Survivors of the Great Floods of Kerala Development Activities - Minister Adv K Rajan
 
കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവർത്തനങ്ങൾ ഓരോന്നും മഹാപ്രളയങ്ങളെ അതിജീവിച്ചവയാണെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ. എറിയാട് പഞ്ചായത്തിലെ അഴീക്കോട് ലൈറ്റ് ഹൗസ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അധികാരത്തിലേറുമ്പോൾ പ്രഖ്യാപിച്ച 134 കാര്യങ്ങളും സമയബന്ധിതമായി പൂർത്തീകരിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്. ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 
ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം വിനിയോഗിച്ച് 2019 ഫെബ്രുവരിയിലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും വേഗതയിൽ നിർമിച്ച പാലമാണ് ഇത്. 22 മീറ്റർ നീളവും 4.5 മീറ്റർ വീതിയുമുണ്ട്.
പാലം നിർമാണത്തിന്  ഏകദേശം ഒന്നര കോടി രൂപയുടെ  ചെലവാണ് പ്രതീക്ഷിച്ചിരുന്നത്. ഒരു കോടിയിൽ കൂടുതലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് സർക്കാരിൻ്റെ പ്രത്യേക അനുമതി വേണ്ടിവരും എന്നതിനാലാണ് അപ്രോച്ച് റോഡിനും പാലത്തിൻ്റെ കൈവരിക്കുമായി 68 ലക്ഷം രൂപയും പാലം നിർമാണത്തിന് 99 ലക്ഷം രൂപയും എസ്റ്റിമേറ്റ് തയ്യാറാക്കിയത്. രണ്ടര വർഷം കൊണ്ട് നിർമാണം പൂർത്തീകരിച്ച പാലം പ്രദേശവാസികളുടെ ചിരകാല സ്വപ്നമായിരുന്നു. എറിയാട് പഞ്ചായത്തിലെ ബ്ലാങ്ങാച്ചാൽ – അറപ്പത്തോടിന് കുറുകെയാണു ലൈറ്റ് ഹൗസ് പാലം. പഴയ പാലം തകർന്നു 16 വർഷത്തിന് ശേഷമാണ് പുതിയ പാലത്തിന് നിർമാണാനുമതി ലഭിച്ചത്. പാലം യാഥാർഥ്യമായതോടെ അഴീക്കോട് മുനക്കൽ മുസിരിസ് ബീച്ചിലേക്ക് വേഗത്തിൽ എത്താൻ സാധിക്കും. കടപ്പുറത്തെ മുഹ്‌യുദ്ദീൻ പള്ളി പരിസരത്തെ കുടുംബങ്ങളുടെ യാത്രാ മാർഗമാണ് പാലം. 
 
ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോജി പോൾ കാഞ്ഞൂത്തറ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യാഥിതിയായി. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, വൈസ് പ്രസിഡന്റ് പ്രസീന റാഫി, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, പഞ്ചായത്ത് അംഗങ്ങളായ പി കെ അസീം, അംബിക ശിവപ്രിയൻ, നജ്മൽ ഷക്കീർ, കെ എം സാദത്ത്, വി ബി പ്രവീൺ, പി എ താജു എന്നിവർ പങ്കെടുത്തു.