പ്രളയ ദുരിതാശ്വാസ ധനസഹായമായി ഏറ്റവും കൂടുതൽ തുക നല്കുന്ന സംസ്ഥാനം കേരളമാണ്. ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് സ്ഥലം വാങ്ങുന്നതിന് 6 ലക്ഷവും വീട് വയ്ക്കുന്നതിന് 4 ലക്ഷവും ചേർത്ത് 10 ലക്ഷം രൂപയും അനുവദിക്കുന്നുണ്ട്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം വ്യക്തിഗത നാശനഷ്ട്ടങ്ങൾക്കും പൊതു നാശനഷ്ട്ടങ്ങൾക്കും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഉള്ളത്. ഇതു പ്രകാരം സംസ്ഥാന ദുരന്ത പ്രതികരണ നിധിയില് നിന്നും നല്കാന് കഴിയുന്ന ധനസഹായം വളരെ കുറവാണ്. SDRF മാനദണ്ഡമനുസരിച്ച് നമുക്ക് നല്കാന് കഴിയുന്നത് പൂര്ണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് കുന്നിന് പ്രദേശങ്ങളിൽ 101900 രൂപയും സമതലങ്ങളിൽ 95100 രൂപയുമാണ്.
എന്നാൽ കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് നാശ നഷ്ടത്തിന്റെ തോത് വിവിധ സ്ലാബുകളിലാക്കി 15 ശതമാനം വരെയുള്ളവർ 16 മുതല് 29 ശതമാനം വരെ, 30 മുതല് 59 ശതമാനം വരെ, 60 മുതല് 74 ശതമാനം വരെ, 75 മുതല് 100 ശതമാനം വരെ എന്നിങ്ങനെ മാറ്റാനും പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് CMDRF ല് നിന്നുള്ള വിഹിതവും കൂടി ചേർത്തു ആകെ 4 ലക്ഷം രൂപ വരെ ലഭിക്കുന്ന തരത്തിൽ സർക്കാർ ധനസഹായം ലഭ്യമാക്കുവാനും നടപടി സ്വീകരിച്ചിട്ടുണ്ട്. പുറമ്പോക്കിൽ താമസിക്കുന്നവരുടെ കാര്യത്തിലും അനുഭാവ പൂർണമായ നടപടിയാണ് സർക്കാർ സ്വീകരിച്ചത്. പുറമ്പോക്ക് ഭൂമിയിൽ ഉൾപ്പെടെ വീട് നഷ്ടപ്പെട്ടവർക്ക് പരമാവധി 4 ലക്ഷം രൂപം വരെ അനുവദിക്കുന്നതിനും ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ വരെ നല്കുന്നതിനുമുള്ള ശ്രദ്ധേയമായ തീരുമാനം കൈകൊണ്ടിട്ടുണ്ട്.
15-ാം ധനകാര്യ കമ്മീഷൻ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ചു. കേരളം നൽകുന്ന തോതിലെങ്കിലും ദുരിതാശ്വാസ സഹായം നൽകണമെന്ന് കേരളം ആവർത്തിച്ചു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ദേശീയ ദുരന്ത പ്രതികരണ നിധിയുടെ പുതുക്കിയ മാനദണ്ഡമനുസരിച്ച് മലയോര മേഖലയിൽ പൂർണമായും തകർന്ന വീടിന് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയും സമതലത്തില് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും മാത്രമാണ് 2022 – 26 കാലഘട്ടത്തിലേക്ക് അനുവദനീയമായി വന്നിട്ടുള്ളത്. ഇത്തരത്തിൽ പൊതുവായി തന്നെ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾ പൂർണമായ അർഥത്തിൽ പുനരധിവാസം സാധ്യമാക്കുന്നതിന് സഹായകരമല്ല എന്നത് വസ്തുതയാണ്. ലഭ്യമാകുന്ന എല്ലാ അവസരങ്ങളിലും മാനദണ്ഡങ്ങളും അനുസരിച്ച് അനുവദിക്കാവുന്ന തുക വർധിപ്പിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്ത്ഥിച്ചു.