സർഫാസി ആക്ടനുസരിച്ച് സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യുന്നതിനുള്ള ഡിമാന്റ് നോട്ടീസ് വരുന്ന കേസുകളിൽ വില്ലേജ് ഓഫീസർമാർ ഭൂനികുതി സ്വീകരിക്കുന്നില്ലെന്ന വ്യാപകമായ പരാതി പരിഹരിക്കുമെന്ന ഇങ്ങനെ ക്രമ വിരുദ്ധമായി പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമ സഭയിൽ ചോദ്യോത്തര വേളയിൽ അറിയിച്ചു. സ്ഥാവര വസ്തുക്കൾ ജപ്തി ചെയ്യുന്നതിന് മുന്നോടിയായി ഡിമാന്റ് നോട്ടീസ് നടത്തിയത് കൊണ്ടോ മുപ്പത്താറാം വകുപ്പ് പ്രകാരം ജപ്തി ചെയ്തുകൊണ്ടോ മാത്രം വീഴ്ച്ചക്കാരന് തന്റെ വസ്തുവിലുള്ള ഉടമസ്ഥാവകാശങ്ങൾക്കോ അവകാശ ബന്ധങ്ങൾക്കോ യാതൊരു കോട്ടവും സംഭവിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. ലേല സ്ഥിരീകരണശേഷം മാതമേ ലേല തിയ്യതി പ്രാബല്യത്തിൽ വീഴ്ച്ചക്കാരന് തന്റെ ഭൂമിയിലുള്ള ഇത്തരം അവകാശങ്ങൾ ഇല്ലാതാകുകയുള്ളൂ. അതിനാൽ തന്നെ ലേല തിയ്യതി വരേയും വീഴ്ച്ചക്കാരനിൽ നിന്നും ഭൂനികുതി സ്വീകരിക്കുന്നതിനോ ഭൂമി സംബന്ധമായ സാക്ഷ്യപത്രങ്ങൾ അനുവദിക്കുന്നതിനോ തടസ്സമില്ല. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ നികുതി രസീതിലും സാക്ഷ്യപത്രങ്ങളിലും ജപ്തി സംബന്ധിച്ച റിമാർക്‌സ്, കുടിശ്ശിക തുകയുടെ വിവരം എന്നിവ രേഖപ്പെടുത്തിയാകും നൽകുക. മറിച്ചുള്ള പരാതികൾ ശ്രദ്ധയിൽപെട്ടാൽ നടപടി സ്വീകരിക്കുന്നതാണെന്നും അറിയിച്ചു. നിയമസഭയിൽ കയ്പമംഗലം എം എൽ എ ഇ.ടി. ടൈസൺ മാസ്റ്ററുടെ ചോദ്യത്തിന് ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.