tittle deed

2016 മുതല്‍ നല്‍കിയത് 227625 പട്ടയം
—–
സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയവും ലക്ഷ്യവും. അഞ്ചു വര്‍ഷത്തിനുള്ളില്‍ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 2016 മുതല്‍ ഇതുവരെ 227625 പട്ടയ ഭൂമികളാണ് പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. ഇതില്‍ 1,77,011 പട്ടയങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് നല്‍കിയത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം 50,614 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു. ആദ്യ നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 13,514 പേര്‍ക്ക് പട്ടയങ്ങളും രണ്ടാം നൂറ് ദിനത്തില്‍ 37,100 പട്ടയങ്ങളും വിതരണം ചെയ്തു. തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും അധികം പട്ടയ വിതരണം നടന്നിട്ടുളളത്, 11358 എണ്ണം. ഇടുക്കി 2985, മലപ്പുറം 10136, കോഴിക്കോട് 6403, പാലക്കാട് 7260, വയനാട് 931, കണ്ണൂര്‍ 3203, കാസറോഡ് 1900, എറണാകുളം 2977, പത്തനംതിട്ട 371, ആലപ്പുഴ 635, കോട്ടയം 378, കൊല്ലം 1181, തിരുവനന്തപുരം 896 എന്നിങ്ങനെയാണ് ആദ്യ വര്‍ഷത്തില്‍ നല്‍കിയ പട്ടയങ്ങള്‍.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്ത 1,77,011 പട്ടയങ്ങളില്‍ 43,887 പട്ടയങ്ങള്‍ വിതരണം ചെയ്തത് തൃശ്ശൂര്‍ ജില്ലയിലാണ്. ഇടുക്കി 37815, മലപ്പുറം 29120, പാലക്കാട് 18552, കോഴിക്കോട് 10430, കണ്ണൂര്‍ 10176, കാസറഗോഡ് 8774, എറണാകുളം 6217, കൊല്ലം 3348, വയനാട് 3095, തിരുവനന്തപുരം 2426, ആലപ്പുഴ 1202, കോട്ടയം 1082, പത്തനംതിട്ട 887.

സംസ്ഥാനത്ത് ഇനി മുതല്‍ ഇ-പട്ടയങ്ങള്‍ ആയിരിക്കും വിതരണം ചെയ്യുക. നിലവില്‍ പേപ്പറില്‍ അച്ചടിച്ച പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ഇത്തരത്തിലുള്ള പട്ടയങ്ങള്‍ നഷ്ടപ്പെട്ടാല്‍ അതിന് പകര്‍പ്പുകള്‍ എടുക്കുവാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമുണ്ടായിരുന്നു. ബന്ധപ്പെട്ട റവന്യൂ ഓഫീസുകളില്‍ പട്ടയ ഫയലുകള്‍ ഒരു പ്രത്യേക കാലയളവ് മാത്രമേ സൂക്ഷിക്കുന്നുള്ളു. കൂടാതെ പട്ടയ ഫയലുകള്‍ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പട്ടയ രേഖകള്‍ കണ്ടെത്തി പകര്‍്പ്പുകള്‍ ലഭിക്കാത്ത സാഹചര്യം വലിയ രീതിയില്‍ ബുദ്ധിമുട്ടുകള്‍ക്കും പരാതികള്‍ക്കും ഇടയാക്കുന്നുണ്ട്. ഇതിനൊരു പരിഹാരമാണ് ഇ-പട്ടയം. സോഫ്ട് വെയര്‍ അധിഷ്ഠിതമായി ഡിജിറ്റലായി നല്‍്കുന്ന പട്ടയമാണ് ഇ-പട്ടയം. നല്‍കുന്ന പട്ടയങ്ങളുടെ വിവരങ്ങള്‍ സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ നഷ്ടപ്പെടാത്ത രീതിയില്‍ സംരക്ഷിക്കും. ക്യു ആര്‍ കോഡും ഡിജിറ്റല്‍ സിഗ്‌നേച്ചറുമുള്ള പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.