Revenue Minister calls Agriculture Minister Financial assistance was also guaranteed to unlicensed farmers

 

പുത്തൂരിൽ മിന്നൽ ചുഴലിയിലുണ്ടായ നാശനഷ്ടങ്ങളിൽ അടിയന്തര നടപടിക്കായി കൃഷിമന്ത്രി പി പ്രസാദുമായി തത്സമയം ഫോണിൽ ബന്ധപ്പെട്ട് റവന്യൂ മന്ത്രി
കെ രാജൻ. ചുഴലിക്കാറ്റിൽ കൃഷി നഷ്ടം വ്യാപകമായതിനാൽ നഷ്ടപരിഹാര തുകയ്ക്ക് പുറമെ
കുടുതൽ തുക ലഭ്യമാക്കുന്നതിനുള്ള നടപടി തീരുമാനിക്കുന്നതിനായാണ് കൃഷിമന്ത്രിയുമായി റവന്യൂ മന്ത്രി ഫോണിൽ തത്സമയം ബന്ധപ്പെട്ടത്. മിന്നൽ ചുഴലിയിലുണ്ടായ നാശനഷ്ടവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനിടെയായിരുന്നു മന്ത്രിയുടെ ഇടപെടൽ.

പട്ടയമില്ലാത്ത ഭൂമിയിൽ നിൽക്കുന്ന കാർഷിക വിളകൾക്ക് ധനസഹായം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയുടെയും പഞ്ചായത്ത് മെമ്പർമാരുടെയും സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാര തുക അനുവദിക്കാമെന്ന് കൃഷിമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അർഹതപ്പെട്ട ആർക്കും ധനസഹായം നഷ്ടപ്പെടില്ലെന്നും കൃഷിമന്ത്രി റവന്യൂമന്ത്രിക്ക് ഉറപ്പ് നൽകി. ദുരന്തനിവാരണത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഇത്തരക്കാർക്ക് ധനസഹായം ലഭിക്കാൻ ആവശ്യമായ സഹായം നൽകണമെന്നും റവന്യൂമന്ത്രി കൃഷിമന്ത്രിയോട് ആവശ്യപ്പെട്ടു.

ചുഴലി ബാധ്യത പ്രദേശത്ത് നാശനഷ്ട തോത് യുദ്ധകാലാടിസ്ഥാനത്തിൽ റവന്യൂ, എൽഎസ്ജിഡി, വനം, കൃഷി വകുപ്പുകളും, വൈദ്യുതി പുനസ്ഥാപിക്കുന്നതിന് കെ എസ് ഇ ബിയും അടിയന്തര നടപടികൾ സ്വീകരിച്ചുവെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.

വീട് തകർന്നിട്ടുള്ളവർക്ക് എസ് ഡി ആർ എഫിൽ നിന്ന് ലഭിക്കേണ്ട തുക അടിയന്തരമായി നൽകുന്നതിന് തഹസിൽദാർക്ക് മന്ത്രി നിർദ്ദേശം നൽകി. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വീട് നഷ്ടമായവർക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കാനുള്ള
അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. ദുരിതം നേരിട്ട വീടുകളിലെ രോഗബാധിതർക്ക് ചികിത്സാ സഹായത്തിന് സി എം ഡി ആർ എഫ് തുക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

റവന്യൂ ഡിവിഷണൽ ഓഫീസർ പി എ വിഭൂഷൺ, ഡിഎം ഡെപ്യൂട്ടി കലക്ടർ എ ജെ മധുസൂദനൻ, തൃശൂർ ഡിഎഫ്ഒ എസ്.ജയശങ്കർ, തഹസിൽദാർ ടി.ജയശ്രീ
കൃഷി- വനം റവന്യൂ പൊലീസ് കെ എസ് ഇ ബി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.