ലഹരിവസ്തുക്കൾ കണ്ടെത്താൻ അതിർത്തികളിൽ റെയിഡ് നടത്തും

ലഹരിവസ്തുക്കൾ കണ്ടെത്താൻ അതിർത്തികളിൽ റെയിഡ് നടത്തും

*സ്‌കൂൾ, കോളേജ് ബസ് സ്റ്റോപ്പുകളിൽ പട്രോളിംഗ് ശക്തമാക്കും

ലഹരിവസ്തുക്കൾ കണ്ടെത്താൻ സംസ്ഥാന അതിർത്തികളിൽ റെയിഡും സ്‌കൂൾ, കോളേജ് ബസ് സ്റ്റോപ്പുകളിൽ പട്രോളിംഗും ശക്തമാക്കാൻ നിർദ്ദേശം. മുഖ്യമന്ത്രി അദ്ധ്യക്ഷനായി ലഹരിവിരുദ്ധ പ്രചരണത്തിന് രൂപീകരിച്ച സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം. അതിർത്തികളിൽ പോലീസ്, എക്സൈസ്, ഫോറസ്റ്റ് എന്നിവർ ചേർന്ന് റെയിഡ് നടത്തും.

ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 2ന് സംസ്ഥാനത്തുടനീളം നടത്തും. ക്യാമ്പയിന്റെ ഗൗരവം ഉൾക്കൊണ്ട് മുഴുവൻ ജനവിഭാഗങ്ങളും മുന്നോട്ടു വരണം.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രത്തിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. ഉദ്ഘാടന പ്രസംഗം കേൾപ്പിക്കാനുള്ള സംവിധാനം ഓരോ കേന്ദ്രത്തിലും തയ്യാറാക്കണം. അതത് പ്രദേശത്തെ ജനപ്രതിനിധികൾ, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികൾ, കലാകായിക പ്രതിഭകൾ തുടങ്ങി പരമാവധിപേരുടെ പങ്കാളിത്തം ഉറപ്പാക്കണം. വിദ്യാലയങ്ങൾക്ക് അവധിയാണെങ്കിലും പരിപാടി നടത്തുന്നതിനുള്ള നടപടിയുണ്ടാവണം. ഉദ്ഘാടന പരിപാടിയുടെ പ്രചരണം വ്യാപകമായി നടത്തണം. തദ്ദേശ സ്ഥാപനതല/ വാർഡ്തല/ വിദ്യാലയസമതികൾ മുൻകൈയെടുത്ത് പ്രചരണ ബോർഡുകൾ സ്ഥാപിക്കണം.

ഒക്ടോബർ 3ന് വിദ്യാലയങ്ങളിലും കലാലയങ്ങളിലും ക്ലാസ്സ് മുറികളിൽ ലഹരിവിരുദ്ധ ചർച്ചയും സംവാദവും സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ പ്രസംഗം അന്ന് ക്ലാസ്സ് മുറികളിൽ കേൾപ്പിക്കണം. അതിന് സംവിധാനമില്ലാത്ത സ്‌കൂളുകളിൽ ഒരുമിച്ചുള്ള അസംബ്ലിയോ മറ്റോ സംഘടിപ്പിച്ച് പ്രസംഗം പ്രക്ഷേപണം ചെയ്യണം. ഒക്ടോബർ 6, 7 തീയതികളിൽ എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ/ എം.പി.ടി.എ/ വികസന സമിതി നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. ഒക്ടോബർ 8 മുതൽ 12 വരെ വ്യത്യസ്ത കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംവാദവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിക്കും. ലൈബ്രറികൾ, ഹോസ്റ്റലുകൾ, ക്ലബ്ബുകൾ, അയൽക്കൂട്ടങ്ങൾ, റസിഡൻസ് അസോസിയേഷൻ തുടങ്ങിയ ഇടങ്ങളിലാണ് സംവാദവും പ്രതിജ്ഞയും നടത്തുക.

പട്ടികജാതി/പട്ടികവർഗ്ഗ വിഗസന വകുപ്പിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ഒക്ടോബർ 2 മതുൽ 14 വരെയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തുന്ന പരിപാടികളിൽ ലഹരിവിരുദ്ധ പ്രചരണം ഉൾപ്പെടുത്തും. പട്ടികജാതി/പട്ടികവർഗ്ഗ സങ്കേതകങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്യാമ്പയിൻ പ്രത്യേകമായി നടത്തും. പ്രമോട്ടർമാർക്ക് ചുമതല നിശ്ചയിക്കും. കോളനികളിലെ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കണം.

