ഭൂമി ദേശീയ കോണ്‍ക്ലേവിന് തുടക്കം
സ്മാർട്ട് ലാൻഡ് ഗവേണൻസ് പ്രമേയമാക്കി റവന്യൂ, സർവെ – ഭൂരേഖാ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഡിജിറ്റൽ സർവെ ദേശീയ കോൺക്ലേവ് ആണ് ഭൂമി.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, കെ ബി ഗണേഷ്കുമാർ, വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, പി രാജീവ്, എം ബി രാജേഷ്, പി പ്രസാദ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ, ശശി തരൂർ എംപി, മേയർ ആര്യാ രാജേന്ദ്രൻ, അടൂർ പ്രകാശ് എംപി, രാജ്യസഭാംഗം എ എ റഹീം, എംഎൽഎമാരായ ആന്റണി രാജു, വി ജോയ്, എം വിൻസെന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ്കുമാർ, ലാൻഡ് റവന്യൂ കമ്മിഷണർ ഡോ.എ കൗശിഗൻ, ജില്ലാ കളക്ടർ അനുകുമാരി, രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ ശ്രീധന്യ സുരേഷ് തുടങ്ങിയവരും വിവിധ കക്ഷിനേതാക്കളും സംസാരിക്കും.
ജൂണ്‍ 26, 27 ദിവസങ്ങളില്‍ കോവളത്തെ ഉദയ് സമുദ്ര ഹോട്ടലില്‍ നടക്കുന്ന കോണ്‍ക്ലേവിന്റെ സെഷനുകളിൽ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റവന്യൂ വകുപ്പ് മന്ത്രിമാരും റവന്യൂ-സെറ്റില്‍മെന്‍റ് കമ്മിഷണര്‍മാരും സര്‍വെ ഡയറക്ടര്‍മാരും മറ്റ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
അരുണാചല്‍ പ്രദേശ്, ചത്തീസ്ഗഢ്, തമിഴ്നാട്, ഹരിയാന, ആന്ധ്രപ്രദേശ്, ഡെല്‍ഹി, ഹിമാചല്‍പ്രദേശ്, ഗോവ, കര്‍ണ്ണാടക, മധ്യപ്രദേശ്, പുതുച്ചേരി, മണിപ്പൂര്‍, രാജസ്ഥാന്‍, മഹാരാഷ്ട്ര, അസം, ഝാര്‍ഖണ്ഡ്, നാഗാലാന്‍റ്, സിക്കിം, തെലങ്കാന, ത്രിപുര, ഉത്താരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ചണ്ഡീഗഢ്, ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ആന്‍റ് ദിയു, ലഡാക് എന്നീ 26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സര്‍വെ, റവന്യൂ വകുപ്പുകളിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും മറ്റ് പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്.
കോണ്‍ക്ലേവില്‍ രണ്ടു ദിവസങ്ങളിലായി ലാന്‍റ് ഗവേണന്‍സിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അനുഭവങ്ങളും കേരളത്തിന്‍റെ നേട്ടങ്ങളുടെ വെളിച്ചത്തില്‍ വിവിധ സെഷനുകളിലായി പങ്കുവയ്ക്കും. അന്തര്‍ദ്ദേശീയ, ദേശീയ തലത്തില്‍ ഈ രംഗത്തെ വിദഗ്ദ്ധരും സെഷനുകളില്‍ പങ്കെടുക്കും. കേരളത്തിന്റെ എന്‍റെ ഭൂമി പോര്‍ട്ടല്‍ അടക്കമുള്ള വിപ്ലവാത്മകമായ നേട്ടങ്ങളെ ലോകത്തിനു മുന്പിലും ദേശീയ തലത്തിലും ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം രണ്ടാം ഭൂപരിഷ്ക്കരണ മുന്നേറ്റത്തിലേക്ക് സംസ്ഥാനത്തെ നയിക്കുന്ന സാങ്കേതിക, ഭരണ നേട്ടങ്ങളും ചര്‍ച്ച ചെയ്യപ്പെടും.
കോണ്‍ക്ലേവിനോടൊപ്പം ഉദയ് സമുദ്രയില്‍ നടക്കുന്ന ഡിജിറ്റല്‍ സര്‍വെ എക്സ്പോ ഭൂഭരണ രംഗത്തെ ഏറ്റവും മികച്ച സംവിധാനങ്ങളും രീതികളും മുന്നേറ്റങ്ങളും സാങ്കേതിക മുന്‍കൈകളും പ്രദര്‍ശിപ്പിക്കും. കോണ്‍ക്ലേവിന്‍റെ അവസാന ദിവസമായ ജൂൺ 28 ന് വിവിധ ജില്ലകളില്‍ നടക്കുന്ന ഫീല്‍ഡ് സന്ദര്‍ശനം സംസ്ഥാനത്ത് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ച ഡിജിറ്റല്‍ സര്‍വെ പ്രവർത്തനങ്ങൾ തത്സമയം കാണാനും ചാലകശക്തികളായ ഉദ്യോഗസ്ഥരോടും മറ്റ് സ്റ്റേക്ക് ഹോള്‍ഡര്‍മാരോടും സംവദിക്കാനും പൊതുജന കേന്ദ്രീകൃതമായ ഡിജിറ്റൽ റീസര്‍വെ നേരില്‍കാണാനും അവസരം ഒരുക്കും.