പ്രളയാനന്തര സഹായത്തിനായി ജില്ലയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരില്‍ അര്‍ഹരായ ഒരാള്‍ പോലും ഒഴിവാക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു.  കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യു വകുപ്പിന്റെ ജില്ലയിലെ  പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.

അപേക്ഷ സമര്‍പ്പിച്ചവരില്‍ അനര്‍ഹര്‍ ഏറെയുണ്ട്. യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട സഹായം ഇത്തരക്കാര്‍ നേടിയെടുക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുകയും വേണം. ഇതിനായി അപേക്ഷകളില്‍ വില്ലേജ് തലത്തില്‍ കുറ്റമറ്റ രീതിയില്‍ സൂക്ഷ്മ പരിശോധന നടത്തണം-മന്ത്രി പറഞ്ഞു.

പുതിയതായി ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചു വരികയാണെന്നും ഇവയുടെ സാങ്കേതിക വിലയിരുത്തലിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.

പുതിയതായി രൂപീകരിക്കപ്പെട്ട റവന്യൂ ഡിവിഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പഴയ റവന്യൂ ഡിവിഷനുകളില്‍ മതിയായ ജീവക്കാരില്ലാത്തതുമൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കണമെന്ന ആവശ്യം പരിശോധിക്കും.  സ്വന്തമായി കെട്ടിടവും സ്ഥലവും ഇല്ലാത്ത   വില്ലേജ് ഓഫീസുകളുടെ ശോചനീയാവസ്ഥ ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു.

കെട്ടിട നികുതി കണക്കാക്കുന്നതിന് സംസ്ഥാന വ്യാപകമായി ഏകീകൃത സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത് ഗുണകരമാകുമെന്ന നിര്‍ദേശവും യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു.

സബ് കളക്ടര്‍ ഈഷ പ്രിയ, അസിസ്റ്റന്റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍ എ.ഡി.എം അലക്‌സ് ജോസഫ്, തഹസില്‍ദാര്‍മാര്‍ റവന്യു വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.