Government approval for SOP

SOPക്ക് സർക്കാർ അംഗീകാരം

നി.കെ’ ഭൂമികൾക്ക് നികുതി നിശ്ചയിക്കാനുള്ള നടപടിക്രമങ്ങൾ പ്രസിദ്ധീകരിച്ചു; SOPക്ക് സർക്കാർ അംഗീകാരം നല്‍കി

റവന്യു രേഖകളിൽ ‘നി.കെ’ (നികുതി കെട്ടാത്ത) എന്ന വിഭാഗത്തിൽ ഉൾപ്പെട്ട ഭൂമികൾക്ക് നികുതി നിർണയിച്ച് അടയ്ക്കാനും, ആ വിഭാഗത്തിൽ നിന്ന് ഒഴിവാക്കാനും ഉള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജർ (SOP) സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചു.. ഇതുസംബന്ധിച്ചുള്ള ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കി.
Kerala Land Tax Act, 1961 പ്രകാരം ‘നി.കെ’ ഭൂമികളുടെ രജിസ്റ്റർഡ് കൈവശക്കാർക്കും അവരുടെ നിയമാനുസൃത പ്രതിനിധികൾക്കും നികുതി നിർണയിച്ച് അടയ്ക്കാൻ അനുവദിച്ച സർക്കാർ ഉത്തരവിന്റെ (06-10-2025) തുടർച്ചയായാണ് ഇപ്പോൾ വിശദമായ നടപടിക്രമങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

തഹസിൽദാർ മുതൽ ജില്ലാ കലക്ടർ വരെ വ്യക്തമായ ചുമതലകൾ

SOP അനുസരിച്ച്, നികുതി നിർണയ നടപടികൾ തഹസിൽദാർ ആണ് ആരംഭിക്കുക. അപേക്ഷ ലഭിച്ചാൽ 15 ദിവസത്തിനകം പ്രാഥമിക ഡിമാൻഡ് നോട്ടീസ് (Form B) നൽകണം. തുടർന്ന് ഭൂമിയുടമയ്ക്ക് 15 മുതൽ 30 ദിവസത്തിനകം ആക്ഷേപം ഉന്നയിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
Village Officer സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണം. അതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കും. തുടർന്ന് അന്തിമ ഡിമാൻഡ് നോട്ടീസ് (Form C) നൽകും.
SOP പ്രകാരം,
• പാറ, കാവ്, ക്ഷേത്രം, പള്ളി, ശ്മശാനം തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട ഭൂമികൾ ‘Dry Land’ ആയി
• കുളം, ചിറ, തോട് തുടങ്ങിയവ ‘Wet Land’ ആയി
Basic Tax Register (BTR) ൽ പുനർവർഗ്ഗീകരിക്കും.

അപ്പീൽ അവകാശവും ഉറപ്പാക്കി

തഹസിൽദാറുടെ അന്തിമ ഉത്തരവിനെതിരെ 30 ദിവസത്തിനകം ജില്ലാ കലക്ടർക്കു അപ്പീൽ നൽകാം.
ഭൂമിയുടമകൾക്ക് വലിയ ആശ്വാസമായിരിക്കും ഈ നടപടിയെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.
മലബാർ മേഖലയിൽ ഉൾപ്പെടെ ‘നി.കെ’ ഭൂമികളെക്കുറിച്ച് വർഷങ്ങളായി നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്കും വ്യത്യസ്ത വ്യാഖ്യാനങ്ങൾക്കും ഇതോടെ വിരാമമാകും. സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഒരുപോലെ വഴികാട്ടിയാകുന്നതാണ് പുതിയ SOP.