റവന്യൂ വകുപ്പിൽ പുതിയതായി നിയമിതരാകുന്ന എൽഡി ക്ലാർക്ക്,/വില്ലേജ് അസിസ്റ്റന്റ് ജീവനക്കാർക്ക് ഇൻ സർവ്വീസ് കോഴ്സായി ഒരു മാസത്തെ ചെയിൻ സർവ്വെ പരിശീലനം സർവ്വെ വകുപ്പ് മുഖാന്തിരം നടത്തി വരുന്നുണ്ട്. 1984 മുതൽ പ്രൊബേഷൻ പ്രഖ്യാപനത്തിനുള്ള യോഗ്യതയായി ചെയിൻ സർവ്വെ കോഴ്സ് പാസാകണമെന്ന് കേരള റവന്യൂ മിനിസ്റ്റീരിയൽ സബോർഡിനേറ്റ് സർവ്വീസിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഉത്തരവായിരുന്നു. ഈ ഉത്തരവാണ് സർക്കാർ പുനപരിശോധിക്കാൻ തീരുമാനിച്ചത്. ഐടിഐ ദ്വിവത്സര സർവ്വെ കോഴ്സും, പോളിടെക്നിക് സിവിൽ എഞ്ചീനിയറിംഗ് ഡിപ്ലോമയും വിജയിച്ചിട്ടുള്ളവർക്ക് ഇനി മുതൽ പ്രൊബേഷൻ പൂർത്തിയാക്കാൻ ചെയിൻ സർവ്വെ കോഴ്സ് നിർബന്ധമല്ല. നിരവധി നിവേദനങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട് ലഭിച്ചിരുന്നു. ആ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ ഉന്നത തല യോഗം വിളിച്ച് ചേർക്കുകയും വിഷയം വിശദമായി പരിശോധിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഐടിഐ ദ്വിവത്സര സർവ്വെ കോഴ്സും, ത്രിവത്സര പോളി ടെക്നിക്ക് സിവിൽ എഞ്ചീനിയറിംഗ് കോഴ്സും പാസായവരെ ചെയിൻ സർവ്വീസ് കോഴ്സിൽ നിന്നും ഒഴിവാക്കി റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് .