കേരളം നടപ്പിലാക്കിയ ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്നതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സര്‍ക്കാരിന്റെ 100 ദിനപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് പട്ടയമേളയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ലാന്റ് ട്രൈബ്യൂണലുകളിലും താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളിലും കെട്ടിടക്കിടക്കുന്ന ഒരു ലക്ഷത്തിലേറെ അപേക്ഷകളില്‍ സത്വര പരിഹാരം കണ്ടെത്തുന്നതിനായി സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും. ഇതിനായി ഉദ്യോഗസ്ഥ തലത്തില്‍ പ്രത്യേക സംവിധാനം ഒരുക്കും. രണ്ടു വര്‍ഷത്തിനകം എല്ലാ കേസുകളും പരിഹരിക്കുന്ന രീതിയിലായിരിക്കും സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
ഭൂമിക്ക് പട്ടയം ലഭ്യമാക്കുന്നതോടൊപ്പം ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ശക്തമാക്കും. ഇതിന്റെ ഭാഗമായി അന്യാധീനപ്പെട്ടതും ആളുകള്‍ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്നതുമായ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യും. കേരളത്തില്‍ നടപ്പിലാക്കുന്ന യുനീക്ക് തണ്ടപ്പേര്‍ പദ്ധതി ഇതിന്റെ ഭാഗമാണ്. അനുവദിക്കപ്പെട്ടതിലധികം ഭൂമി ഒരാളുടെ കൈവശമുണ്ടോ എന്ന് കണ്ടെത്താനും അവ തിരിച്ചുപിടിക്കാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. വനഭൂമി പട്ടയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ റവന്യൂ വകുപ്പും വനം വകുപ്പും സംയുക്ത പരിശോധന നടത്താന്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ ഉടന്‍ തന്നെ അതിനുള്ള നടപടികള്‍ ആരംഭിക്കും. ഇതുവഴി മലയോര കര്‍ഷകരില്‍ അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു എന്നിവര്‍ വിശിഷ്ടാതിഥികളായി. ചടങ്ങില്‍ റവന്യൂ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ഡോ എ ജയതിലക് സ്വാഗതവും ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ നന്ദിയും പറഞ്ഞു.
പി ബാലചന്ദ്രന്‍ എംഎല്‍എ, കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, അസി. കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, എഡിഎം റെജി പി ജോസഫ്, ആര്‍ഡിഒ പി എ വിഭൂഷണന്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ കെ ബിജു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.