Wayanad became the first district to ensure authentic documents for all scheduled castes

64,670 ഗുണഭോക്താക്കൾക്ക് 1,42,563 സേവനങ്ങൾ

22,888 രേഖകൾ ഡിജി ലോക്കറിൽ

മുഴുവൻ പട്ടികവർഗ്ഗക്കാർക്കും ആറ് ആധികാരിക രേഖകൾ ഉറപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും 3 നഗരസഭകളിലും നടത്തിയ അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യൂമെന്റ് ഡിജിറ്റലൈഷേൻ (എ.ബി.സി.ഡി) പദ്ധതി വഴിയാണ് ജില്ല ചരിത്രനേട്ടം കൈവരിച്ചത്. റേഷൻകാർഡ്, ആധാർകാർഡ്, ഇലക്ഷൻ ഐ.ഡി കാർഡ്, ജനന സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇൻഷൂറൻസ് എന്നിങ്ങനെ ആറ് പ്രധാന രേഖകളാണ് ഗുണഭോക്താക്കൾക്ക് ക്യാമ്പുകളിലൂടെ ലഭ്യമായത്. പരമാവധി രേഖകൾ ഡിജിറ്റലൈസ് ചെയ്ത് ഡിജി ലോക്കറിൽ സൂക്ഷിക്കുകയും ചെയ്തു.ജില്ലാ ഭരണഭൂടം, പട്ടികവർഗ വികസന വകുപ്പ്, ഐ.ടി വകുപ്പ് എന്നിവയുടെ സംയുക്ത പദ്ധതിയായണ് പട്ടികവർഗ്ഗക്കാർക്ക് ആധികാരിക രേഖകൾ ഉറപ്പുവരുത്തുകയും തിരുത്തലുകൾ ആവശ്യമായവയിൽ തിരുത്ത് വരുത്തി രേഖകൾ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കുകയും ചെയ്യുന്ന സമഗ്ര ക്യാമ്പയിൻ ആവിഷ്‌കരിച്ച് നടപ്പാക്കിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂർണ സഹകരണത്തോടെയുള്ള പദ്ധതി ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണ്. ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലും നടന്ന ക്യാമ്പുകളിലൂടെ 1,42,563 സേവനങ്ങളാണ് പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് ലഭ്യമായത്. ആകെ 64,670 പേർ ഗുണഭോക്താക്കളായി.26 ക്യാമ്പുകൾ; 1,42,563 സേവനങ്ങൾ2021 നവംബറിൽ തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ എ.ബി.സി.ഡി ക്യാമ്പയിന്റെ അവസാന ക്യാമ്പ് 2023 ജനുവരി 18 ന് തരിയോട് ഗ്രാമപഞ്ചായത്തിലായിരുന്നു. 2022 ന് ഒക്ടോബർ 16 ന് നടന്ന ചടങ്ങിൽ വെച്ച് തൊണ്ടർനാടിനെ, മുഴുവൻ പട്ടികവർഗക്കാർക്കും ആധികാരിക രേഖകൾ നൽകി ഡിജിറ്റലൈസ് ചെയ്ത സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഇതിൽ 100 ശതമാനം നേട്ടം കൈവരിച്ച പഞ്ചായത്തായി വൈത്തിരിയെയും പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണങ്ങൾ കാരണം കുറച്ച് കാലത്തേക്ക് ക്യാമ്പുകൾ നിർത്തേണ്ടി വന്നെങ്കിലും 2022 ഓഗസ്റ്റിൽ പുനരാരംഭിച്ചാണ് ആറു മാസത്തിനകം പദ്ധതി പൂർത്തിയാക്കിയത്.

ജില്ലയിൽ മുഴുവൻ ഗ്രാമപഞ്ചായത്തുകളും നഗരസഭകളിലുമായി നടന്ന 26 ക്യാമ്പുകളിലൂടെ 1,42,563 സേവനങ്ങളാണ് 64,670 പേർക്ക് ലഭിച്ചത്. 15,796 കുടുംബങ്ങൾക്കാണ് ക്യാമ്പുകളിലൂടെ റേഷൻ കാർഡുകൾ ലഭ്യമായത്. 31,252 പേർക്ക് ആധാർ കാർഡുകൾ കിട്ടി. 11,300 ജനന- മരണ സർട്ടിഫിക്കറ്റുകൾ. 22,488 തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ, 7258 ബാങ്ക് അക്കൗണ്ടുകൾ, 2337 ആരോഗ്യ ഇൻഷൂറൻസ് കാർഡുകൾ, ഡിജി ലോക്കർ സേവനം- 22,888, ഇ- ഡിസ്ട്രിക് സേവനം – 12797, പെൻഷൻ – 1379, മറ്റ് സേവനങ്ങൾ 7278 എന്നിങ്ങനെയാണ് സ്വന്തമായ രേഖകളുടെയും സേവനങ്ങളുടെയും കണക്കുകൾ. ആകെ സേവനങ്ങളിൽ 11,175 പേർക്കായി 17,385 സേവനങ്ങൾ നൽകിയത് അക്ഷയയുടെ ഗോത്രസൗഹൃദ കൗണ്ടറുകൾ വഴിയാണ്.ഡിജിറ്റൽ ലോക്കറിൽ 22888 രേഖകൾ സുരക്ഷിതംപലതവണയായി ലഭിച്ച രേഖകൾ സൂക്ഷിക്കാനുള്ള സൗകര്യക്കുറവ് ആദിവാസി കുടുംബങ്ങൾക്ക് വെല്ലുവിളിയായിരുന്നു.

