കാലഘട്ടത്തിന്റെ ആവശ്യകത കണക്കിലെടുത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ആധുനിക സംവിധാനങ്ങളുടെ പ്രയോജനം പൊതുജനങ്ങള്‍ക്ക് പൂര്‍ണ തോതില്‍ ലഭ്യമാക്കാന്‍  ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി    ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു.  കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വില്ലേജ് ഓഫീസുകളിലെ  കറന്‍സി രഹിത സേവനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇ-പോസ് മെഷീന്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുന്നതിലൂടെ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാകും. ബാങ്കുകളിലും ട്രഷറികളിലും സമയ ബന്ധിതമായി പണം അടയ്ക്കുന്നതിന് ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കൂടിയാണ് പുതിയ സംവിധാനമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ നൂറ് വില്ലേജ് ഓഫീസുകള്‍ക്കുമുള്ള  ഇ-പോസ് മെഷീനുകളുടെ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.   തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു, സബ്കളക്ടര്‍ ഈഷ പ്രിയ, അസിസ്റ്റന്റ് കളക്ടര്‍ ശിഖാ സുരേന്ദ്രന്‍, എഡിഎം അലക്സ് ജോസഫ് എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി  കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നികുതികളും ഫീസുകളും ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും യുപിഐ മുഖേനയും അടയ്ക്കുവാന്‍ കഴിയുന്ന പുതിയ സംവിധാനം ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് ഇതിനാവശ്യമായ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തത്.