All the villages in Kerala will be smart : Revenue Minister
 
 
കേരളത്തിൽ എല്ലാ വില്ലേജുകളും സ്മാർട്ടാക്കുമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ രാജൻ. റവന്യൂ, സർവേ,ഭവന നിർമാണ വകുപ്പിൻ്റെ നൂറുദിനങ്ങളുടെ ഭാഗമായി  ഫേസ്ബുക്ക് പേജിലൂടെ സംവദിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
 
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും ആധുനികമായ രീതിയിൽ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന് സർക്കാർ പുതിയ രൂപരേഖ തയ്യാറാക്കും. വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് സർട്ടിഫിക്കറ്റുകൾ  മൊബൈൽ ഫോണിലൂടെ എടുക്കാവുന്ന സംവിധാനവും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് റവന്യൂ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി. 
 
റവന്യൂ, സർവേ, ഭവന നിർമാണ വകുപ്പുകളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താനും ഇവയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാനും വേണ്ടി റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ആഴ്ചയിൽ ഒരിക്കൽ  റവന്യൂ സെക്രട്ടറിയേറ്റ് ചേരും. വകുപ്പിലെയും മറ്റു പ്രധാന വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ് യോഗം ചേരുക. 
 
ഇതിൻ്റെ ഭാഗമായി വകുപ്പുകളിലെ പ്രവർത്തനങ്ങൾക്ക് കാലതാമസം ഒഴിവാക്കാനാകും. സർക്കാർ 100 ദിവസം പൂർത്തിയാക്കുമ്പോൾ 693
ഒഴിവുകൾ റവന്യൂ വകുപ്പിൽ നിന്ന് പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യാനായി എന്നും മന്ത്രി പറഞ്ഞു.
 
റവന്യൂ വകുപ്പിനെ അഴിമതി രഹിതമാക്കുന്ന പ്രവർത്തനം സംഘടിപ്പിക്കും. ഇതിനായി കൂട്ടായ ശ്രമത്തിലൂടെ ഏകോപനമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.