Land reclassification – New jobs will be created

ഭൂമി തരംമാറ്റം -പുതിയ തസ്തികകൾ സൃഷ്ട്ടിക്കും

ഭൂമി തരംമാറ്റത്തിനായുളള അപേക്ഷകൾ അതിവേഗം തീർപ്പാക്കുന്നത് ലക്ഷ്യം വെച്ച് 249 പുതിയ തസ്തികകൾ ഉണ്ടാക്കാൻ സർക്കാർ തിരുമാനിച്ചു. 68 ജൂനിയർ സൂപ്രണ്ട് തസ്തികയും 181 ക്ലാർക്ക് തസ്തികയുമാണ് നിലവിൽ വരിക. ഇതൊടൊപ്പം 123 സർവ്വെയർമാരെ താല്കാലികമായി നിയമിക്കാനും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 220 വാഹനങ്ങൾ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിനും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

റവന്യൂ വകുപ്പിന്റെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസ് തലം മുതൽ വിവിധ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. വില്ലേജ് ഓഫീസിലെ അടിസ്ഥാന രേഖകളായ BTR, തണ്ടപ്പേർ എന്നിവ ഡിജിറ്റൈസ് ചെയ്ത് ഭൂനികുതി ഓൺലൈനായി സ്വീകരിച്ചു തുടങ്ങിയതോടെ ഭൂമിയുടെ യഥാർത്ഥ തരം നികുതി രസീതിൽ രേഖപ്പെടുത്താൻ തുടങ്ങി. പതിനായിരകണക്കിന് തരംമാറ്റ അപേക്ഷകൾ സംസ്ഥാനത്തെ റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ കുന്നുക്കൂടുന്നതിന് ഇത് കാരണമായി.

പരിമിതമായ മനുഷ്യവിഭവശേഷിയോടെ പ്രവർത്തിച്ചിരുന്ന RDO ഓഫീസുകളിലേക്ക് ക്രമാതീതമായി ലഭിച്ച തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാനാവാതെ RDO ഓഫീസുകളുടേയും വില്ലേജ് ഓഫീസുകളുടേയും താലൂക്ക് ഓഫീസുകളുടേയും പ്രവർത്തനം താളം തെറ്റുന്ന അവസ്ഥയിലായി . ഇതേ തുടർന്ന് പ്രത്യേക സർക്കാർ ഉത്തരവിലൂടെ 990 താല്കാലിക തസ്തികകൾ 6 മാസത്തേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കുന്നതിനും 340 വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനും കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിനും പണം അനുവദിച്ചിരുന്നു. ഈ നടപടിയിലൂടെ ഒരു ലക്ഷത്തിലേറെ അപേക്ഷകൾ തീർപ്പാക്കാനായി.ഇതിനകം ഓൺലൈനായി രണ്ട് ലക്ഷത്തിലേറെ പുതിയ അപേക്ഷകൾ ലഭിച്ചു. ഇതേ തുടർന്ന്,രണ്ടാമത് ഒരു ഉത്തരവിലൂടെ താല്കാലിക ജീവനക്കാരുടെ സേവനം 6 മാസം കൂടി ദീർഘിപ്പിച്ചിരുന്നു. തീർപ്പാക്കുന്നതിലേറെ അപേക്ഷകൾ ദിനംപ്രതി പുതുതായി ലഭിക്കുന്നത് മൂലം റവന്യൂ ഓഫീസുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ച അവസ്ഥയിലാണ് പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെട്ടത്. ഇതിലൂടെ PSC -യിലേക്ക് 249 ക്ലാർക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനാകും.