റവന്യൂ മന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ റവന്യൂ വകുപ്പ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഏത് അടിയന്തര സാഹചര്യത്തിലും സഹായത്തിനായി റവന്യൂ മന്ത്രിയുടെ തുരുവനന്തപുരത്തെ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ച കണ്‍ട്രോള്‍ റൂമിലെ 8078548538 എന്ന നമ്പറില്‍ വിളിക്കാം. മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണ് കുതിര്‍ന്ന അവസ്ഥയുണ്ട് അതിനാല്‍ മലയോര മേഖലയില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ജില്ലാ കലക്ടര്‍മാര്‍, ഫയര്‍ഫോഴ്സ്, ദുരന്തനിവാരണ അതോറിറ്റി എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാറ്റിന്റെ ശക്തി കൂടി വരുന്ന സാഹചര്യത്തില്‍ കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവര്‍ക്ക് ഫിഷറീസ് വകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കണം. അപകടസാധ്യതയുള്ള മലയോര മേഖലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ ഒഴിവാക്കണം.

സംസ്ഥാനത്ത് നാല് ലക്ഷം ആളുകളെ പാര്‍പ്പിക്കാന്‍ കഴിയുന്ന 3000 ഷെല്‍ട്ടര്‍ കേന്ദ്രങ്ങള്‍ സജ്ജമാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലേജ് ഓഫീസര്‍മാര്‍ക്ക് 25000 രൂപ അനുവദിച്ചിട്ടുണ്ട്. ദുരന്തനിവാരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ, താലൂക്ക്, തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.

ശക്തമായ മഴ മുന്‍നിര്‍ത്തി കോഴിക്കോട്, വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ദേശീയ ദുരന്തനിവാരണസേനയുടെ ഓരോ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. മലപ്പുറം, കോട്ടയം, കൊല്ലം, എറണംകുളം ജില്ലകളില്‍ എന്‍ഡിആര്‍എഫ് സംഘം എത്തും.