിയ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും നിശ്ചയദാര്‍ഢ്യമുള്ള ഗവണ്‍മെന്റും കര്‍മ്മവീര്യമുള്ള ഉദ്യോഗസ്ഥരും പ്രതിബദ്ധതയുള്ള ജനങ്ങളും ജനപ്രതിനിധികളും ഒത്തൊരുമിച്ചപ്പോള്‍ ഇടുക്കി വീണ്ടും തലഉയര്‍ത്തിപ്പിടിക്കുകയാണെന്നും അതിന് തെളിവാണ് ഈ പട്ടയമേളയെന്നും പട്ടയമേളയുടെ റിപ്പോര്‍ട്ട അവതരിപ്പിച്ചുകൊണ്ട് ജില്ലാകളക്ടര്‍ കെ.ജീവന്‍ ബാബു പറഞ്ഞു. 40 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് മന്നാങ്കണ്ടം നിവാസികളുടെ ഭുപ്രശ്‌നങ്ങള്‍ പരിഹരിച്ച് പട്ടയം നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാ്ട്ടി. വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍, തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എസ് രാജന്‍, കെ.എസ്.ആര്‍.ടി.സി ഡയറ്കടര്‍ സി.വി വര്‍ഗീസ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ഷാജി പൈനാടത്ത്, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് രാജുവടുതല വാഗമണ്‍ പഞ്ചായത്തംഗം മോളി ഡൊമിനിക്, അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം ദിനേശന്‍ ആര്‍, പീരുമേട് പഞ്ചായത്ത് അംഗം ബീനാമ്മ ജേക്കബ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, എം.ജെ ജേക്കബ്, ബിനു.ജെ കൈമള്‍, പി.സി രാജന്‍, അനുബ് ഫ്രാന്‍സിസ്, പി.കെ ജയന്‍ പിള്ള, തോമസ് ജോസഫ്, മാര്‍ട്ടിന്‍ മാണി, നോബിള്‍ ജോസഫ്, ജോണി ചെറുപറമ്പില്‍, കെ.സുരേഷ് ബാബു, എ.ഡി.എം പി.ജി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പട്ടയമേളയില്‍ 6065 പട്ടയങ്ങള്‍ പട്ടയമേളയില്‍ 6065 പട്ടയങ്ങളാണ് നല്‍കിയത്. 1167.6527 ഹെക്ടര്‍ ഭൂമിക്കുള്ള പട്ടയഅവകാശമാണ് ഇതിലൂടെ ജനങ്ങള്‍ക്ക് ലഭിച്ചത്. 1993 റൂള്‍ പ്രകാരം1801 ഉം 1964 റൂള്‍ പ്രകാരം 3958 ഉം കെ.ഡി.എച്ച് പ്രകാരം 50 ഉം, മുനിസിപ്പല്‍ പ്രകാരം 13 ഉം എല്‍.ടി പ്രകാരം 243 ഉം പട്ടയങ്ങള്‍ ആണ് വിതരണം ചെയ്തത്. വിവിധ എല്‍ എ ഓഫീസ്, താലൂക്ക് തരിച്ചുള്ള പട്ടയങ്ങള്‍ ഇനി പറയുന്നു. കട്ടപ്പന എല്‍.എ ഓഫീസില്‍ നിന്ന് 1030, മുരിക്കാശേരി 842, പീരുമേട് 794, നെടുങ്കണ്ടം 770, രാജകുമാരി 450, ഇടുക്കി 399, കരിമണ്ണൂര്‍ 378, ദേവികുളം 970, തൊടുപുഴ 163, ഇടുക്കി താലൂക്ക് 26, തൊടുപുഴ ലാന്റ് ട്രൈബൂണല്‍ 243 ഉം പട്ടയങ്ങള്‍ വിതരണം ചെയ്തു