മതിലകം ട്രാൻസ്ഗ്ലോബൽ സി പി ട്രസ്റ്റ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കുള്ള കലവറ നിറയ്ക്കൽ വിഭവ സമാഹാരണം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ആദ്യ വിഭവം സി പി മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി പി സാലിഹിൽ നിന്ന് മന്ത്രി ഏറ്റുവാങ്ങി. തുടർന്ന് വിവിധ കർഷക സംഘടനകൾ അരി, നാളികേരം, പച്ചക്കറികൾ, പഴം തുടങ്ങിയ വിഭവങ്ങൾ സംഭാവന ചെയ്തു.
ജില്ലയിലെ ആദ്യത്തെ മാതൃശിശു കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ മതിലകം ഡ്രൈ പോർട്ട് ട്രാൻസ് ഗ്ലോബലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ 24ന് ഉദ്ഘാടനം ചെയ്തിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമായി 400 കിടക്കകളുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാണ് ഇവിടെയുള്ളത്. ജില്ലയിലെ രണ്ടാമത്തെ സി എഫ് എൽ ടി സി കൂടിയാണിത്.
ഇ ടി ടൈസൺമാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ സന്നദ്ധപ്രവർത്തകരായ ഹിലാൽ കുരിക്കൾ, ഷമീർ എളേടത്ത് എന്നിവരെ മന്ത്രി ആദരിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് വി എസ് രവീന്ദ്രൻ, ഡ്രൈ പോർട്ട് ഉടമ പി വി അഹമ്മദ് കുട്ടി, ഡോ ഫാരിസ്, മതിലകം പഞ്ചായത്ത് സെക്രട്ടറി കെ ബി മുഹമ്മദ് റഫീഖ് എന്നിവർ പങ്കെടുത്തു.
Caption – മതിലകം ട്രാൻസ്ഗ്ലോബൽ സി പി ട്രസ്റ്റ് സി എഫ് എൽ ടി സിയിലേക്കുള്ള വിഭവ സമാഹാരണം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു