1970 families living in tsunami flats will be given title deeds

സുനാമി ഫ്ലാറ്റുകളില്‍ താമസിക്കുന്ന 1970 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും

സുനാമി പുനരധിവാസ പദ്ധതി പ്രകാരം 9 ജില്ലകളില്‍ നിര്‍മ്മിച്ചിട്ടുള്ള ഫ്ലാറ്റുകളില്‍ താമസിക്കുന്ന 1970 കുടുംബങ്ങള്‍ക്ക് ഭൂമിയിലെ അവിഭക്ത ഓഹരി കണക്കാക്കി പട്ടയം നല്‍കാൻ ഉത്തരവായി. ഭാര്യയുടെയും ഭര്‍ത്താവിന്റേയും കൂട്ടായ പേരിലായിരിക്കും പട്ടയം അനുവദിക്കുന്നത്. പട്ടയത്തില്‍ ഫ്ലാറ്റ് നില്‍ക്കുന്ന ഭൂമിയുടെ സര്‍വ്വെ നമ്പറും ഉള്‍പ്പെടുത്തും . പ്ലോട്ടിന്റെ ആകെ വിസ്തീര്‍ണ്ണം പരാമര്‍ശിച്ചു കൊണ്ട് ഫ്ലാറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി അവിഭക്ത ഓഹരി അവകാശത്തിനാണ് പട്ടയം നല്‍കുന്നത്. ഇത്തരത്തില്‍ അവിഭക്ത ഓഹരി അവകാശം വ്യവസ്ഥ ചെയ്തുകൊണ്ട് ഭൂമി പോക്കുവരവ് ചെയ്ത് തണ്ടപ്പേര്‍ അനുവദിക്കും. ഭൂമിയുടെ ഉടമസ്ഥതയും റവന്യൂ രേഖകളും ലഭ്യമാവുന്നതോടെ സുനാമി ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഈടു വച്ചു ലോണ്‍ എടുക്കുന്നതിനുള്‍പ്പെടെ സൗകര്യം ലഭിക്കും. സുനാമി പുനരധിവാസ ഫ്ലാറ്റുകളില്‍ താമസിക്കുന്നവരുടെ ദീര്‍ഘ കാലത്തെ ആവശ്യമാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ഫ്ലാറ്റുടമകള്‍ക്ക് ഇതേ രീതിയില്‍ കരം അടക്കാന്‍ അനുവാദം നല്‍കി കൊണ്ട് അടുത്തിടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.