Backwater tourism will be implemented in Chakkankandam - Minister K Rajan

 

ചക്കംകണ്ടം പ്രദേശത്ത് കായൽ ടൂറിസം നടപ്പിലാക്കാൻ പിന്തുണ നൽകുമെന്നും വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും റവന്യൂമന്ത്രി കെ രാജൻ. ഗുരുവായൂരിലെ ചക്കംകണ്ടം കായൽ കടവിൽ നടന്ന കൗൺസിലർ അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായൽ ടൂറിസത്തിന്റെ ആധുനിക സാധ്യതകളെകുറിച്ച് പഠിക്കേണ്ടതുണ്ടെന്നും ഗുരുവായൂരിന്റെ വ്യത്യസ്ത മുഖമായി ചക്കംകണ്ടം മാറുമെന്നും മന്ത്രി പറഞ്ഞു.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഗുരുവായൂർ നഗരസഭ ചക്കംകണ്ടം വാർഡ് തല വികസനസമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോവിഡ് പ്രതിസന്ധികളും ഓൺലൈൻ പഠനത്തിന്റെ പരിമിതികളും തരണം ചെയ്ത് വിജയിച്ച 45 വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ഗുരുവായൂർ നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും ചക്കംകണ്ടം പ്രദേശത്തെ വാർഡ് കൗൺസിലറുമായ
എ എം ഷെഫീറിന്റെ പേരിലാണ് കൗൺസിലർ അവാർഡ് നൽകിയത്.

അറിവുകളുടെ പുതിയ ലോകത്തേക്കുള്ള കാൽവയ്പ്പിന് മുന്നോടിയായി ഏതെല്ലാം കോഴ്സുകൾ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് നൽകി. കൊടുങ്ങല്ലൂർ ജി വി എച്ച് എസ് എസ് സ്കൂളിലെ അധ്യാപകനായ എൻ സി പ്രശാന്താണ് ക്ലാസ് നയിച്ചത്. കൂടാതെ കോവിഡ് പ്രതിസന്ധി ഘട്ടത്തിലും മറ്റ് അടിയന്തര അവശ്യങ്ങളിലും വാർഡിനോടൊപ്പം നിന്ന് ജനസേവനത്തിന് സഹായിച്ച വാർഡിലെ റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൻ എം പി അനീഷ്മ, മുൻ നഗരസഭാ ചെയർമാൻ പി എസ് ജയൻ എന്നിവർ മുഖ്യാതിഥികളായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാർ, കൗൺസിൽ അംഗങ്ങൾ, വിദ്യാർത്ഥികൾ, മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്: പഠനമികവ്‌ തെളിയിച്ച വിദ്യാർത്ഥികൾക്ക് ഗുരുവായൂർ നഗരസഭ ചക്കംകണ്ടം വാർഡ് തല വികസനസമിതി നൽകുന്ന കൗൺസിലർ അവാർഡ്ദാന ചടങ്ങ് റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു.