ക്ഷീര രംഗത്ത് മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനായി പദ്ധതികൾ നടപ്പിലാക്കും -റവന്യൂ മന്ത്രി കെ.രാജൻ
*മാന്ദാമംഗലം ക്ഷീര സംഘത്തിന്റെ
മഴവെള്ള സംഭരണി ഉദ്ഘാടനം ചെയ്തു
ക്ഷീര രംഗത്ത് മൂല്യവർദ്ധിത ഉൽപന്നങ്ങൾ എങ്ങനെ ഉണ്ടാക്കാമെന്ന വിഷയത്തിലേയ്ക്ക് അതിവേഗത്തിൽ കടക്കാൻ സർക്കാർ ആലോചിക്കുകയാണെന്നും അതിനായി പദ്ധതികൾ നടപ്പിലാക്കുന്നതായും റവന്യൂ മന്ത്രി കെ.രാജൻ. ഒല്ലൂർ നിയോജക മണ്ഡലത്തിലെ മാന്ദാമംഗലം ക്ഷീര സഹകരണ സംഘത്തിന്റെ മഴവെള്ള സംഭരണിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷീരമേഖലയിൽ സംസ്ഥാനം സ്വയംപര്യാപ്തത ഉറപ്പിച്ചു കഴിഞ്ഞു. ശുദ്ധമായ പാൽ വിതരണമെന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായി പാലിന്റെ ശാസ്ത്രീയമായ പരിശോധന അതിർത്തി മേഖലയിൽ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി
കാസർകോട്, വാളയാർ എന്നിവിടങ്ങളിൽ പ്രത്യേക പരിശോധന കേന്ദ്രങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
അസിസ്റ്റന്റ് ഫോര്‍ കണ്‍സ്ട്രഷന്‍ ഓഫ് റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിങ് പദ്ധതി പ്രകാരമാണ് ഒല്ലൂക്കര ബ്ലോക്കിലെ മാന്ദാമംഗലം ക്ഷീര സംഘത്തില്‍ മഴവെള്ള സംഭരണി നിര്‍മിച്ചത്. 12,000 ലിറ്റര്‍ മഴവെള്ള സംഭരണശേഷിയുള്ള കോണ്‍ക്രീറ്റ് ടാങ്കാണ് നിര്‍മിച്ചിട്ടുള്ളത്. ആകെ ചെലവായ 2,80,000 രൂപയില്‍ 2,00,000 രൂപ ധനസഹായമായി വകുപ്പില്‍ നിന്ന് അനുവദിച്ചു. ക്ഷീരവികസന വകുപ്പിന്റെ 2020-21 വാര്‍ഷിക പദ്ധതിയായ ‘ഇന്‍വെസ്റ്റ്മെന്റ് ഇന്‍ ഡിഎല്‍എസില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളോടനുബന്ധിച്ച് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര വികസന വകുപ്പാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്ഷീര കർഷകർ ക്ഷീര സാന്ത്വനം ഇൻഷുറൻസ് അംഗങ്ങളാകുന്നതും മാന്ദാമംഗലം ക്ഷീര സംഘത്തിലാണ്. ക്ഷീര സാന്ത്വനം ഇൻഷുറൻസ് കാർഡ് വിതരണവും, 1000 -മത്തെ ക്ഷീര കർഷക ക്ഷേമനിധി അംഗത്വ വിതരണവും ചടങ്ങിൽ നടന്നു.
ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.രവി, മാന്ദാമംഗലം ക്ഷീര സംഘം പ്രസിഡന്റ് ജോർജ് പന്തപ്പിള്ളി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റാഫി പോൾ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ജോസഫ് ടാജറ്റ്, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി സുനീഷ്, സീനിയർ വെറ്ററിനറി സർജൻ ഡോ.മനോജ്, ഒല്ലൂക്കര ക്ഷീരവികസന ഓഫീസർ പി.എസ് അരുൺ തുടങ്ങിയവർ പങ്കെടുത്തു.