The Hundred Day Karma Program begins

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കുന്ന പുനർഗേഹം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറയിൽ നിർമ്മിക്കുന്ന ഭവന സമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി സർക്കാരിൻറെ രണ്ടാം വാർഷിക ആഘോഷത്തോടനുബന്ധിച്ച നൂറ് ദിന കർമ്മ പരിപാടിക്ക് 2023 ഫെബ്രുവരി 10ന് തുടക്കം കുറിക്കുകയാണ്.
കടലാക്രമണത്താൽ ഭൂമിയും വീടും നഷ്ടപ്പെട്ട് മത്സ്യത്തൊഴിലാളികൾ ക്യാമ്പുകളിലും മറ്റും കഴിയുന്ന കാഴ്ചയായിരുന്നു 2016ൽ അധികാരമേൽക്കുമ്പോൾ അന്നത്തെ എൽഡിഎഫ് സർക്കാരിന് മുൻപിൽ ഉണ്ടായിരുന്നത്. അതിനെ തുടർന്നാണ് കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങൾക്കും സുരക്ഷിത മേഖലയിൽ ഭവനമൊരുക്കുവാൻ 2450 കോടി രൂപയുടെ ‘പുനർഗേഹം’ പദ്ധതി ആവിഷ്ക്കരിച്ചത്.
പുനർഗേഹം പദ്ധതി പ്രകാരം ഗുണഭോക്താവ് ഭൂമി വാങ്ങി ഭവനം നിർമ്മിക്കുകയാണെങ്കിൽ 10 ലക്ഷം രൂപ ധനസഹായം ലഭിക്കും. കൂടാതെ ഭൂമി ഏറ്റെടുത്ത് ഭവന സമുച്ചയങ്ങൾ നിർമ്മിച്ചുള്ള പുനരധിവാസവും നടത്തിവരുന്നു. 390 ഫ്ളാറ്റുകളും 1931 വ്യക്തിഗത ഭവനങ്ങളും ഉൾപ്പെടെ 2322 കുടുംബങ്ങളെ ഇതുവരെ പുനരധിവസിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. 1184 ഫ്ളാറ്റുകളും 1361 ഭവനങ്ങളും നിർമ്മാണത്തിൻറെ വിവിധ ഘട്ടങ്ങളിലുമാണ്.
തിരുവനന്തപുരം ജില്ലയിൽ മുട്ടത്തറയിൽ ക്ഷീരവികസന വകുപ്പിൻറെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന 8 ഏക്കർ ഭൂമി ലഭ്യമാക്കി അതിൽ 400 ഫ്ളാറ്റുകൾ നിർമ്മിക്കുന്നതിന് 81 കോടി രൂപയുടെ ഭരണാനുമതി നൽകി കഴിഞ്ഞു. ഒന്നര കൊല്ലം കൊണ്ടു നിർമ്മാണം പൂർത്തീകരിച്ചു ഭവനങ്ങൾ
ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നത്. പുനർഗേഹം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളി മേഖലയിലെ പാർപ്പിട പ്രശ്നത്തിനു ശാശ്വതമായ പരിഹാരം കാണാൻ സാധിക്കും. ആ ലക്ഷ്യം നിറവേറാൻ നമുക്ക് ഒരുമിച്ചു മുന്നോട്ടു നീങ്ങാം