അതിഥി തൊഴിലാളികൾക്കിടയിൽ തൊഴിൽ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ബോധവൽക്കരണവും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും നടത്തും. ഇതിന് ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിക്കും. ഒക്ടോബർ 15 മുതൽ 22 വരെ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. തീരദേശ മേഖലയിലെ വിവിധ സംഘടനകളുടെ യോഗം ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ചേരും. ഒക്ടോബർ 16 മുതൽ 24 വരെ തീരദേശമേഖലയിൽ ക്യാമ്പയിൻ സംഘടിപ്പിക്കും.

എല്ലാ വകുപ്പുകളുടെ നേതൃത്വത്തിലും വകുപ്പുകളുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ മുൻകൈയിലും ലഹരിവിരുദ്ധ പ്രചരണ പരിപാടികൾ ഇക്കാലയളവിൽ ഏറ്റെടുക്കണം. ഇതിനായി പ്രത്യേകം പരിപാടികൾ ആസൂത്രണം ചെയ്യണം.

കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഒക്ടോബർ 9ന് ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കണം. ഒക്ടോബർ 14 ന് ബസ് സ്റ്റാൻഡുകൾ, ചന്തകൾ, പ്രധാന ടൗണുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിക്കണം. ഒക്ടോബർ 16ന് വൈകുന്നേരം 4 മുതൽ 7 വരെ സംസ്ഥാനത്തെ എല്ലാ വാർഡുകളിലും ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കും. ഒക്ടോബർ 24 ന് ദീപാലിയോടനുബന്ധിച്ച് വീടുകളിൽ ഉൾപ്പെടെ ലഹരിവിരുദ്ധ ദീപം തെളിയിക്കൽ നടത്താവുന്നതാണ്. ഗ്രന്ഥശാലകളിൽ ഒക്ടോബർ 23, 24 തീയതികളിൽ പ്രത്യേകം പരിപാടികൾ നടത്തും.

സ്‌കൗട്ട് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ഒക്ടോബർ 25 മുതൽ നവംബർ 1 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 78 വിദ്യാഭ്യാസ ജില്ലകളിലൂടെ കടന്നുപോകുന്ന സൈക്കിൾ റാലി സംഘടിപ്പിക്കും. ഒക്ടോബർ 28ന് എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലും സൈക്കിൾ റാലികൾ സംഘടിപ്പിക്കും. ക്ലബ്ബുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും നടത്തും. സെലിബ്രിറ്റികൾ, പ്രമുഖ വ്യക്തികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ അണിചേരുന്ന കൂട്ടയോട്ടം പോലെയുള്ളവ സംഘടിപ്പിക്കും.

നവംബർ 1 ന് വൈകിട്ട് 3 മണിമുതൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ശൃംഖല നടത്തും. അതിനെത്തുടർന്ന് പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിക്കും. വിദ്യാലയങ്ങൾ ഇല്ലാത്ത വാർഡുകളിൽ ആ വാർഡിലെ പ്രധാന കേന്ദ്രങ്ങളിൽ പരിപാടി നടത്താവുന്നതാണ്. പദ്ധതിയുടെ പ്രചരണത്തിന് 30, 31 തീയതികളിൽ വിളംബര ജാഥകൾ വ്യാപകമായി നടത്തണം.

ജില്ലാ, തദ്ദേശ സ്വയംഭരണ, വാർഡ്, വിദ്യാലയതല സമിതികൾ സജീവമായി രൂപീകരിച്ചുവരുന്നുണ്ട്. സ്‌കൂൾതല സമിതികളിൽ പോലീസ്/എക്സൈസ് പ്രതിനിധികളെക്കൂടി പങ്കെടുപ്പിക്കും.

തിയേറ്ററുകളിൽ ലഹരി വിരുദ്ധ പരസ്യങ്ങൾ പ്രദർശിപ്പിക്കും. സമുഹമാധ്യമങ്ങൾ വഴി ശക്തമായ പ്രചരണം നടത്തും. വിവിധ ഭാഷകളിൽ പ്രചരണ ബോർഡുകൾ സ്ഥാപിക്കും. പരിപാടിക്ക് പിന്തുണ തേടി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം സെപ്തംബർ 27നും മാധ്യമ മാനേജ്മെന്റ് യോഗം 28നും മത, സാമുദായിക, സാമൂഹ്യ സംഘടനാ പ്രതിനിധിയോഗം 30 നും നടക്കും.