*Ente Keralam' mega exhibition and marketing fair ends on a grand note*

*എന്റെ കേരളം’ മെഗാ പ്രദർശന വിപണന മേളയ്ക്ക് ഉജ്ജ്വല സമാപനം*

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ‘എന്റെ കേരളം’ മെഗാ പ്രദർശന വിപണന മേളയ്ക്ക് ഉജ്ജ്വല സമാപനം. തേക്കിൻകാട് മൈതാനം – വിദ്യാർത്ഥി കോർണറിൽ കഴിഞ്ഞ എട്ട് ദിവസമായി നടന്ന വികസനക്കാഴ്ചകളുടെ മാമാങ്കത്തിനാണ് സമാപനമായത്. ആദ്യ ദിനം മുതൽ വൻ ജനകീയ പങ്കാളിത്തമാണ് എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയെ വ്യത്യസ്തമാക്കിയത്. കറങ്ങും ക്യാമറയിൽ 360 ഡിഗ്രി വീഡിയോയ്ക്ക് പോസ് ചെയ്ത് ജില്ലയിലെ മന്ത്രിമാർ മുതൽ കൊച്ചുകുട്ടികൾ വരെ താരമായി.

ഗ്രാമീണ സൗന്ദര്യവും ഏലത്തോട്ടവും സുരങ്കയും ഉൾപ്പെടെ ഒട്ടനവധി കാഴ്ചകളോടെയാണ് ടൂറിസം വകുപ്പ് കാണികളെ വരവേറ്റത്. മെഹന്തിയും പാട്ടും ചെസ്സും ലൈവ് ചിത്രംവരയുമായി ആക്ടിവിറ്റി കോർണറുകൾ മേളയ്ക്ക് ആരവം കൂട്ടി. കുട്ടികൾക്കായുള്ള കളിമുറ്റം വരയും കളിയും കഥ പറച്ചിലുമായി നിറഞ്ഞു.

നൂറോളം കൊമേഷ്സ്യൽ സ്റ്റാളുകൾ ഉൾപ്പെടെ ഇരുന്നുറിലേറെ സ്റ്റാളുകളാണ് മേളയിൽ ഉണ്ടായത്. വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള ഉൽപ്പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉൽപ്പന്നങ്ങളുമാണ് പ്രദർശനത്തിനും വിപണനത്തിനുമായി എത്തിയത്. കൂടാതെ വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന തീം സ്റ്റാളുകളും വിവിധ സർക്കാർ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന യൂട്ടിലിറ്റി സ്റ്റാളുകളും മേളയുടെ ഭാഗമായി. അക്ഷയയുടെ ആധാർ ഉൾപ്പെടെയുള്ള സേവനങ്ങൾ, ജീവിതശൈലീ രോഗങ്ങളുടെ പരിശോധന, മണ്ണ്, ജല പരിശോധന, പാൽ, ഭക്ഷ്യ സാധനങ്ങളുടെ സാമ്പിളുകൾ എന്നിവയുടെ പരിശോധന, ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ, കരിയർ ഗൈഡൻസ്, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള കൗൺസലിംഗ്, ചെറിയ കുട്ടികളിലെ ഭിന്നശേഷി നിർണയ പരിശോധന തുടങ്ങിയവയാണ് യൂട്ടിലിറ്റി സ്റ്റാളുകളിൽ ലഭിച്ച സൗജന്യ സേവനങ്ങൾ. ഇതിനു പുറമെ, ദുരന്ത നിവാരണം, സ്വയം പ്രതിരോധം എന്നിവയുടെ ഡെമോകളും സുരക്ഷിത വൈദ്യുതി, വാതക ഉപയോഗം, ലഹരി വിമുക്തി തുടങ്ങിയവയെ കുറിച്ചുള്ള ബോധവൽക്കരണവും മേളയിൽ നടന്നു. മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ വിശാലമായ ഫുഡ്കോർട്ടും ഒരുങ്ങിയിരുന്നു.

മേള നടന്ന ദിവസങ്ങളിൽ എല്ലാ വൈകുന്നേരങ്ങളിലും സംഗീത, കലാപരിപാടികൾ പൂരനഗരിയെ ആവേശത്തിലാഴ്ത്തി. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള പ്രമുഖ കലാ സംഘങ്ങളാണ് എന്റെ കേരളം അരങ്ങിലെത്തിയത്