അറിവില്ലായ്മയും പ്രകൃതിക്ഷോഭം, അഗ്നിബാധ മുതലായ കാരണങ്ങളാലും മുൻകാലങ്ങളിൽ ലഭിച്ച രേഖകളിൽ പലതും ഇവർക്ക് നഷ്ടമായിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് ഡിജിറ്റൽ ലോക്കർ സൗകര്യം പ്രായോജനപ്പെടുത്താൻ ജില്ലാഭരണകൂടം തീരുമാനിച്ചത്. 22,888 ഡിജിറ്റൽ ലോക്കറിലായി ഇവരുടെ രേഖകൾ ഇപ്പോൾ സുരക്ഷിതമാണ്.ലോക്കർ പാസ്സ്വേഡ് ഉപയോഗിച്ച് ഏതുകാലത്തും രേഖകൾ തുറന്നെടുക്കാവുന്ന വിധത്തിൽ സജ്ജീകരിച്ചതോടെ വരും കാലങ്ങളിൽ സർക്കാരിന്റെ വിവിധ ധനസഹായ പദ്ധതികൾക്കിടയിൽ നിന്നും മതിയായ രേഖകളില്ലാത്തതിനാൽ പുറത്താകേണ്ടി വരുന്ന സാഹചര്യം ഉണ്ടാകില്ല. അതിനാൽതന്നെ ആയിരക്കണക്കിന് ആദിവാസികൾക്ക് ഓരോ എ.ബി.സി.ഡി ക്യാമ്പുകളും ആശ്വാസവും ആത്മവിശ്വാസവും പകർന്നാണ് സമാപിച്ചത്.മൊബൈൽ നമ്പറുള്ള എല്ലാവരുടെയും രേഖകൾ ഡിജിലോക്കറിൽ സുരക്ഷിതമാണ്.

ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും ഫോണുണ്ടെങ്കിൽ എല്ലാവരുടെയും രേഖകൾ അതിൽ സൂക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. മൊബൈൽ നമ്പർ ഇല്ലാത്തവരുടെ കാര്യത്തിൽ ബയോമെട്രിക് സംവിധാനത്തിലൂടെ രേഖകൾ വീണ്ടെടുക്കാനുള്ള സാധ്യത ആധാർ അധികൃതരുമായി കത്തിടപാടുകൾ നടത്തിവരുന്നു.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടികവർഗ ജനസംഖ്യയുള്ള വയനാട് ജില്ലയിൽ ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും തികഞ്ഞ ഏകോപനത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്. ഓരോ പഞ്ചായത്തിലും രണ്ടു മുതൽ നാല് ദിവസം വരെ നീണ്ട ക്യാമ്പുകൾ എല്ലാവിധ സന്നാഹങ്ങളോടെയും സജ്ജീകരിച്ച് പകലന്തിയോളം ഉദ്യോഗസ്ഥർ ഇരുന്നാണ് രേഖകൾ നൽകിയത്. ഗുണഭോക്താക്കളെ അവരുടെ വീടുകളിൽ പോയി കൊണ്ട് വന്ന് ഭക്ഷണവും ആവശ്യമായ സൗകര്യങ്ങളും ഒരുക്കി എല്ലാ രേഖകളും ലഭ്യമാക്കി വീടുകളിൽ തിരിച്ചെത്തിച്ച പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണ്.

സംസ്ഥാനതലത്തിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ പല ജില്ലകളിലും ഇപ്പോൾ പുരോഗമിക്കുന്നുണ്ട്. ലഭ്യമാക്കിയ രേഖകൾറേഷൻ കാർഡ് 15796ആധാർ 31252ജനന സർട്ടിഫിക്കറ്റ് 11300ഇലക്ഷൻ ഐ.ഡി 22488ബാങ്ക് എക്കൗണ്ട് 7258വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 7790ഡിജി ലോക്കർ 22888ആരോഗ്യ ഇൻഷുറൻസ് 2337ഇ-ഡിസ്ട്രിക്ട് സേവനം 12797പെൻഷൻ 1379മറ്റ് സേവനങ്ങൾ 7278ആകെ നൽകിയ സേവനങ്ങൾ 142563ആകെ ഗുണഭോക്താക്കൾ 64670റവന്യൂ, തദ്ദേശ സ്വയം ഭരണം, പട്ടികവർഗ്ഗ വികസനം, ആരോഗ്യം, സിവിൽ സപ്ലൈസ്, ഇലക്ഷൻ, ഐ.ടി മിഷൻ, അക്ഷയ കേന്ദ്രം, ലീഡ് ബാങ്ക്, പോസ്റ്റൽ വകുപ്പ്, കാരുണ്യ. കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ, പി.ഡബ്ലിയുഡി ഇലക്ട്രോണിക്‌സ്, നെഹ്‌റു യുവകേന്ദ്ര തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഒരോ തദ്ദേശ സ്ഥാപന പരിധിയിലും പട്ടിക വർഗ്ഗക്കാർക്കായി ക്യാമ്പുകൾ നടത്തിയത്.

ജനപ്രതിനിധികൾ വഴിയും പട്ടികവർഗ്ഗ പ്രൊമോട്ടർ, സാമൂഹിക സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെയാണ് ആദിവാസി കോളനികൾ തോറും കയറി രേഖകൾ ഇല്ലാത്തവരെ കണ്ടെത്തി ക്യാമ്പിലെത്തിച്ചത്. രേഖകൾ ലഭ്യമാക്കുന്നതിന് ഓരോ വകുപ്പുകളും പ്രത്യേകം കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. അക്ഷയകേന്ദ്രങ്ങൾ ഗോത്ര സൗഹൃദ കണ്ടറുകളും ഒരുക്കി. ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുളള മേൽനോട്ടവും ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിക്ക് തുക വകയിരുത്തിയതും ക്യാമ്പുകളുടെ വിജയകരമായ നടത്തിപ്പിന് സഹായകരമായി.