Lightning hurricane: First aid will be distributed on September 19th

 

ദുരന്തം നടന്ന് 10 ദിവസത്തിനുള്ളില്‍
നഷ്ടപരിഹാരത്തുക നല്‍കുന്നത് കേരളത്തില്‍ ആദ്യം

പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മിന്നല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ നഷ്ടപരിഹാര തുകയുടെ ആദ്യഘട്ട വിതരണം സെപ്റ്റംബര്‍ 19ന് നല്‍കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ അറിയിച്ചു. അഡീഷ്ണല്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്നയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഒരു ദുരന്തം സംഭവിച്ച് പത്ത് ദിവസത്തിനകം സാമ്പത്തിക സഹായം വിതരണം ചെയ്യുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമായാണെന്ന് മന്ത്രി പറഞ്ഞു. ദീര്‍ഘമായി നഷ്ടപരിഹാര തുക വൈകുന്ന സാഹചര്യം ഒഴിവാക്കാനായി വകുപ്പ് തലത്തില്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. നിലവില്‍ റവന്യൂ നല്‍കേണ്ട നഷ്ടപരിഹാര തുക ഞായറാഴ്ച കൈമാറുമെന്നും മന്ത്രി പറഞ്ഞു. വീട് തകര്‍ന്നവര്‍ക്കുള്ള ധനസഹായവും ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും.

പട്ടയം ഇല്ലാത്ത കൃഷിക്ക് നഷ്ടപരിഹാരം ലഭ്യമാകുന്നതിനായി കൃഷി മന്ത്രിയോട് ആവശ്യപ്പെടുകയും അക്കാര്യം മന്ത്രി സമ്മതിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക അതാത് വകുപ്പുകള്‍ വഴി നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതിനായി ക്യാബിനറ്റ് യോഗത്തില്‍ അവതരിപ്പിക്കാന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍ 8നാണ് മിന്നല്‍ ചുഴലിക്കാറ്റ് പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നാശം വിതച്ചത്. അപകടത്തിന് പിന്നാലെ മന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും പ്രദേശം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
അഡീഷ്ണല്‍ ചീഫ് സെക്രട്ടറി യോഗത്തില്‍ കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു. വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപ്പിക്കാനും നഷ്ടപരിഹാര തുക ലഭ്യമാക്കാന്‍ എല്ലാ വകുപ്പുകളെയും ഏകോപിപ്പിക്കാന്‍ ജില്ലാ കലക്ടറെ യോഗം നിയോഗിച്ചു. യോഗത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍, റവന്യൂ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ എന്നിവര്‍ക്ക് പുറമെ അസി. കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, എഡിഎം റെജി പി ജോസഫ്, ആര്‍ഡിഒ പി എ വിഭൂഷണന്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ കെ ബിജു, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ മധുസൂദനന്‍, തൃശൂര്‍ തഹസില്‍ദാര്‍ ജയശ്രീ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.: