മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജം; ജനങ്ങൾ ജാഗ്രത പാലിക്കണം

*മലയോര മേഖലകളിലൂടെയുള്ള അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം*

*കുട്ടികൾ അനാവശ്യമായി വെള്ളത്തിലിറങ്ങാതെ ശ്രദ്ധിക്കണം*

മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സർവ സജ്ജമാണ്. ഇതിനായി എല്ലാ ഏജൻസികളെയും കൂട്ടിയോജിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽകിവരികയാണ്. നിലവിലെ ശക്തമായ മഴ 24 മുതൽ 36 മണിക്കൂർ വരെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെയുള്ള പ്രദേശങ്ങളിൽ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തി അതേനിലയിൽ തുടരുകയാണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനം ഗൗരവത്തോടെ കാണണം.

നിലവിൽ സംസ്ഥാനത്ത് 91 ക്യാംപുകളിലായി 651 കുടുംബങ്ങളിൽ നിന്നുള്ള 2096 പേരാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് രണ്ടര ലക്ഷം പേരെയും അല്ലാതെ നാലര ലക്ഷം പെരെയും മാറ്റിപ്പാർപ്പിക്കാനുള്ള സൗകര്യങ്ങൾ സജ്ജമാണ്.

തൃശൂർ ജില്ലയുടെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം നേരിയ ഭൂകമ്പം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും റിക്ടർ സ്‌കെയിലിൽ മൂന്നിന് താഴെ മാത്രമാണ് തീവ്രത രേഖപ്പെടുത്തിയതെന്നാണ് പരിശോധനയിൽ ബോധ്യമായത്. ഇത്തരം ചെറുചലനങ്ങൾ അപകടകാരികളല്ലെന്നു മാത്രമല്ല, ഭൂമിക്കടിയിലെ മർദ്ദം കുറയ്ക്കാൻ ഇത് സഹായകമാവും എന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ.

ഇത്തവണ മലയോര മേഖലകളിലുണ്ടായിട്ടുള്ള ശക്തമായ മഴ ഗൗരവത്തോടെ കാണണം. ഇതുവഴി മണ്ണ് വലിയ രീതിയിൽ മൃദുവാകാനും സോയിൽ പൈപ്പിംഗ് പോലുള്ള പ്രതിഭാസങ്ങൾക്കും മണ്ണിടിച്ചിലിനും കാരണമാവാനിടയുണ്ട്. അതുകൊണ്ട് തന്നെ നല്ല രീതിയിലുള്ള ജാഗ്രത ആവശ്യമാണ്. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. മഴക്കെടുതികൾ നേരിടുന്നതിനായി ഏഴ് ജില്ലകളിൽ എൻഡിആർഎഫ് സംഘങ്ങൾ ഇതിനകം എത്തിയിട്ടുണ്ട്. കാലവർഷവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർമാരുമായി ആശയവിനിമയം നടത്തുന്നുണ്ട്.

അണക്കെട്ടുകളിലെ വെള്ളം കൃത്യമായ മാനദണ്ഡങ്ങൾക്കനുസൃതമായി ഘട്ടംഘട്ടമായി തുറന്നുവിടുന്നതിനാൽ അക്കാര്യത്തിൽ ആശങ്കയ്ക്കിടമില്ല. തൃശൂരിലെ പൊരിങ്ങൽക്കുത്ത് അണക്കെട്ടിൽ ബ്ലൂ അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ മഴ ശക്തമായി തുടരുകയാണെങ്കിൽ വെള്ളം തുറന്നുവിടേണ്ടിരുമെന്നും മന്ത്രി അറിയിച്ചു. ഇടുക്കി ജില്ലയിലെ നാല് അണക്കെട്ടുകൾ ചെറിയ രീതിയിൽ തുറന്നുവിടാൻ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. കുട്ടനാട് പ്രദേശങ്ങളിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വികരിച്ചിട്ടുണ്ട്.

മഴ ശക്തമായി തുടരുന്ന ഇടുക്കി, കോട്ടയം, വയനാട്, കണ്ണൂർ പ്രദേശങ്ങളിൽ ഉൾപ്പെടെ മലയോര മേഖലകളിലൂടെയുള്ള അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കണം. 10 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ കുട്ടികൾ കുളിക്കാനും മീൻപിടിക്കാനുമൊക്കെയായി പുഴകളിലും കുളങ്ങളിലും മറ്റും ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജാഗ്രത വേണം.

മഴക്കെടുതികളുമായി ബന്ധപ്പെട്ട് പഴയ ചിത്രങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി വളർത്തുന്ന കേസുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരക്കാർക്കെതിരേ കർശന നടപടിയുണ്ടാകും. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നല്ലാതെയുള്ള ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കണം.