വിവിധ  വകുപ്പുകൾ മുഖേന പൊതുജനങ്ങൾക്ക് സർക്കാർ  സേവനങ്ങൾ ലഭ്യമാക്കുമ്പോൾ അപേക്ഷകന്റെ അർഹത തെളിയിക്കുന്നതിനായി, സേവന ദാതാക്കളായ വകുപ്പുകൾ,സ്ഥാപനങ്ങൾ വിവിധ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടാറുണ്ട്. സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുമ്പോൾ ഒഴിവാക്കാവുന്ന സർട്ടിഫിക്കറ്റുകൾ ഒഴിവാക്കുന്നതിനും, സർട്ടിഫിക്കറ്റുകൾ ഗസറ്റഡ് ഉദ്യോഗസ്ഥൻ, നോട്ടറി എന്നിവരുടെ സാക്ഷ്യപ്പെടുത്തലുകൾ കഴിയുന്നത്ര ഒഴിവാക്കാനും സേവനം ലഭ്യമാക്കാനുള്ള പ്രക്രിയ ലഘൂകരിക്കാനുമായി സംസ്ഥാന  സർക്കാർ 07.10.2021 തീയതിയിലെ GO(P)No.1/2021/PIE&MD ഉത്തരവ് പ്രകാരം മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

   റവന്യൂ വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റുകൾക്ക് പകരം ബദൽ രേഖകൾ സ്വീകരിക്കാമെന്നും ആയതിലേയ്ക്ക് ബന്ധപ്പെട്ട വകുപ്പുകൾ നിലവിലെ വ്യവസ്ഥകളിൽ  ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നുമാണ് പ്രസ്തുത ഉത്തരവിലെ നിർദ്ദേശം. എന്നാൽ പ്രസ്തുത നിർദേശങ്ങൾക്ക് വിരുദ്ധമായി ബഹു. അംഗം ചൂണ്ടി കാട്ടിയതുപോലെ പല സ്ഥാപനങ്ങളിലും /വകുപ്പുകളിലും ഇപ്പോഴും റവന്യൂ വകുപ്പ് അനുവദിക്കുന്ന സാക്ഷ്യപത്രങ്ങൾ തന്നെ അപേക്ഷകരോട്‌ ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌.

വില്ലേജ് ഓഫീസർ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്ന നിബന്ധന ഒഴിവാക്കി കേരളത്തിൽ ജനിച്ചിട്ടുളള ആളുകൾക്ക് ജനന സർട്ടിഫിക്കറ്റിന്റെയോ 5 വർഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചതിന്റെ രേഖയോ, കൂടാതെ സത്യ പ്രസ്താവനയും ഉണ്ടെങ്കിൽ നേറ്റിവായി പരിഗണിക്കാമെന്നും മേൽ പ്രസ്താവിച്ച ഉത്തരവിൽ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുളളതാണ്. കൂടാതെ ജാതി സർട്ടിഫിക്കറ്റിന് പകരമായി അപേക്ഷകന്റെ SSLC/വിദ്യാഭ്യാസരേഖയും, മാതാപിതാക്കൾ വ്യത്യസ്ഥ ജാതിയിൽപ്പെട്ടവരാണെങ്കിൽ അവകാശപ്പെടുന്ന ജാതിയിൽപ്പെടുന്ന രക്ഷിതാവിന്റെ വിദ്യാഭ്യാസ രേഖ കൂടി ഹാജരാക്കിയാൽ ജാതിസർട്ടിഫിക്കറ്റിന് പകരമായി തെളിവായി പരിഗണിക്കാമെന്നും നിർദ്ദേശിച്ചിട്ടുളളതാണ്.

       ‘ഒൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റ്’ സംബന്ധിച്ച് മേൽ ഉത്തരവിലെ ഖണ്ഡിക v (e) ലെ അവ്യക്തത ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുള്ളതാണ്. കേരള സർക്കാരുമായി ബന്ധപ്പെട്ട ഓഫീസുകളിൽ വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകുന്നത് ഒൺ ആൻഡ് സെയിം സർട്ടിഫിക്കറ്റിന് പകരമായി ഉപയോഗിക്കാവുന്നതാണ്‌. ഇതു കൂടാതെ, അപേക്ഷകൻ ആവശ്യപ്പെടുന്ന പക്ഷം വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകി വരുന്നുമുണ്ട്. ഇത് സംബന്ധിച്ച് പദ്ധതി നിർവ്വഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പിന്റെ  03.02.2023 തീയതിയിലെ GO(MS) No.1/2023 /PIEMD ഉത്തരവ് പ്രകാരം ഭേദഗതി വരുത്തുകയും ചെയ്തിട്ടുണ്ട്‌.

പ്രസ്തുത ഉത്തരവിന്റെ അവസാന ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന പ്രകാരം ബന്ധപ്പെട്ട വകുപ്പുകൾ അവരവരുടെ സേവനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ/മാന്വലുകൾ/സർക്കാർ ഉത്തരവുകൾ എന്നിവയിൽ ഭേദഗതി വരുത്താത്തതും അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിലുള്ള പരിജ്ഞാനക്കുറവും സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നതിനു കാരണമാകുന്നുണ്ട്.

വിവിധ സർട്ടിഫിക്കറ്റുകൾക്ക് പകരം സമർപ്പിക്കാവുന്ന രേഖകൾ, സത്യ പ്രസ്താവന എന്നിവ ടി സേവനം/ആനുകൂല്യം നൽകുന്നതിന് അംഗീകരിക്കാവുന്നതാണ് എന്ന തരത്തിൽ സേവനദാതാക്കളായ വകുപ്പുകളുടെ നിലവിലെ നിയമങ്ങൾ/ചട്ടങ്ങൾ, ഉത്തരവുകൾ എന്നിവയിൽ ആവശ്യമായ ഭേദഗതി വരുത്തിയോ അല്ലെങ്കിൽ പുതിയ ഉത്തരവുകൾ പുറപ്പെടുവിച്ചോ മാത്രമേ പദ്ധതി നിർവ്വഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് അനുസൃതമായും പരമാവധി ഫലപ്രദമായും പൊതുജനങ്ങൾക്ക് സഹായകമായ വിധത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുകയുളളു.

സേവന വകുപ്പ് എന്ന നിലയിൽ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകൾ നൽകാൻ റവന്യൂ ഉദ്യോഗസ്ഥന്മാർ ബാധ്യസ്ഥമാണ് ഇത് കർശനമായി നടപ്പിലാക്കും സബ്മിഷന്റെ സാഹചര്യത്തിൽ ഒരിക്കൽ കൂടി ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാവുന്നതാണ്.