ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു
മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ വഴുക്കുംപാറയ്ക്ക് സമീപം റോഡിലുണ്ടായ വിള്ളലിന് നാലാഴ്ചയ്ക്കുള്ളിൽ ശാസ്ത്രീയ പരിഹാരം കാണും. ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയരക്ടറും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലം പരിശോധിച്ച ശേഷം ജില്ലാ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു യോഗം. റോഡിന് വിള്ളലുണ്ടായ ഭാഗത്തെ പാർശ്വഭിത്തി നിർമാണത്തിൽ ഗുരുതരമായ അപാകതയുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
സർവീസ് റോഡ് നിലനിർത്തിക്കൊണ്ട് നിലവിലെ പാർശ്വഭിത്തി ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ നാലാഴ്ചയ്ക്കകം കൈക്കൊള്ളും . നിലവിൽ സംരക്ഷണ ഭിത്തി നിർമിച്ചതിൽ കരാറുകാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി വിലയിരുത്തിയിട്ടുണ്ട്. റോഡിന്റെ ചരിവിലേക്ക് മഴവെളളം കിനിഞ്ഞിറങ്ങാത്ത രീതിയിലായിരിക്കും ഭിത്തിയുടെ ആ ഈ ഭാഗം പുനർനിർമിക്കുക. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും നിർമാണം. പ്രവൃത്തിയുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി കർശന നിരീക്ഷണം ഏർപ്പെടുത്തും.
ദേശീയപാത അതോറിറ്റിയുടെ പ്രദേശത്തെ മേൽനോട്ട ചുമതലയുള്ള റെസിഡന്റ് എൻജിനിയർ രണ്ട് ദിവസത്തിലൊരിക്കലും സൈറ്റ് എൻജിനിയർ നാല് ദിവസത്തിലൊരിക്കലും സ്ഥലത്ത് നേരിട്ടെത്തി നിർമാണ പ്രവൃത്തികൾ വിലയിരുത്തും. കൂടാതെ ജില്ലാ കലക്ടർ നിർദേശിക്കുന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥസംഘം അഞ്ച് ദിവസത്തിലൊരിക്കൽ സ്ഥലം സന്ദർശിച്ച് നിർമാണപുരോഗതിയും ഗുണനിലവാരവും വിലയിരുത്തി റിപോർട്ട് നൽകും. റോഡ് ഇടിഞ്ഞ ഭാഗത്ത് കോൺക്രീറ്റ് ബീം കെട്ടി ബലപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വികരിക്കും.
പ്രദേശത്തെ സർവീസ് റോഡ് ഉൾപ്പെടെ ആവശ്യമായ മാറ്റങ്ങൾ വരുത്തിയുള്ള ചെയ്ഞ്ച് ഓഫ് സ്‌കോപ്പ് ശുപാർശയ്ക്ക് ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തും.