റീസര്‍വ്വെ വിസ്തീര്‍ണ്ണ വ്യത്യാസം – വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവായി
റീസര്‍വെക്ക് ശേഷമുള്ള ഭൂമിയുടെ കരം ഒടുക്കുന്നത് സംബന്ധിച്ച് കാലങ്ങളായി നിലനിന്ന ആശയ കുഴപ്പത്തിന് വിരാമമിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. റീസര്‍വ്വെക്ക് ശേഷം ഭൂമിയുടെ വിസ്തീര്‍ണ്ണത്തില്‍ കൂടുതല്‍/കുറവുകള്‍ സംഭവിക്കാറുണ്ട്. വിസ്തീര്‍ണ്ണത്തില്‍ കൂടുതല്‍ വരുന്ന കേസുകളില്‍ കരമടച്ചു നല്‍കുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന സര്ക്കുലറിലേയും സര്‍ക്കാര്‍ ഉത്തരവിലേയും ആശയകുഴപ്പം കാരണം റീസര്‍വ്വെക്ക് ശേഷം കരമൊടുക്കാന്‍ കഴിയാത്ത ആയിരക്കണക്കിന് പരാതികള്‍ ലഭ്യമായിരുന്നു. ഇവ പരിഹരിക്കുന്നതിനായാണ് സ.ഉ.(കൈ) നം. 110/2022/ആര്‍ഡി തിയ്യതി 21.04.2022 പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
റീസര്‍വ്വെയില്‍ വിസ്തീര്‍ണ്ണ വര്‍ദ്ധനവ് കാണുന്ന കേസുകളില്‍ റീസര്‍വ്വെക്ക് മുന്‍പ് ആധാര പ്രകാരം പോക്കു വരവ് ചെയ്തു കരമൊടുക്കി വന്നതിന്റെ അടിസ്ഥാനത്തിലും വിസ്തീര്‍ണ്ണം കുറവുള്ള കേസുകളില്‍ കൈവശത്തിലുള്ള ഭൂമിക്കും കരമൊടുക്കി നല്‍കുന്നതിന് സമ്മതമാണെന്ന് അറിയിച്ചുകൊണ്ട് ബന്ധപ്പെട്ട കക്ഷി ഡിക്ലറേഷന്‍ നല്കുന്ന സംഗതിയില്‍ അപ്രകാരം കരം ഒടുക്കി നല്‍കുന്നതിനാണ് ഉത്തരവ്. വിവിധ താലൂക്ക് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന റീസര്‍വ്വെ പരാതികളില്‍ ഏറിയ പങ്കും വിസ്തീര്‍ണ്ണ വ്യത്യാസം സംബന്ധിച്ചുള്ളതാണ്. ഈ ഉത്തരവിലൂടെ അത്തരം പരാതികള്‍ തീര്‍പ്പാക്കപ്പെടും.
അധിക വിസ്തീര്‍ണ്ണം ക്രമവത്ക്കരിക്കുന്നത് സംബന്ധിച്ച് നിയമ നിര്‍മ്മാണം നടത്തുന്ന വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. താമസിയാതെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടാകും.