It's only months before Puttur wakes up

സുവോളജിക്കൽ പാർക്കിൽ മൂന്നാംഘട്ട നിർമ്മാണം തുടങ്ങി
പുത്തൂരിനെ ടൂറിസം വില്ലേജാക്കി വികസിപ്പിക്കും
ജൂലൈയോടെ കൂടുതൽ മൃഗങ്ങളും പക്ഷികളുമെത്തും

പുത്തൂർ സുവോളജിക്കൽ പാർക്കിൽ ജൂലൈ മാസത്തോടെ പക്ഷികളെയും കൂടുതൽ മൃഗങ്ങളെയും എത്തിച്ചുതുടങ്ങും. ഇന്ത്യക്ക് പുറത്തുനിന്ന് മൃഗങ്ങളെ കൊണ്ടുവരുന്ന കാര്യവും ആലോചനയിലുണ്ട്. ഇക്കാര്യങ്ങളിൽ സൂ അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയാണ്.

അന്താരാഷ്ട്ര സുവോളജിക്കൽ പാർക്ക് വരുന്നതോടെ ടൂറിസ്റ്റുകളുടെ ശ്രദ്ധാകേന്ദ്രമാകുന്ന പുത്തൂരിനെ മികച്ച ടൂറിസ്റ്റ് വില്ലേജ് ആക്കി മാറ്റും. ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുക. പഞ്ചായത്തിനും തദ്ദേശീയ ജനങ്ങൾക്കും വരുമാനം ലഭിക്കത്തക്ക വിധമുള്ള പദ്ധതികൾ നടപ്പിലാക്കാനും ലക്ഷ്യമിടുന്നു. എല്ലാ പ്രവർത്തനങ്ങളും പ്രകൃതി സൗഹൃദമായാണ് നടപ്പിലാക്കുക. ഗ്രാമത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടായിരിക്കും ഇവ നടപ്പിലാക്കുക. സമയബന്ധിതമായി പണികൾ പൂർത്തിയാക്കുന്നതിൽ അഭിനന്ദനാർഹവും മാതൃകാപരവുമായ പ്രവർത്തനമാണ് സുവോളജിക്കൽ പാർക്ക് കാഴ്ചവയ്ക്കുന്നത്.
പാർക്കിന്റെ രണ്ടാംഘട്ട പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. മൂന്നാംഘട്ട പ്രവൃത്തികൾ സമാന്തരമായി ആരംഭിച്ചിട്ടുണ്ട്. 269.75 കോടി രൂപയാണ് പാർക്കിനായി കിഫ്ബി അനുവദിച്ചത്. ഇതിൽ നിന്ന് 170 കോടിയിലേറെ രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 46 കോടി പൂർണമായും ചെലവഴിക്കാനായി. തടസ്സങ്ങളൊന്നുമില്ലാതെ പ്രതീക്ഷിച്ച രീതിയിൽ പ്രവൃത്തികൾ മുന്നോട്ട് പോവുകയാണെന്നും 2024 തുടക്കത്തിൽ തന്നെ അഭിമാനകരമായി പുത്തൂർ സുവോളജിക്കൽ പാർക്ക് നാടിന് സമർപ്പിക്കാൻ സാധിക്കും.

സുവോളജിക്കൽ പാർക്കിലേക്കുള്ള റോഡ് വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി അന്തിമഘട്ടത്തിലാണ്. ഭൂമി നൽകിയവർക്ക് ജൂലൈ മാസത്തോടുകൂടി തുക അനുവദിക്കും. നിലവിൽ റോഡ് നിർമാണത്തിന് അനുവദിച്ച 25 കോടിയിൽ 23 കോടി രൂപയോളം നഷ്ടപരിഹാരമായി നൽകേണ്ടിവരും. റോഡ് നിർമാണത്തിനായി കൂടുതൽ തുക ആവശ്യപ്പെട്ടിട്ടുണ്ട്. പാർക്കിലേക്ക് ഡിസൈൻ റോഡ് കിഫ്ബി ആലോചനയിൽ ഉണ്ട്. പുത്തൂരിൽ സമാന്തര പാലവും നിർമിക്കും.
എലവേറ്റഡ് വാക്ക് വേയുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. പാർക്കിലൂടെയുള്ള നടപ്പാതക്ക് അരികിലായി സോളാർ സംവിധാനം സ്ഥാപിച്ചു തുടങ്ങി. ഭാവിയിൽ സിയാൽ മാതൃകയിൽ സോളാർ സംവിധാനം വിപുലപ്പെടുത്താനും ആലോചനയുണ്ട്. പ്രകൃതിയുടെയോ പ്രദേശത്തിന്റെയോ തനിമ നഷ്ടപ്പെടാതെ വികസനം നടപ്പിലാക്കുകയാണ് ലക്‌ഷ്യം.

സന്ദർശകർക്ക് പാർക്കിലൂടെ സുഗമമായി യാത്ര ചെയ്യുന്നതിനായി ട്രാം ട്രെയിൻ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. അതിനുള്ള താൽപര്യപത്രം ഇതിനകം ക്ഷണിച്ചു കഴിഞ്ഞു. ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കും. കഫ്റ്റീരിയകൾ, ടോയ് ലെറ്റുകൾ തുടങ്ങിയവയുടെ നിർമാണവും പുരോഗമിക്കുകയാണ്. കുരങ്ങുകൾ, ചീങ്കണ്ണി, മുതല, കാട്ടുപോത്ത് തുടങ്ങിയവയ്ക്കായി ഒരുങ്ങുന്ന ആവാസ ഇടങ്ങൾ കിളിക്കൂടുകൾ, ആശുപത്രി തുടങ്ങിയവ തയ്യാറായി.