100ദിന പരിപാടിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഡിജിറ്റൽ റീസർവേ ഏപ്രിൽ മാസത്തോടെ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. 1666 വില്ലേജുകളിൽ 1550 വില്ലേജുകളിലും നാലുവർഷക്കാലം കൊണ്ട് ഡിജിറ്റൽ റീസർവ്വേ പൂർത്തീകരിക്കുന്നതാണ്. ഐക്യകേരളത്തിന്റെ രൂപീകരണ ചരിത്രത്തിൽ ആദ്യമായി കേരളം പൂർണ്ണമായി നാലുവർഷക്കാലം കൊണ്ട് ഡിജിറ്റലായി അളക്കുക എന്ന നടപടിക്കാണ് സർക്കാർ തുടക്കമിടുന്നത്. ഇതിനായി 807 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരവും ആദ്യഘട്ടമായി 339 കോടി രൂപ റീബിൽഡ്കേരള ഇനീഷിയേറ്റീവിൽ ഉൾപ്പെടുത്തി സര്‍വെ വകുപ്പിന് അനുവദിക്കുകയും ചെയ്തു.
ജീവനക്കാരുടെ കുറവിന് പരിഹാരമായി സർവ്വേ നടപടിക്കായി 1500 ഓളം സര്‍വെയര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ആദ്യത്തെ മൂന്ന് വർഷം 400 വില്ലേജ് വീതവും നാലാമത്തെ വര്‍ഷത്തില്‍ 350 വില്ലേജും പൂർത്തിയാക്കി 1550 വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വെ നാലു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കി സംസ്ഥാനത്തിന്റെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകള്‍ തയ്യാറാക്കി ഭൂസംബന്ധമായ നടപടികള്‍ എല്ലാം ഓണ്‍ലൈനില്‍ കൊണ്ടുവരും.
കേരളത്തിൽ 1666 വില്ലേജുകളിൽ 913 വില്ലേജുകളിലാണ് റീസർവേ നടപടി നടന്നത്.
സംസ്ഥാനത്ത് 1966 ലാണ് റീസർവേ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. 55 വർഷം കഴിഞ്ഞ് പരിശോധിക്കുമ്പോൾ 55 ശതമാനം സ്ഥലങ്ങളിലാണ് (913 വില്ലേജുകള്‍) റീസർവേ നടപടി പൂർത്തിയാക്കിയത്. ഇവയില്‍ 89 വില്ലേജുകളിൽ മാത്രമാണ് ഇ.ടി.എസ് എന്ന മെഷീൻ ഉപയോഗിച്ച് ഡിജിറ്റൽ റീസർവ്വേ നടന്നിട്ടുള്ളത്. മറ്റ് വില്ലേജുകളില്‍ പരമ്പരാഗത രീതിയിലുള്ള റീസർവ്വേയാണ് നടന്നത്. നിലവില്‍ 27 വില്ലേജുകളില്‍ കൂടി ഇ.ടി.എസ്. മെഷീൻ ഉപയോഗിച്ച് ഡിജിറ്റൽ റീസർവ്വേ പുരോഗതിയിലുണ്ട്.
സര്‍വെ ജോലികള്‍ ത്വരിതപ്പെടുത്തുന്നതിന് നൂതന സാങ്കേതിക വിദ്യയായ COR സ്റ്റേഷനുകള്‍ 28 എണ്ണം സ്ഥാപിക്കും. കെട്ടിടങ്ങളുടെ മുകളിലും തടസങ്ങളില്ലാത്ത പ്രദേശങ്ങളിലുമാണ് കോർസ് സ്റ്റേഷനുകൾ സ്ഥാപിക്കുക. COR സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന സിഗ്നലുകൾ ഉപയോഗിച്ച് RTK ഉപകരണത്തിന്റ സഹായത്താല്‍ അതിവേഗം സുതാര്യമായ രീതിയില്‍ സര്‍വെ നടത്താന്‍ സാധിക്കും. ഇപ്രകാരം 70 മുതൽ 80 ശതമാനം വരെയുള്ള ഇടങ്ങളിൽ RTK റോവർ മെഷീന്റെ സഹായത്താൽ ഭൂമി ഡിജിറ്റലായി അളക്കുക.
