A special officer will be appointed for the distribution of pattas - Revenue Minister K Rajan

തിരുവനന്തപുരം : പട്ടയ വിതരണത്തിലെ കാലതാമസം ഒഴിവാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ഒരു പ്രത്യേക സെല്‍ രൂപീകരിച്ച് സ്പെഷല്‍ ഓഫീസറെ നിയമിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. വിഷന്‍ ആന്റ് മിഷന്‍ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ എംഎല്‍എമാരുമായുള്ള യോഗത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷം മറുപടി പറഞ്ഞ് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ മലയോര പട്ടയ വിതരണം സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്നും ഓഗസ്റ്റ് മാസത്തില്‍ തന്നെ ജോയിന്റ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിനായി കേന്ദ്രത്തെ സമീപിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തു. വിവിധ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും യോഗത്തില്‍ എംഎല്‍എമാര്‍ പങ്കുവെച്ചു. എംഎല്‍എമാര്‍ സമര്‍പ്പിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിനായി ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ പ്രത്യേക സെല്‍ രൂപീകരിച്ചതായി മന്ത്രി അറിയിച്ചു. പ്രകൃതിക്ഷോഭ ദുരന്തങ്ങളില്‍ ദുരിതാശ്വാസം ലഭ്യമാക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള റിലീഫ് മൊബൈല്‍ അപ്ലിക്കേഷന്‍ കാര്യക്ഷമമാക്കി ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നും പ്രകൃതി ദുരന്തങ്ങളില്‍ വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി ചിത്രമെടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ വില്ലേജ് ഓഫീസര്‍ നേരിട്ട് വന്ന് പരിശോധിക്കുകയും അതിന്റെ തുടര്‍ നടപടികള്‍ അറിയുന്നതിനായി ആപ്പില്‍ തന്നെ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി കെ.രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, ഡോ.ആര്‍.ബിന്ദു, മുന്‍ മന്ത്രി എ.സി.മൊയ്തീന്‍, എംഎല്‍എ മാരായ പി.ബാലചന്ദ്രന്‍, കെ.കെ.രാമചന്ദ്രന്‍, എന്‍.കെ.അക്ബര്‍, വി.ആര്‍.സുനില്‍കുമാര്‍, സി.സി.മുകുന്ദന്‍, ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, സനീഷ്‌കുമാര്‍ ജോസഫ്, സേവ്യര്‍ ചിറ്റിലപ്പിള്ളി, മുരളി പെരുന്നെല്ലി, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ലാന്റ് റവന്യൂ കമ്മീഷ്ണര്‍ കെ.ബിജു, ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍, സര്‍വ്വേ ഡയറക്ടര്‍, ഹൗസിംഗ് കമ്മീഷണര്‍, തൃശൂര്‍ എഡിഎം എന്നിവര്‍ പങ്കെടുത്തു.