67069 licenses were issued at the state level during the year

2025 ഓടെ കേരളം അതിദരിദ്രരും ഭൂരഹിതരുമില്ലാത്ത നാടാകും

  മൂന്ന് വർഷം കൊണ്ട് ഭൂരഹിതരും അതിദരിദ്രരുമില്ലാത്ത കേരളം പടുത്തുയർത്തുകയാണ് സർക്കാരിന്റെ ലക്‌ഷ്യം. 62,100 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചു. ഈ ലക്ഷ്യം 2023ഓടെ പൂർത്തീകരിക്കും. 2025 നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത നാടായി കേരളം മാറും.

സംസ്ഥാനത്ത് ഈ വർഷം 40,000 പട്ടയം നൽകാനാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും 67,069 പേരെ ഭൂമിയുടെ അവകാശികളാക്കാൻ കഴിഞ്ഞു. രണ്ടുവർഷത്തിനിടെ സർക്കാർ 1,21,604 പട്ടയം വിതരണം ചെയ്തു. നിയോജകമണ്ഡലം അടിസ്ഥാനത്തിൽ പട്ടയം ലഭിക്കാത്ത ആളുകളുടെ പട്ടിക തയ്യാറാക്കുകയാണ്. പട്ടയ മിഷൻ വഴി പട്ടയങ്ങൾ നൽകാനുള്ള നടപടി സർക്കാർ സ്വീകരിച്ച് വരികയാണ്.

ലൈഫ് മിഷന്റെ ഭാഗമായി മൂന്നര ലക്ഷത്തോളം വീടുകൾ യാഥാർത്ഥ്യമായി. 40,000 വീടുകൾ നിർമ്മാണത്തിനായി കരാർ നടപടി സ്വീകരിച്ചു. 60,000 വീടുകൾ പൂർത്തീകരണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ജനങ്ങൾ സർക്കാരിലർപ്പിക്കുന്ന വിശ്വാസം പ്രാവർത്തികമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ആദിവാസി വിഭാഗക്കാരുടെ ഭൂമി പ്രശ്നത്തിൽ ഗൗരവമായ ഇടപെടലാണ് സർക്കാർ നടത്തുന്നത്. ഇതിന്റെ ഭാഗമായി 70,000 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കി. വനഭൂമി, ആദിവാസി പട്ടയങ്ങൾ കാലതാമസം കൂടാതെ നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. എല്ലാ ആദിവാസി വിഭാഗങ്ങൾക്കും സ്വന്തമായി ഭൂമി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ .

ചരിത്രത്തിൽ ആദ്യമായി ഇന്റഗ്രേറ്റഡ് പോർട്ടൽ കേരളത്തിലെ 15 വില്ലേജുകളിൽ ജൂലൈ മാസത്തോടെ നിലവിൽ  വരും. റവന്യു, സർവ്വേ, രജിസ്ട്രേഷൻ വകുപ്പുകളുടെ സംയുക്ത പോർട്ടലായ എന്റെ ഭൂമി വഴി അർഹരായ എല്ലാവർക്കും പട്ടയ മിഷനിലൂടെ ജൂണിൽ പട്ടയം നൽകും. അനധികൃതമായും അനർഹരായി ഭൂമി കൈവശം വക്കുന്നവരിൽ നിന്നും ഭൂമി പിടിച്ചെടുക്കാനുള്ള കർശന നടപടി സ്വീകരിക്കാൻ മടിയില്ലാത്ത സർക്കാരാണിത്. പിടിച്ചെടുത്ത ഭൂമി അർഹരായ ഭൂരഹിതർക്ക് നൽകാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. കേരളത്തിന്റെ ഭൂവിതരണത്തിൽ അത്ഭുതകരമായ മുന്നേറ്റമാണ് സർക്കാർ നടത്തുന്നത്.