ഭൂമി കോണ്‍ക്ലേവിന്‍റെ സമ്പൂർണ്ണ വിജയം ഉറപ്പാക്കുന്നതിന് സഹകരിക്കുമെന്ന് വിവിധ സര്‍വ്വീസ് സംഘടനകള്‍
തിരുവനന്തപുരത്ത് ഈ മാസം 25 മുതല്‍ 28 വരെ നടക്കുന്ന ഭൂമി കോണ്‍ക്ലേവിന്‍റെ സമ്പൂർണ്ണ വിജയം ഉറപ്പാക്കുന്നതിന് സഹകരിക്കുമെന്ന് വിവിധ സര്‍വ്വീസ് സംഘടനകള്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം റവന്യു ,ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി ശ്രീ കെ രാജന‍്റെ അദ്ധ്യക്ഷതയില്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. ഡിജിറ്റല്‍ സര്‍വെയിലൂടെ കാര്യക്ഷമവും സുതാര്യവും ജനകേന്ദ്രീകൃതവുമായ ഭൂപരിപാലനത്തിലും ഭൂവിതരണ സംവിധാനങ്ങളിലും കേരളം സ്വന്തമാക്കിയ നേട്ടങ്ങളും ശ്രമങ്ങളും ദേശീയ തലത്തില്‍ പങ്കു വെക്കാനുള്ള പ്ലാറ്റ്ഫോമാണ് റവന്യൂ,സര്‍വെയും ഭൂരേഖയും വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഭൂമി കോണ്‍ക്ലേവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അതു കൊണ്ടു തന്നെ വിവിധ സര്‍വ്വീസ് സംഘടകളുടെ സഹകരണം കോണ്‍ക്ലേവിന്‍റെ വിജയം ഉറപ്പാക്കുന്നതില്‍ അനിവാര്യമാണ്. രണ്ടാം ഭൂപരിഷ്ക്കകരണ മുന്നേറ്റം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന നേട്ടങ്ങള്‍ ദേശീയ തലത്തില്‍ അവതരിപ്പിക്കുന്പോള്‍ അതിന്‍റെ പ്രാധാന്യം മനസ്സിലാക്കി കൂടെ നില്‍ക്കുന്നുവെന്ന് വിവിധ സര്‍വ്വീസ് സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ ഹാന്‍റിലുകളിലൂടെയും സംഘടനാ സംവിധാനങ്ങളിലൂടെയും കോണ്‍ക്ലേവിന് കഴിയാവുന്നത്ര പ്രചരണം നല്കുമെന്നും പ്രതിനിധികള്‍ സന്ദര്‍ശിക്കുന്ന വില്ലേജുകളില്‍ ആവശ്യമായ സൗകര്യങ്ങളും സ്വീകരണവും ഒരുക്കുന്നതില്‍ മുന്‍കയ്യെടുക്കുമെന്നും സര്‍വ്വീസ് സംഘടനാ പ്രതിനിധികള്‍ ഉറപ്പു നല്‍കി. കേരളത്തിന്‍റെ ഭൂപരിപാലന ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്ന ഉദ്യമമാണ് ഭൂമി കോണ്‍ക്ലേവെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ സര്‍വെ ഡയറക്ടര്‍ സാംബശിവ ഐ എ എസ്, എന്‍ ജി ഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി ശശിധരന്‍ എം വി, ജോയിന്‍റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ പി ഗോപകുമാര്‍,എന്‍ ജി ഒ അസോസിയേഷന്‍ പ്രസിഡന്‍റ് ചവറ ജയകുമാര്‍, കെ ജി ഒ എ ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍,കെ ജി ഒ എഫ് പ്രസിഡന്റ് ഡോ കെ ആര്‍ ബിനു പ്രശാന്ത്,കെ ജി ഒ സംഘ് സെക്രട്ടറി പി എന്‍ രമേശ്,എന്‍ ജി ഒ സംഘ് ജോയിന്‍റ് സെക്രട്ടറി പ്രദീപ് പുള്ളിത്തല,കെ ആര്‍ ഡി എസ് എ ജനറല്‍ സെക്രട്ടറി ശ്രീകുുമാര്‍ പി,എസ് ,എസ് എഫ് എസ് എ ജനറല്‍ സെക്രട്ടറി ജി സജീബ് കുമാര്‍ ,എസ് ഒ ടി ഇ യു പ്രസിഡന്‍റ് രമേഷ് ഗോപാലകൃഷ്ണന്‍,എസ് എഫ് എസ് ഒ ചെയര്‍മാന്‍ ജിജു തോമസ്,കേരള എന്‍ ജി ഒ സെന്‍റര്‍ സെക്രട്ടറി സുനില്‍ കുമാര്‍ എസ് തുടങ്ങിയവര്‍ സംസാരിച്ചു.
. സംസ്ഥാനത്ത് 2022 ല്‍ തുടങ്ങി വെച്ച ഡിജിറ്റല്‍ സര്‍വെ വന്‍ വിജയമാണെന്നും മൂന്നു ഘട്ടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 488 വില്ലേജുകളില്‍ 312 ലും സര്‍വേ പൂര്‍ത്തിയായെന്നും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു. നിശ്ചയിച്ച കാലയളവിനുള്ളില്‍ തന്നെ സര്‍വെ പൂര്‍ത്തിയാക്കും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഈ മാസം 25 ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജൂണ്‍ 26,27 ദിവസങ്ങളില്‍ കോവളത്തെ ഉദയ് സമുദ്ര ഹോട്ടലില്‍ കോണ്‍ക്ലേവ് നടക്കും. ഹിമാചല്‍ പ്രദേശും ആന്ധ്രപ്രദേശും അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരും ഇരുപതിലധികം സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള റവന്യൂ,സര്‍വ്വേ വകുപ്പധ്യക്ഷന്മാരും സര്‍വെ ഡയറക്ടര്‍മാരും റവന്യൂ കമ്മീഷണര്‍മാരും മറ്റ് മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരും ഈ രംഗത്തെ വിദഗ്ധരും ഉദ്ഘാടനച്ചടങ്ങിലും കോണ്‍ക്ലേവിലും പങ്കെടുക്കും. ഉദയ് സമുദ്രയില്‍ ഈ രംഗത്തെ ഏറ്റവും പുതിയ ഉപകരണങ്ങളും മുന്‍കൈകളും പരിചയപ്പെടുത്തുന്ന ഡിജിറ്റല്‍ സര്‍വെ എക്സ്പോ നടക്കും. തുടര്‍ന്ന് ജൂണ്‍ 28 ന് സര്‍വെ നേരിട്ടു കാണാന്‍ പ്രതിനിധികള്‍ക്ക് ആറു ജില്ലകളിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.