20 ശതമാനം സ്ഥലങ്ങളിൽ ആധുനിക സര്‍വെ സംവിധാനമായ റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ ഉപയോഗിക്കും. കൂടാതെ 10 ശതമാനം തുറസായ സ്ഥലങ്ങൾ അളക്കാൻ ലിഡാർ ക്യാമറ ഫിറ്റ് ചെയ്തുള്ള ഡ്രോൺ സാങ്കേതിക വിദ്യയും ഉപയോഗിക്കും. ഡ്രോൺ അധിഷ്ടിത സർവ്വേ നടപടികൾ പലസ്ഥലങ്ങളിലും ആരംഭിച്ചു കഴിഞ്ഞു.
കേരളത്തിന്റെ ടോപ്പോഗ്രാഫിക്കൽ സർവ്വേ ഉൾപ്പടെ സകലപ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്ന വിധത്തിൽ സ്വകാര്യഭൂമിയും സർക്കാർ ഭൂമിയും കേരളത്തിൻറെ പ്രകൃതി വിഭവങ്ങളുടെ വിശാലമായ മാപ്പും ലഭിക്കാൻ കഴിയുന്ന വിധത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഡിജിറ്റള്‍ സര്‍വെയാണ് നൂതന സാങ്കേതിക വിദ്യയായ RTK റോവർ, റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ ഉപയോഗിക്കുന്നത് നടപ്പിലാക്കുന്നത്.
കോർ സ്റ്റേഷന് സ്ഥാപിക്കുന്നതിനുള്ള ടെൻണ്ടറും എഗ്രീമെന്റും പൂർത്തിയാക്കി. മാർച്ച് മാസം പകുതിയോടെ കേരളത്തിൽ 28 സ്റ്റേഷനും സ്ഥാപിക്കാനാകും. ഡിജിറ്റൽ സർവേയ്ക്കായുള്ള ആർ.ടി.കെ റോവറും, റോബോട്ടിക് ടോട്ടല്‍ സ്റ്റേഷനുമായി വാങ്ങുന്നതിനുള്ള ആഗോള ടെൻഡർ നടപടി സർവേ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഈ മാസം 17നകം ഈ നടപടി പൂർത്തിയാക്കും.
സർവ്വേ വകുപ്പിന്റെ മുഴുവൻ സന്നാഹവും ഇതിനായി ഉപയോഗിക്കും. ഈ പ്രവർത്തനം പൂർത്തിയാകുന്നതോടെ സർവേ, റവന്യൂ, രജിസ്ട്രഷൻ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് ഒറ്റ പോർട്ടൽ മുഖേന ഭൂസംബന്ധമായ നടപടി സുതാര്യമാക്കും. ഇത് പോക്കുവരവ് അടക്കമുള്ള മേഖലകളിലെ തെറ്റായ പ്രവർത്തനം തടയാനാകും. ഭൂമിയുടെ അവകാശികൾക്ക് കൃത്യമായ രേഖ നൽകാനാകുന്ന വിപ്ലവകരമായ മാറ്റത്തിന് സർവേ വകുപ്പ് തുടക്കമിടും. സർവ്വേക്കായി ജീവനക്കാർക്ക് പരിശീലനം നൽകി വരികയാണ്. എംഎൽഎമാർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരുടെ മുഴുവൻ സഹകരണവും ലഭിച്ചിട്ടുണ്ട്.
ജനങ്ങൾക്ക് ബോധവൽക്കരണം നൽകിയാകും പൂര്‍ണ്ണജന പങ്കാളിത്തത്തോടെയാണ് ഡിജിറ്റൽ സർവ്വേ ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു