കേരളത്തിൽ ദുരന്തനിവാരണ സാക്ഷരത ഉറപ്പാക്കും – റവന്യു മന്ത്രി കെ രാജൻ
സമീപ കാലങ്ങളിലായി കേരളം തുടര്‍ച്ചയായ പ്രകൃതി ക്ഷോഭങ്ങളെയും അതു മൂലമുണ്ടാകുന്ന കെടുതികളേയും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ദുരന്ത നിവാരണ സാക്ഷരത ഉറപ്പാക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനം സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളൊട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ആകെ തീരദേശത്തിന്റെ പത്ത് ശതമാനത്തോളം വരുന്ന 589.5 കി.മീ. ദൈര്‍ഘ്യമുള്ള തീരമേഖലയും തെക്ക് വടക്ക് നിലകൊള്ളുന്ന പശ്ചിമഘട്ട മല നിരകളും ദുരന്ത സാധ്യതയില്‍ നമുക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. ദുരന്ത വിശകലന വിദഗ്ദരുടെ അഭിപ്രായത്തില്‍ കേരള സംസ്ഥാനം മള്‍ട്ടി ഹസാര്‍ഡ് സോണിലാണ് ഉള്‍പ്പെട്ടു വരുന്നത്.പ്രകൃതി ക്ഷോഭങ്ങളെ നമുക്ക് നിയന്ത്രിക്കാനാവില്ലെങ്കിലും അതു വഴിയുണ്ടാകാന്‍ സാധ്യതയുള്ള ദുരന്തങ്ങളെ ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കുന്നതിന് കഴിയും. അതു പോലെ തന്നെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ശാസ്ത്രിയമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട്. ഇതിന് ഏറ്റവും ആവശ്യം ദുരന്ത സാധ്യതകളെ കുറിച്ചും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള അറിവ് ജനങ്ങളില്‍ ഉണ്ടാക്കുക എന്നതാണ്. ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ദുരന്ത നിവാരണ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ റവന്യു – ദുരന്തനിവാരണ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്.
2005 ലെ കേന്ദ്ര നിയമമായ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്, അതിന് അനുബന്ധമായ ചട്ടങ്ങള്‍, കാലാകാലങ്ങളില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍, നിര്‍ദ്ദേശങ്ങള്‍, ദേശീയ- സംസ്ഥാന- ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ദുരന്ത നിവാരണ സംവിധാനങ്ങള്‍ ദുരന്തത്തിന് ഇരയാകുന്നവര്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ എന്നിവ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ദുരന്ത നിവാരണ സാക്ഷരത എന്നതുകൊണ്ട് റവന്യു വകുപ്പ് ഉദ്ദേശിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകര്‍, എന്‍ ജി ഒ കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സര്‍വ്വീസ് സംഘടനകള്‍, ക്ലബുകള്‍, വായനശാലകള്‍, സ്റ്റുഡന്റ്സ് പോലീസ് കാഡറ്റ്, നാഷണല്‍ സര്‍വ്വീസ് സ്കീം തുടങ്ങി സമൂഹ താത്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗങ്ങളേയും ഇതിന്റെ പ്രയോക്താക്കളാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നു.
• വിദ്യാഭ്യാസ പാഠ്യ പദ്ധതിയില്‍ ഈ വിഷയം ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
• സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സിന് ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറ്റാന്‍ കഴിയണം.
• സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ യൂണിറ്റുകള്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവര്‍ക്കായി നടത്തുന്ന ലീഗല്‍ ലിറ്ററസി ക്യാമ്പുകളിലും ഇതിനായി പ്രസിദ്ധീകരിച്ചിട്ടുള്ള നിയമപാഠം എന്ന പ്രസിദ്ധീകരണത്തിലും ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് കൂടി ഉള്‍പ്പെടുത്തുന്നതിന് സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുമായി കൂടിയാലോചന നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
• വിദ്യാലയങ്ങളിലെ നാഷണല്‍ സര്‍വ്വീസസ് സ്കീം അംഗങ്ങളെയും ഇതില്‍ പങ്കാളികളാക്കാം.
• ദുരന്തനിവാരണ സാക്ഷരതക്ക് ആവശ്യമായ സിലബസും അതിനാവശ്യമായ പ്രസിദ്ധീകരണങ്ങളും തയ്യാറാക്കാന്‍ റവന്യു വകുപ്പിന്റെ വിദ്യാഭ്യാസ കേന്ദ്രമായ ഐഎല്‍ഡിഎം നെ ചുമതലപ്പെടുത്തും.
• ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടത്തുന്ന സന്നദ്ധ സംഘടനകളേയും വ്യക്തികളേയും അംഗീകരിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കും
• ദുരന്ത നിവാരണ സാക്ഷരതാ പ്രവര്‍ത്തനത്തിലൂടെ ദുരന്ത നിവാരണ വോളണ്ടിയേര്‍സ് എന്ന നിലയിലേക്ക് ഒരു നല്ല വിഭാഗം ജനങ്ങളെ മാറ്റാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.