One crore development projects will be implemented in Ancheri Model Colony

സംസ്ഥാന സർക്കാർ പട്ടികജാതി കോളനികളുടെ വികസനത്തിനായി നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി അഞ്ചേരി മോഡൽ കോളനിയിൽ ഒരു കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുന്നതിനായി ചേർന്ന കോളനി നിവാസികളുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു.

കോളനി നിവാസികളുടെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അർഹരായ മുഴുവൻ ആളുകൾക്കും പദ്ധതിയുടെ ഗുണഫലങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ഭവന പുനരുദ്ധാരണം, റോഡ്, കാന, കിണറുകൾ എന്നിവയുടെ നവീകരണം, ചുറ്റുമതിൽ, നടപ്പാത എന്നിവയുടെ നിർമാണം, സോളാർ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ ഒരുക്കൽ തുടങ്ങിയ പദ്ധതികളാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുക. പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. ഇതിനായി അഞ്ച് കോളനി വിനാസികൾ ഉൾപ്പെട്ട മോണിറ്ററിംഗ് കമ്മിറ്റിക്ക് യോഗം രൂപം നൽകി.

വിവിധ പദ്ധതികളുടെ പൂർത്തീകരണത്തിനായി കൂടുതൽ തുക ആവശ്യമായി വരുന്ന പക്ഷം അത് ലഭ്യമാക്കാൻ സംവിധാനമൊരുക്കും. കോളനി നിവാസികളുടെ ഏത് വികസന ആവശ്യങ്ങൾക്കുമുള്ള ഫണ്ട് കോർപറേഷൻ ലഭ്യമാക്കും. സംസ്ഥാന നിർമിതി കേന്ദ്രത്തിനാണ് അംബേദ്കർ കോളനി വികസന പദ്ധതിയുടെ നിർമാണ ചുമതല.

56 പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ 57 കുടുംബങ്ങളാണ് അഞ്ചേരി മോഡൽ കോളനിയിൽ താമസിക്കുന്നത്. 2021-2022 വർഷത്തിൽ അംബേദ്കർ ഗ്രാമപദ്ധതിയിൽ ഉൾപ്പെട്ട 164 കോളനികളിൽ ഒല്ലൂർ നിയോജക മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ട് കോളനികളിലൊന്നാണ് അഞ്ചേരി കോളനി. ഒല്ലൂക്കര ഉദയപുരം കോളനിയാണ് പദ്ധതി നടപ്പിലാക്കുന്ന മണ്ഡലത്തിലെ മറ്റൊരു കോളനി. 2022-23 വർഷത്തെ പദ്ധതിയിൽ കോർപറേഷൻ പരിധിയിലെ പനമുക്ക് ഹെർബർട്ട് നഗർ കോളനിയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.