Punargeham project: 332 flats constructed in Muttathara handed over to beneficiaries

പുനർഗേഹം പദ്ധതി: മുട്ടത്തറയിൽ നിർമിച്ച 332 ഫ്‌ളാറ്റുകൾ ഗുണഭോക്താക്കളിലേക്ക്

കടൽക്ഷോഭം മൂലം വീടും ഭൂമിയും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പുനർഗേഹം പദ്ധതിയുടെ ഭാഗമായി, തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയിൽ നിർമിച്ച 332 ഫ്‌ളാറ്റുകൾ ഗുണഭോക്താക്കളിലേക്ക്. പദ്ധതി സംസ്ഥാനത്തെ തീരദേശ പ്രദേശങ്ങളിൽ ഭവനരഹിതത്വം നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിതവും ദീർഘകാലസ്ഥായിയുമായ പാർപ്പിടം ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ്.

2019 ഡിസംബറിൽ 2,450 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് പദ്ധതി ആരംഭിച്ചത്. CRZ (Coastal Regulation Zone) രേഖയിൽ ഉൾപ്പെട്ട 50 മീറ്റർ പരിധിയിൽ താമസിക്കുന്ന 22,174 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് വിവിധ ഘടനാപരമായ മോഡലുകൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയു ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതെ തുടർന്ന് മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്റെ ഉടമസ്ഥതയിലായ 8 ഏക്കർ ഭൂമിയിൽ ഫിഷറീസ് വകുപ്പ് 2023 ഫെബ്രുവരി 10-ന് ഫ്‌ളാറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

മൊത്തം 81 കോടി രൂപയുടെ ചെലവിൽ 400 ഫ്‌ളാറ്റുകളുടെ സമുച്ചയം നിർമിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ആദ്യഘട്ടമായി 332 ഫ്‌ളാറ്റുകൾ പൂർത്തീകരിച്ചത്. ഓരോ യൂണിറ്റിനും ശരാശരി 20 ലക്ഷം രൂപയുടെ ചെലവാണ് ഉണ്ടായത്. റോഡ്, നടപ്പാത, ഡ്രെയിനേജ്, ചുറ്റുമതിൽ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെയും ഉയർന്ന ഗുണനിലവാരത്തിലാണ് ഫ്‌ളാറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. പുനർവാസ നടപടികളുടെ ഭാഗമായി, ഗുണഭോക്താക്കൾക്ക് വ്യക്തിപരമായി ഭൂമി കണ്ടെത്തി വീടുകൾ നിർമിക്കാനും, കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഫ്‌ളാറ്റ് സമുച്ചയങ്ങൾ നിർമിക്കുന്ന സംവിധാനവും, സർക്കാർ ഭൂമിയിൽ നേരിട്ട് ഫ്‌ളാറ്റുകൾ പണികഴിപ്പിച്ച് കൈമാറുന്നതുടമക്കം പങ്കാളിത്താധിഷ്ഠിതത്വമായ മോഡലുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട കടൽക്ഷോഭം ബാധിച്ച വലിയതുറ, പുന്തുറ, ബീമാപള്ളി തുടങ്ങിയ തീരദേശ പ്രദേശങ്ങളിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പുനരധിവാസം ഒരുക്കുന്നതിനായുള്ള നടപടികളിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി താത്കാലികമായി വാടകവീടുകളിൽ കഴിയുന്ന ഗുണഭോക്താക്കൾക്ക് പ്രതിമാസം 5,500 വീതം വാടക സഹായം നൽകുന്നതിനുള്ള നടപടിയും പുരോഗമിക്കുന്നു.

തിരുവനന്തപുരത്ത് കടകംപള്ളി വേളിയിൽ 168 ഫ്‌ളാറ്റുകൾക്കും വലിയതുറ സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം 24 ഫ്‌ളാറ്റുകൾക്കും വ്യക്തിഗതമായി 168 വീടുകൾക്കുമായി ഭരണാനുമതി ലഭിച്ചു. ഇവയ്ക്ക് പുറമേ, കാരോട് (128), ബീമാപള്ളി (20), കൊല്ലം QSS കോളനി (114), മലപ്പുറം പൊന്നാനി (128) എന്നിവിടങ്ങളിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൂർണമായി ഗുണഭോക്താക്കൾക്ക് കൈമാറി.

പുനർഗേഹം പദ്ധതിയിലൂടെ ഇതുവരെ 9,104 കുടുംബങ്ങൾ പുനരധിവാസത്തിന് താത്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്. ഇവയിൽ 4,421 കുടുംബങ്ങൾ ഭൂമി കണ്ടെത്തി ജില്ലാതല കമ്മിറ്റികളുടെ അംഗീകാരം നേടിയിട്ടുണ്ട്. 2,488 വീടുകളുടെ നിർമ്മാണം പൂർത്തിയായി 568 വീടുകൾ നിർമ്മാണ പ്രവർത്തനങ്ങളിലേക്കുള്ള പ്രാരംഭ നടപടികളിലാണ്. 779 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

ലൈഫ് മിഷൻ,പുനർഗേഹം പദ്ധതികളുടെ സംയുക്ത ഇടപെടലുകളോടെ സംസ്ഥാനത്ത് ഭവനരഹിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സമഗ്രമായി പാർപ്പിടസുരക്ഷ ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലൈഫ് രണ്ടാം ഘട്ടത്തിൽ 23,356 മത്സ്യത്തൊഴിലാളി ഗുണഭോക്താക്കളിൽ 16,086 കുടുംബങ്ങൾ കരാർ ഒപ്പുവെച്ചിട്ടുണ്ട്, അതിൽ 14,068 വീടുകൾ പൂർത്തിയായി. മൂന്നാം ഘട്ടത്തിൽ 281 വീടുകൾ കൂടി നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ഓഖി ദുരന്തത്തിൽ വീട്-ഭൂമി നഷ്ടപ്പെട്ട 32 കുടുംബങ്ങൾക്ക് 3.44 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിച്ച് വീടുകൾ നിർമ്മിച്ച് നൽകുകയും ചെയ്തു. പുനർഗേഹം പദ്ധതി കേരള സർക്കാരിന്റെ ശാസ്ത്രീയവും ദീർഘവീക്ഷണപരവുമായ ഭവനസുരക്ഷാ പുനരധിവാസ ഇടപെടലുകൾക്ക് മികച്ച അടിത്തറയാണ്.